ഭ്രാന്ത്‌
Mar 2, 2009
അത്‌
ജീവിതത്തെക്കുറിച്ച്‌ തന്നെയായിരിക്കുമെന്ന്‌
വീട്‌ കെട്ടിപ്പെറുക്കി വെച്ചിരിക്കും
പഴയ തകരപ്പെട്ടികള്‍
മരക്കസേരകള്‍
ചൊല്ലിമുഷിഞ്ഞ ഭാഗവതം
ഫ്രെയിമുപേക്ഷിച്ച ഫോട്ടോ

നീ ഇത്ര പഴകിയോ,
വളച്ചുകെട്ടിയ മുറ്റത്തേക്ക്‌
നദി വറ്റി വറ്റി വന്നുകയറും
കെട്ടിപ്പിടിക്കുമ്പോള്‍ പൊള്ളും
പുല്ല്‌ കിളിര്‍ക്കുന്ന കാലത്തെക്കുറിച്ച്‌
കടങ്കഥ പറഞ്ഞ്‌ കളിക്കും.

അടുക്കളപ്പുറത്ത്‌ നിന്ന്‌
ഉലക്ക എത്തിനോക്കും
ഉരലിനോടെന്തോ പറയും.

പഴകിപ്പോയതല്ലേ
ഇങ്ങിനെയൊക്കെയേ അറിയൂ
ഒളിഞ്ഞും,മാഞ്ഞും...

കയ്യാലപ്പുറത്ത്‌
ഉഷ്ണിച്ച തേങ്ങകള്‍
കണ്ണെത്താത്ത തെങ്ങിന്‍പറമ്പുകളോര്‍ത്ത്‌
ഒച്ചയില്‍ വിളിച്ചുപറയും
ഭ്രാന്താ...
ചങ്ങലയില്‍ കിടന്നുള്ള വിളിയാ

പടിഞ്ഞാറേ തൊഴുത്തില്‍
പേറ്റ്‌നോവ്‌ തുടങ്ങും
അമറലാണ്‌,
പാവം.
റാന്തലും കത്തിച്ച്‌ കാവലിരിക്കും
മുത്തച്ഛനാണ്‌
കുറുക്കന്‌ പോലും പേടിയാണ്‌.

ആരുമില്ലാത്തതല്ലേ
ആരെങ്കിലും വേണ്ടേ...

നീയിതൊന്നുമറിയേണ്ട,
മാവും,പ്ളാവുമൊക്കെ
കായ്ച്‌ നില്‌പാ
അറ നിറച്ച്‌ വെച്ചിട്ടുണ്ട്‌
ഒക്കെ നിനക്കാ

എന്താ പറ്റിയതെന്നോ
ഏതു കാലത്താണെന്നോ
നീയതൊന്നും അറിയണ്ട.

തിരിച്ചുപോകുമ്പോള്‍
നദിക്ക്‌
എന്തൊരൊഴുക്കാ...

ഉരലും,ഉലക്കയും
കയ്യാലയും തെങ്ങിന്‍പറമ്പും
തൊഴുത്തും നാല്‍ക്കാലികളും
മാവും പ്ളാവും അറയും
ഒക്കെ ഒലിച്ചുപോയി

ഒരു വെള്ളപ്പൊക്കകാലത്താ...


 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007