രണ്ടുവരക്കോപ്പി
May 9, 2009
രണ്ടുവരക്കോപ്പിയില്‍
ഉറക്കത്തിലെന്നെഴുതിയപ്പോള്‍
ഉറക്കെ എന്നായപ്പോഴാണ്
ഉസ്മാനെ ബെഞ്ചില്‍ കയറ്റി നിര്‍‌ത്തിയത്.

ഉയരത്തില്‍ നിന്ന് ഉസ്മാന്‍
കൂട്ടുകാരുടെ തലകളെണ്ണി
തലകള്‍ പെറുക്കി
വരി വരിയായി വെച്ചു.
ഒരു വരിയില്‍ ആണ്‍‌കുട്ടികളുടെ
പിന്നെ പെണ്‍‌കുട്ടികളുടെ...
രണ്ടു വരികള്‍ക്കിടയില്‍ ഉസ്മാന്‍
ഉറക്കെയെന്ന് പിന്നേയും തെറ്റിച്ചെഴുതി
ആരും കണ്ടില്ല.

രണ്ടുവരക്കോപ്പി തീവണ്ടിപ്പാളമാണെന്ന്
ഉസ്മാന്‍ പ്രസം‌ഗിക്കുവാന്‍ തുടങ്ങി.
പുക തുപ്പി കൂവിപ്പായുന്ന തീവണ്ടികള്‍
തീവണ്ടി നിറയെ കുട്ടികള്‍
പാളം തെറ്റുന്ന ബോഗികള്‍
തീവണ്ടിക്ക് മുമ്പില്‍ ചാടിച്ചാവുന്നവര്‍
പച്ചയും ചുവപ്പും കൊടികള്‍...
ആരും കേട്ടില്ല
കൈയടിച്ചില്ല.

ഉസ്മാന്റെ വീട്
തീവണ്ടിയാപ്പീസിന് താഴെ
പുക മൂടിവെച്ച ചേരിയിലായിരുന്നു.

ഉച്ചക്ക് മണിയടിച്ചപ്പോള്‍
ഉപ്പുമാവിനുള്ള കൂട്ടുകാരുടെ ഓട്ടം കണ്ട്
ഉസ്മാന്‍ ഉറക്കത്തില്‍ കിടന്ന്
ഉറക്കെത്തന്നെ ചിരിച്ചു.


 

 
10വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007