പിന്‍ബെഞ്ച്
May 2, 2009
എല്ലാ ക്ളാസ്സിലും കാണാമായിരുന്നു,
അറബിക്‌മാഷും മോളിടിച്ചറും പ്രേമത്തിലാണെന്ന്
ആനക്ക്‌ അഞ്ചുകാലാണെന്ന്
അല്ലെടാ,ഒന്നു മറ്റേതാണെന്ന്
ജൂപ്പിറ്റര്‍ ടാക്കീസില്‍ പടം മാറിയെന്ന്
ഒരു പിന്‍ബെഞ്ച്‌
നാലഞ്ചുപേര്‍ പിന്‍ബെഞ്ചില്‍.

പാഠപുസ്തകം കീറി റോക്കറ്റുണ്ടാക്കും
മാഷുടെ കഷണ്ടിയിലേക്ക്‌ വിക്ഷേപിച്ച്‌
ശ്രീഹരിക്കോട്ട കെട്ടും
അരിവാള്‍ ചുറ്റിക വരച്ച്‌ പാര്‍ട്ടിയോഫീസും
കുഴിയണ്ടി കളിച്ച്‌ കശുമാവിന്‍തോട്ടവുമാകും.

നാലുകാലും മുകളിലാക്കി ശിര്‍ഷാസനത്തില്‍ നില്‍ക്കും,
പിന്‍ബെഞ്ച്‌.
അതിനു മുകളില്‍ കയറി പട്ടം പറത്തും
കാറ്റിന്‌റെ ഗതി കണ്ടുപിടിക്കും
മേഘം കറുക്കുന്നതറിയും
മാഷേ,മഴ വരുന്നേ കൂട്ടമണിയടിച്ചോ എന്ന്
പിന്‍ബെഞ്ച്‌ നിന്നു തുള്ളും.
മാഷും ടീച്ചറും കുട്ടികളും കുടനിവര്‍ത്തിയിറങ്ങുമ്പോള്‍
പിന്‍ബെഞ്ച്‌ മാത്രം പനംതട്ടിക പൊക്കി
മഴയിലേക്ക്‌ എടുത്തുചാടും
മഴയില്‍ തിമിര്‍ത്ത്‌
മരത്തിലേക്ക്‌ തിരിച്ചു പോകും.

കാണാതായ പിന്‍ബെഞ്ചുകളാവണം
സ്ക്കൂള്‍പറമ്പില്‍ തണല്‍മരങ്ങളായി വളരുന്നത്‌.


 

 
7വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007