പുല്ല്
May 28, 2009
പുലരാന്‍ നേരത്തെന്നും
പുല്ല് പറിക്കുന്നവരെ കാണാം
റോഡരുകില്‍.

അഫ്ഘാനില്‍ നിന്ന്
പല വരമ്പ് മുറിച്ച്
ബംഗാളില്‍ നിന്ന്
നദി കടന്ന്
ആന്ധ്രയില്‍ നിന്ന്
തീവണ്ടിയില്‍ തൂങ്ങി
കൊണ്ടോട്ടിയില്‍ നിന്ന്
ബസ്സുകള്‍ മാറിക്കയറി
പുല്ല് പറിക്കാനെത്തിയവര്‍

അരുകിലൂടെ പാഞ്ഞുപോകും
കാറുകള്‍
ബസ്സുകള്‍
ട്രെയിലറുകള്‍...
കാണുന്നില്ലൊന്നും.
പുല്ലിലാണ് കണ്ണ്
മുറ്റമെന്നോര്‍‌ത്താണിരുപ്പ്
മോന്തിയാവുന്നോയെന്നുള്ള്

പറിച്ചുതീര്‍ക്കണം പുല്ലത്രയും
പണി തീര്‍ത്തിറങ്ങണം
കൂലി വാങ്ങി മടങ്ങണം
അന്തിയാവും മുമ്പെ
അഫ്ഘാനില്‍
ബംഗാളില്‍
ആന്ധ്രയില്‍
കൊണ്ടോട്ടിയില്‍
അരി വാങ്ങാനെത്തണം

കാത്തിരിപ്പുണ്ട്
എവിടെയുമൊരേ വീട്
അടുക്കള
അടുപ്പുകല്ല്


 

 
11വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007