ഓട്ട
May 26, 2009
ഉറുമ്പുകള്‍ക്ക് ഓട്ടയുണ്ടായിരുന്നു
ഒളിച്ചുപാര്‍ക്കാന്‍.
മണ്ണിരയും മണ്ണട്ടയും
പാമ്പും കീരിയും പഴുതാരയും
എലിയും പുലിയും
ഓട്ടയ്ക്കുള്ളിലൊളിച്ചു.

മണ്ണിലും മരത്തിലും ആകാശത്തും
ഓട്ട തിരഞ്ഞ കുട്ടിക്കാലത്താണ്
അമ്മയുടെ മാറത്തൊരോട്ട കണ്ടത്
അച്ഛന്റെ മുതുകത്തൊരോട്ട കണ്ടത്
ആര്‍ക്കൊളിക്കുവാനാണാവോ,
കദീശുമ്മയുടെ തോടക്കാതിലോട്ട
ചായക്കാരന്‍ കുഞ്ഞോനേട്ടന്റെ കൈവെള്ളയിലോട്ട
സഖാവ് രാഘവന്റെ കണ്ണിലോട്ട
പരമേശ്വരന്‍ നമ്പൂതിരിയുടെ തലയിലോട്ട...

പാത്തും പതുങ്ങിയും നോക്കിയിട്ടും
ഉറക്കത്തില്‍ ഈര്‍ക്കില്‍ കൊണ്ട് തോണ്ടിയിട്ടും
പുറത്തുവന്നില്ല,
ഒളിച്ചിരുന്നതൊന്നും.

വളര്‍ന്നപ്പോള്‍ തെളിയുന്നുണ്ട്
ഓട്ടകളൊന്നൊന്നായ്
ഒളിക്കുന്നതറിയുന്നുണ്ട്
ഓട്ടയ്ക്കുള്ളിലോരോന്നായ്


 

 
7വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007