മത്സ്യങ്ങള്‍ ഇണചേരുന്നതിനെക്കുറിച്ച് മൂന്ന് ഭാഷയില്‍
May 31, 2009
പുന്നയൂര്‍ക്കുളത്തെ
ഏതെങ്കിലുമൊരു തോട്ടുവക്കത്തിരുന്നിട്ടാവണം
ഒരു ബ്രാലിനോടൊപ്പം
ഒരുപാട്‌ കുട്ടികള്‍ ഓടിപ്പോകുന്നത്‌
അവള്‍ കണ്ടത്‌.

ആരുമറിയാതെ
മാധവിക്കുട്ടിയുടെ എന്‌റെ കഥ
അവളോര്‍ത്തിട്ടുണ്ടാവണം,
എന്‌റേതെന്ന്
തോടൊഴുക്കിനോട്‌
പറഞ്ഞിട്ടുണ്ടാവണം.

ആരെങ്കിലും കണ്ടോയെന്ന്
ജലകുമിളകളോട്‌
മുട്ടിയുരുമ്മിയിരിക്കണം

മത്സ്യക്കുഞ്ഞുങ്ങള്‍
അവളുടെ മുലക്കണ്ണിലേക്ക്‌
നീന്തിയെത്തിയിരിക്കണം...

അതേ നേരത്തു തന്നെയാവണം
ബംഗ്ളാദേശിലെ ഒരു തോട്ടില്‍
ബ്രാല്‍
മുപ്പത്‌ കുഞ്ഞുങ്ങളെ
ഒന്നിച്ച്‌ പെറ്റതും,
അമ്മയും മക്കളും
വഞ്ചി തുഴഞ്ഞതും.

മഴ വരുന്നേയെന്നോടിയ വേനലില്‍
അവള്‍,
ആ തോട്ടുവക്കത്ത്‌
തസ്ളീമാ നസ്റീനെ
ഓര്‍ക്കുകയായിരുന്നിരിക്കണം

വീട്ടിലേക്ക്‌ മടങ്ങാന്‍
ഒരു കടല്‍ തിരയുകയായിരുന്നിരിക്കണം

ആരുമറിയാതെ
ഒരു മത്സ്യമാവാന്‍
മോഹിച്ചിരിക്കണം.

നിങ്ങള്‍ വിശ്വസിച്ചോ എന്നറിയില്ല,

അതേ നേരത്തുതന്നെ
ശ്രീലങ്കയിലെ ഒരു തോട്‌
കടലിനെ മുറിച്ചു കടന്നിരിക്കണം

ആ തോട്ടുവക്കത്തും
അവളുണ്ടായിരുന്നിരിക്കണം

ബ്രാലും മക്കളും
ഉപ്പ്‌ തിന്ന്,
കടലാഴം കണ്ട്‌
മക്കള്‍ക്ക്‌ പലതരം പേരിട്ടിരിക്കണം...

ബ്രാലിന്‌
പണ്ടത്തെ രുചിയില്ലെന്ന്
ഏതെങ്കിലുമൊരു തോട്ടുവക്കത്തിരുന്ന്
ഞാനും നീയും
തിരയെണ്ണിയിരിക്കണം.

(ഒരു പഴയ കവിത)


 

 
2വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007