സീബ്രാലൈന്‍
Feb 25, 2009
സീബ്രയെ കാണുംനേരം
കറുപ്പും വെളുപ്പും വര
മുറിച്ചുകടക്കാന്‍
ഉള്ള്‌ തുടിക്കും.

രണ്ടുപാടും നോക്കും,
മാന്‍കൂട്ടം ഓടിവരുന്നോ
സിംഹം വാപിളര്‍ത്തുന്നോ
കുരങ്ങന്‍ ചാടിവീഴുന്നോ
ഒറ്റയാനിറങ്ങുന്നോ...

തടുത്തുനിര്‍ത്താനാവാത്ത
തിടുക്കത്തിലേക്കും
ഇടംവലം നീളുന്ന പേടിയിലേക്കും
ഒന്നുമറിയാത്ത നില്‍പാകും,
സീബ്ര.

പുല്ല്‌ തിന്നും,
എക്സിക്യൂട്ടീവിന്‍റെ
തേച്ചുനിവര്‍ത്തിയണിഞ്ഞ
മിനുക്കത്തില്‍ സ്വയം ഭോഗിച്ചും
എന്നെയങ്ങുപേക്ഷിക്കും.

ഇടത്തുനിന്ന്‌
കാട്ടുപോത്ത്‌
കൊമ്പുകുലുക്കിയെത്തുമ്പോള്‍,
വലത്തുനിന്ന്‌
പെരുംപാമ്പിഴഞ്ഞടുക്കുമ്പോള്‍
സീബ്രക്കുമാവാമല്ലൊ,
സ്വന്തം വരകൊണ്ട്‌
ഒരു നിമിഷം തടുത്തുനിര്‍ത്തുവാന്‍;
എനിക്കൊന്ന് മുറിച്ചുകടക്കാന്‍...

മനുഷ്യപ്പറ്റില്ലാത്ത ജന്തു...

മക്കള്‍
സ്ക്കൂള്‍ ഗേറ്റില്‍
കാത്തുനിന്ന് പേടിക്കുന്നുണ്ടാവും
ഇന്നും വഴി തെറ്റിയോയെന്ന്
വീട്ടുകാരി
മൂക്ക്‌ ചുവപ്പിക്കുന്നുണ്ടാവും

രണ്ടുകാലില്‍
തരിച്ചുനില്‍ക്കുന്നത്‌ കണ്ടിട്ടാവും
സീബ്ര
തലകുടഞ്ഞ്‌ ചിരിച്ചു.

വെളുത്ത മുയലുകളെന്ന്
കുട്ടികള്‍
തൊട്ടടുത്ത കൂട്ടിലേക്കോടുമ്പോള്‍,
വെള്ളവരകള്‍ മാഞ്ഞുപോകുന്നതും
ഇരുട്ട്‌ പോലെ
സീബ്ര
കറുത്ത്‌ നില്‍ക്കുന്നതും
ഞാന്‍ മാത്രം കണ്ടു.


 

 
9വായന:
 • Blogger ...പകല്‍കിനാവന്‍...daYdreamEr...

  ചുമ്മാ ടി വി ടെ മുന്നിലിരുന്നു സമയം കളയാതെ പിള്ളാരെ പോയി വിളിച്ചു കൊണ്ട് വാ നസീറേ..!
  എന്നാ പരൂഷ കഴിയുന്നെ? (മക്കളുടെ )

  കൊള്ളാട്ടോ ഈ വരകള്‍ക്കിടയിലുള്ള മുറിച്ചു കടക്കം.. !

   
 • Blogger വേറിട്ട ശബ്ദം

  very good

   
 • Blogger Prayan

  ചുകന്നു തിളങ്ങുന്ന കണ്ണൂള്ളവന്‍ പച്ചച്ചിരി ചിരിച്ചില്ലെ...?

   
 • Blogger രണ്‍ജിത് ചെമ്മാട്.

  "ഇരുട്ട്‌ പോലെ
  സീബ്ര
  കറുത്ത്‌ നില്‍ക്കുന്നതും
  ഞാന്‍ മാത്രം കണ്ടു."

  ആരും കാണാത്ത കാഴ്ച!!

   
 • Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

  മലര്‍ന്നു കിടന്ന
  കറുത്ത പുഴ
  മുറിച്ചു കടക്കുമ്പോള്‍
  കരയില്‍ നിന്നിരുന്നു.

  തെറിച്ചു വീണ്
  ചതഞ്ഞരഞ്ഞ്
  ചുവന്ന പുഴയില്‍
  മുങ്ങിത്താണപ്പോള്‍

  ചതിച്ചതാരാണ്?
  ശരിക്കും അവിടെ
  സീബ്രയുണ്ടായിരുന്നോ?

   
 • Blogger Thallasseri

  ഈ വേറിട്ട ആലോചന വളരെ നന്നായിരിക്കുന്നു. അതെ, അതു തന്നെയാണ്‌ കവിതയില്‍ വേണ്ടത്‌.

   
 • Blogger kaviurava

  ഇടത്തുനിന്ന്‌
  കാട്ടുപോത്ത്‌
  കൊമ്പുകുലുക്കിയെത്തുമ്പോള്‍,
  വലത്തുനിന്ന്‌
  പെരുംപാമ്പിഴഞ്ഞടുക്കുമ്പോള്‍വെളുപ്പില്‍ നിന്ന്,
  പുതു കവിതയുടെ
  കറുപ്പിലേക്ക്‌
  ഒരെടുത്തുചാട്ടം.....

   
 • Anonymous k.c.alavikutty

  ഇടത്തുനിന്ന്‌
  കാട്ടുപോത്ത്‌
  കൊമ്പുകുലുക്കിയെത്തുമ്പോള്‍,
  വലത്തുനിന്ന്‌
  പെരുംപാമ്പിഴഞ്ഞടുക്കുമ്പോള്‍ വെളുപ്പില്‍ നിന്ന്,
  പുതു കവിതയുടെ
  കറുപ്പിലേക്ക്‌
  ഒരെടുത്തുചാട്ടം.....

   
 • Anonymous k.c.alavikutty

  ഇടത്തുനിന്ന്‌
  കാട്ടുപോത്ത്‌
  കൊമ്പുകുലുക്കിയെത്തുമ്പോള്‍,
  വലത്തുനിന്ന്‌
  പെരുംപാമ്പിഴഞ്ഞടുക്കുമ്പോള്‍ വെളുപ്പില്‍ നിന്ന്,
  പുതു കവിതയുടെ
  കറുപ്പിലേക്ക്‌
  ഒരെടുത്തുചാട്ടം.....

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007