ആഴത്തില്‍
Jun 4, 2009
കിണറ്റിലേക്ക് നോക്കി നോക്കി
ആഴത്തിന് മുഖം
അത്രമേല്‍ പരിചിതമായിട്ടുണ്ടാവണം.
എപ്പോള്‍,എവിടെ വെച്ച് കണ്ടാലും
ജലം ചിരിക്കും
വിശേഷങ്ങള്‍ ഒന്നൊന്നായി
ചോദിച്ചറിയും
പഴയ കൂട്ടുകാരനെപ്പോലെ
തോളത്ത് കൈയിട്ട് നടക്കും.

കിണറ്റിലേക്ക് എത്തിനോക്കുമ്പോള്‍
ആഴത്തില്‍ കാണാം
വന്നല്ലൊ,മറന്നില്ലല്ലൊ എന്നെല്ലാം
ഒരോളം വെട്ടല്‍
എത്ര തിരക്കാണെന്ന് പറഞ്ഞാലും
പിടിച്ചിരുത്തും.
വെയിലത്തലഞ്ഞലഞ്ഞ് കറുത്തുപോയെന്ന്
തണുത്ത ജലമെടുത്ത് മുഖം നനയ്ക്കും
ഉറവയൂറ്റി കുടിക്കാനെടുക്കും
വെയിലെന്നും മഴയെന്നും വറ്റിയും നിറഞ്ഞും
കടങ്കഥ പറഞ്ഞെന്നെ
തീരാക്കടത്തില്‍ മുക്കും.

കിണറ്റിലേക്ക് നോക്കി നില്‍ക്കുമ്പോള്‍
കണ്ണെടുക്കാന്‍ തോന്നില്ല
നേരം പോകുന്നതറിയില്ല
ആഴത്തിലങ്ങിനെ നനഞ്ഞുകിടക്കും,മുഖം
എന്നെത്തന്നെ നോക്കി നോക്കി...


 

 
12വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007