ഹോം വര്‍ക്ക്
May 8, 2009
രാത്രിയായാല്‍ വീടുകളെല്ലാം
ഉറക്കെ വായിക്കുവാന്‍ തുടങ്ങും.
മലയാളത്തില്‍
ഹിന്ദിയില്‍
ഇം‌ഗ്‌ളീഷില്‍...
വ്യാകരണം തെറ്റുന്നതറിഞ്ഞ്
ഇരുട്ടില്‍ കണ്ണുരുട്ടി നിന്ന പൂച്ച
വാതില്‍‌പാളി നീക്കി എത്തിനോക്കും.
സാമൂഹ്യപാഠത്തിലെ
നാട്ടുരാജാക്കന്മാരുടെ പേരുകള്‍ കേട്ട്
കോഴികള്‍ കൂട്ടില്‍ കിടന്ന് ചിറകടിക്കും.
സയന്‍സിലെ
ഭൂഗുരുത്വാകര്‍‌ഷണത്തിന് കാതോര്‍‌ത്ത്
മരങ്ങള്‍ നിശ്ശബ്ദരാവും.

കോട്ടുവായിട്ട്
ഏടുകള്‍ മറിഞ്ഞുമറിഞ്ഞ് പോകുമ്പോള്‍
വിശക്കുന്നേയെന്ന് ഒരു പദ്യം
അടുക്കളയിലേക്കോടും.
എണ്ണഞ്ച് നാല്പതെന്ന് ഗുണനപ്പട്ടിക ചൊല്ലി
കണക്കിലൊരക്കം
അനിയത്തിയെ നുള്ളിക്കരയിക്കും
ചുവരിലിരുന്ന പല്ലി ചിരിച്ച് മറിയും
രാത്രി,വഴിതെറ്റി വന്ന തുമ്പി
അനിയത്തിയുടെ കണ്ണ് തുടയ്ക്കും.

സ്ക്കൂളിലപ്പോള്‍,
ഡസ്കിനു പുറത്ത് കാലും കയറ്റിവെച്ച്
ബെഞ്ചുകള്‍ കൂര്‍‌ക്കംവലി തുടങ്ങിയിട്ടുണ്ടാവും
കസേര
മേശപ്പുറത്ത് കയറിക്കിടന്നിട്ടുണ്ടാവും
ബോര്‍‌ഡില്‍ മായാതെ കിടന്ന അക്ഷരങ്ങള്‍
മിന്നാമിനുങ്ങുകളായി പറന്നിട്ടുണ്ടാവും.


 

 
11വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007