സ്ക്കൂള്‍ മണി
Apr 25, 2009
1

വഴിക്കണക്ക് തെറ്റിച്ചതിന്
പുറത്താക്കപ്പെട്ട യശോധരന്‍
അച്ഛനെ കൂട്ടാന്‍ പോയതാണ്
തിരിച്ചുവരുവോളം വഴിയും നോക്കി
സ്ക്കൂളിന് കാത്തു നിന്നേ പറ്റൂ.
കാത്തുകാത്ത് മടുക്കുമ്പോള്‍ ക്‌ളാസ്സ് മുറികള്‍‌ക്ക്
മുറ്റത്തിറങ്ങിയിരുന്ന് തുമ്പയിട്ടു കളിക്കാം
ഒറ്റമണിയടിച്ചും
കൂട്ടമണിയടിച്ചും
അകത്തേക്കും പുറത്തേക്കും ഓടിച്ചാടാം.

കണക്കിനു മാത്രമല്ല
കാത്തുനില്പിനും വഴികളുണ്ടെന്ന്
കുട്ടികള്‍ തനിയെ പഠിച്ചോളും.

2

ഹാജര്‍ പുസ്തകത്തില്‍
ആമിനയുടെ പേര് കാണുന്നില്ല.
ആദ്യമണിക്ക് മുമ്പുതന്നെ ക്‌ളാസ്സിലെത്തുന്നുണ്ട്
മൂന്നാമത്തെ ബെഞ്ചില്‍ രണ്ടാമതിരിപ്പുണ്ട്
പുസ്തകവും,പേനയും,ചോറ്റുപാത്രവുമുണ്ട്
മണിമണിയായി പഠിക്കുന്നുണ്ട്
ഒപ്പനയ്ക്കും,തിരുവാതിരകളിക്കും
പേര് കൊടുത്തിട്ടുണ്ട്.
ഹാജര്‍‌പുസ്തകത്തില്‍ നിന്നു പറന്ന്
ആമിന
സ്ക്കൂള്‍ മുറ്റത്തെ ആഞ്ഞിലി മരത്തിലിരിപ്പുണ്ട്.

കുട്ടികള്‍ കിളികളാണെന്ന്
ചില മേഘങ്ങള്‍ സ്റ്റാഫ് റൂമിലുമെത്തും.

3

കോമളവല്ലി ടീച്ചറുടെ സാരിയും ഞൊറിയും
നോക്കി നില്‍ക്കുവാന്‍
സ്ക്കൂളിനെന്നും കൊതിയോടുകൊതിയാണ്.
ഓരോ ദിവസവും
ഓരോരോ നിറത്തിലാണ്
പല പൂക്കള്‍ കൊണ്ടാണ്
പലതരം കരകളിലാണ്.
സാരിക്കരയിലിരുന്ന് സ്ക്കൂള്‍ വരാന്ത
തിരകളെണ്ണുമ്പോള്‍
സയന്‍‌സ് ക്‌ളാസ്സില്‍ ആന്റണിമാഷ്
H2O കടലെന്ന് ജലത്തില്‍ ഉപ്പ് ചേര്‍‌ക്കും.
കണക്ക് ക്‌ളാസ്സില്‍ രാമനാഥന്‍ മാഷ്
10x10=നൂറോ ആയിരമോ എന്ന്
സംശയിച്ച് സംശയിച്ച്
ഭ്രാന്ത് പിടിച്ച് മുറ്റത്തേക്കിറങ്ങും
പ്യൂണ്‍ ഉച്ചമണിയടിക്കാന്‍ മറക്കും.

നോട്ട്‌പുസ്തകങ്ങളുടെ പുറംചട്ടകള്‍
സിനിമാനടികളുടെ ചിത്രത്തിലേക്ക്
ഒളിച്ചുകയറും.

4

ഹെഡ്‌മാസ്റ്റര്‍‌ക്ക് കടുപ്പത്തില്‍ വിത്തൌട്ടും
പപ്പടവടയും
ചന്ദ്രശേഖരന്‍ മാഷ്‌ക്ക് പാലുംവെള്ളവും
പരിപ്പുവടയും
ആനിടീച്ചര്‍‌ക്ക് കട്ടന്‍ കാപ്പി
ഡ്രില്‍‌മാഷ്‌ക്ക് ഏത്തപ്പഴവും പാലും...
ഇരട്ടമണിയടിക്കുമ്പോള്‍
ചായക്കട മരപ്പാലം കടന്ന്
സ്റ്റാഫ് റൂമിലേക്കോടും.
മൂത്രമൊഴിക്കാനും,വെള്ളം കുടിക്കാനും
ചാടിയോടും കുട്ടികളോട് കൂട്ടിയിടിച്ച്
കട്ടന്‍‌കാപ്പിയില്‍ പാല് കലരും
വിത്തൌട്ട് തോട്ടിലേക്ക് മറിയും
പപ്പടവട തവിടുപൊടിയാകും.

സ്വാതന്ത്ര്യസമരവും,റഷ്യന്‍ വിപ്‌ളവവും
പതിനഞ്ചു മിനിറ്റിനപ്പുറം
നീളില്ല.

5

ഞായറാഴ്ചയായാല്‍ സ്ക്കൂള്‍‌മണി
അതിരാവിലെ കുളിച്ചൊരുങ്ങിയിറങ്ങും.
ചായക്കടയില്‍ കയറി കുശലം പറയും
പത്രം മുഴുവന്‍ വായിച്ചു തീര്‍‌ക്കും
വെയില്‍ മൂക്കുവോളം
നാട്ടുവഴിയിലൊക്കെ
ഒച്ചയില്ലാതെ നടക്കും.
കുട്ടികളെല്ലാം ഉച്ചയാവോളം ഉറക്കമായതിനാല്‍
ആരെയും കണ്ടില്ലല്ലോയെന്ന് സങ്കടപ്പെട്ട്
തിരിച്ചു നടക്കുമ്പോളാവും
പ്യൂണ്‍ വേലായുധേട്ടന്‍ ആശ്വസിപ്പിക്കാനെത്തുക,
തോളത്ത് തലോടുക.

ഭൂമി ഉരുണ്ടതാണെന്നും
തിരിഞ്ഞുകൊണ്ടിരിക്കുകയാണെന്നും
ഞായറാഴ്ച രാത്രി
കുട്ടികള്‍ തന്നെ കണ്ടുപിടിക്കും


 

 
4വായന:
 • Blogger Mahi

  TO BE SELECTIVE

   
 • Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

  മാരാര്‍ മാഷ്
  മൂക്ക് പൊടിയെടുത്ത്
  ആഞ്ഞു വലിക്കും.
  വേലിക്കല്‍ നിന്ന്
  ഉറക്കെ വിളിക്കും,
  “അമ്മിണീ, ഒരു കപ്പ് കഞ്ഞിവെള്ളം“
  അപ്പുറത്തെ ക്ലാസ്സില്‍ നിന്ന്
  കോറസ്സുയരും
  “അമ്മിണീ, ഒരു കപ്പ് കഞ്ഞി വെള്ളം”

  (ഞാനെന്റെ യു പി സ്കൂളിലേക്ക് പോയി. അവിടെ ഇരുന്ന അവസാന് ബെഞ്ചും, പ്രിയ അദ്ധ്യാപകന്‍ മാരാര്‍ മാഷേയും ഓര്‍ത്തു. മാഷ് നുള്ളി കരുവാളിച്ച എന്റെ ഇടത്തേ തുട വേദനിക്കുന്നു)

   
 • Blogger ...പകല്‍കിനാവന്‍...daYdreamEr...

  നെല്ലിക്കയും മാങ്ങയും പുളിയും ദേ പറന്നു വരുന്നു..
  തുടയിലെ അടിയുടെ പാടുകളൊക്കെ തെളിഞ്ഞു വരുന്നു..
  എത്ര സുഖമുണ്ട് ഈ ഓര്‍മ്മകള്‍.. !

   
 • Blogger Prayan

  ക്ലാസ്സ്മുറി കളിക്കണ കണ്ട്വോണ്ടിരുന്നപ്പഴാ
  ആമിന വിളിച്ചത്...
  കൊത്തങ്കല്ല് കളിക്കാന്തൊടങ്ങ്യേപ്പളക്കതാ
  കോമളവല്ലിട്ടീച്ചറ് വരുന്നു
  പിന്നെ പരിപ്പ് വടെം ചായെം കട്ട്യോളും
  ഞായറാഴ്ച്യും സ്ക്കൂള്‍മണീം
  ഭൂമിയുരുണ്ടതാണ്ന്ന് മനസ്സിലായി.
  ഞനിപ്പൊ ഒന്നാം ക്ലസ്സിലെ ബഞ്ചിലാണ്.
  ആദ്യെപൂത്യേ തൊടങ്ങാന്‍....
  നന്ദി ഇവിടെ എത്തിച്ചത്ന്.....

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007