മഷിത്തണ്ട്
May 17, 2009
യുദ്ധങ്ങള്‍ക്കൊടുവില്‍
സാമ്രാജ്യങ്ങള്‍ രൂപപ്പെടുന്നതും
ചരിത്രം ലിപികളാവുന്നതും
ഇരുട്ടിലാവണം,
സ്‌ളേറ്റുകള്‍ കറുത്തു പോയതും
അങ്ങിനെയാവണം.

തറപറ കയറി ഇരുട്ടത്തെത്തിയ
കലാപങ്ങള്‍
മായാത്ത മരണങ്ങള്‍
അമര്‍‌ന്നു പോവാത്ത നിലവിളികള്‍...

സ്‌ളേറ്റ് കാണുമ്പോള്‍ പേടിയാകും.

ഇരുട്ടത്തിരുന്ന് വിറച്ചെഴുതും,
അപ്പുറമിപ്പുറം നോക്കിയാല്‍
പല സ്‌ളേറ്റില്‍
പല ഇരുട്ടില്‍
പരിഭ്രമിച്ച് നില്‍ക്കുന്നുണ്ടാവും
കൂട്ടുകാര്‍.
കറുത്ത ബോര്‍‌ഡില്‍
മറഞ്ഞിരിപ്പുണ്ടാവും ദൈവം.

കാലാള്‍‌പ്പട
കുതിരപ്പട
കപ്പല്‍
വിമാനം...
ശബ്ദങ്ങളില്‍ ഉലഞ്ഞ്
പിടിവിട്ടു പോകുമോ സ്‌ളേറ്റ്?
സൈനികന്റെ ശിരസ്സില്‍ കപ്പലോടും
കുതിരക്കുളമ്പുകള്‍‌ക്കിടയിലൂടെ വിമാനമിരമ്പും...
ഒന്നിച്ച് പിച്ചവെച്ചവന്റെ
ശിരസ്സറുക്കും
അയലത്തുള്ളവന്റെ
കൈ വെട്ടും
നടന്നു പോകുന്ന ആരെയോ
ആളുമാറി പിടിച്ചുകെട്ടും

പകച്ചിരുന്ന് എഴുതിയതൊക്കെയും
മഷിത്തണ്ടാല്‍ മായ്ച് കളയുമ്പോള്‍
ക്‌ളാസ്സുകള്‍ മാറി മാറിയിരിക്കുമ്പോള്‍
ഉള്ളിലുണ്ടാവും,
ജയിച്ചു കയറിയവന്റെ
ഒളിച്ചുവെച്ച ഇരുട്ട്.


 

 
8വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007