ഓണപ്പൂട്ട്
May 6, 2009
1

ഓണപ്പൂട്ടിനാണ്,
തിങ്കളിനും ചൊവ്വയ്ക്കുമിടയിലേക്ക്
ഞായര്‍‌ തിക്കിത്തിരക്കി വരുന്നത്
ബുധനാഴ്ചയ്ക്ക് പിറ്റേന്നും
ഞായറാഴ്ചയെത്തുന്നത്
എന്നും ഞായറാഴ്ചയാവുന്നത്.

പുസ്തകക്കെട്ട് മടിപിടിച്ച്
മലയും ചുമന്നിരിക്കും
അക്ഷരങ്ങള്‍ ഇറങ്ങിയോടും
പറമ്പ് മുഴുവന്‍ കിളച്ചുമറിക്കും
തോട്ടിലേക്ക് ചാടും
വയലിലേക്കൊഴുകി മായും.

വൈകുന്നേരമാകുമ്പോള്‍
ചേറില്‍ കറുത്ത് കയറിവരുമ്പോള്‍
അമ്മയുടെ മുഖമൊന്നു കാണണം...

ഇന്നെന്താ തിങ്കളാഴ്ചയാണോ?

2

ഓണപ്പൂട്ടിനാണ്,
പൂക്കള്‍‌ക്കെല്ലാം പേരുണ്ടായത്.
തുമ്പ വെള്ളയുടുപ്പിട്ട്
മുറ്റത്ത് തുള്ളിയത്
മുക്കുറ്റി മഞ്ഞപാവാടയില്‍
നാണക്കാരിയായത്
തെച്ചി ചോത്തുചോത്ത്
സുന്ദരിപ്പെണ്ണായത്.

പൂക്കള്‍‌ക്കൊന്നും
ആണ്‍‌കുട്ടികളുടെ പേരില്ലെന്ന്
പൂക്കളം കളിയാക്കും,
കരച്ചില്‍ വരും.
പൂക്കൂട നിറയെ പെണ്‍‌കുട്ടികളാണ്
കൂട്ടുകാരികളാണ്.
പെണ്‍‌കുട്ടികളോട് കൂട്ടുകൂടി നടക്കാന്‍
നാണമാവില്ലെ?
ആര്യവേപ്പ് ചോദിക്കും
നാവ് കയ്ക്കും.

തുമ്പ എന്ന പെണ്‍‌കുട്ടി
ഒരുമ്മ തരും.

3

ഓണപ്പൂട്ടിനാണ്,
തുമ്പികള്‍‌ക്ക് ചിറക് മുളച്ചതും
പൂമ്പാറ്റ ചിറകില്‍ ചിത്രം വിരിഞ്ഞതും.

തുമ്പികള്‍ കൂടെക്കൂടും
ചിറക് തരും
പൂമ്പാറ്റ
ചിത്രപുസ്തകം തരും
ഇലത്തുമ്പിലും മരച്ചില്ലയിലും
ഇരിക്കാനും
പറക്കാനും പഠിക്കും.

കുളിക്കാനുമുണ്ണാനും വിളിക്കുമ്പോള്‍
പറന്നു വന്നിരിക്കും
അമ്മയുടെ മടിയില്‍
തുമ്പികള്‍ പൂമ്പാറ്റകള്‍.


 

 
17വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007