ഗുരുവായൂര്‍-പൊന്നാനി (കോട്ടപ്പടി-കുണ്ടുകടവ് വഴി)
Jun 8, 2009
കിഴക്കേനടയില്‍ നിന്ന്
ഇരട്ടമണിയടിച്ച് പുറപ്പെടുമ്പോള്‍
മല്ലികപ്പൂവിന്റെ മണം ചൂടും
കടും മഞ്ഞയിലും ചോപ്പിലും പട്ടുചേല ചുറ്റും
സ്വര്‍‌ണ്ണക്കൊടിമരം വലംവെച്ച്
കുളിയും തെളിയുമില്ലാത്ത കൈകളിരന്നെത്തും.
ഒന്നനങ്ങിയിരിക്കാമോയെന്ന്
രണ്ടുപേര്‍ക്കുള്ള ഇരിപ്പിടം
മൂന്നാമനെ തിരുകിക്കയറ്റുമ്പോള്‍
തൂങ്ങിനിന്നവരൊക്കെ ഊഞ്ഞാലാടി വരും
എന്റെ കൃഷ്ണാ എന്നൊരു ഗോപികാനന്ദം
മുന്‍‌സീറ്റില്‍ നിന്നോടി വന്ന് നാണിച്ചുനില്‍ക്കുന്നതിനിടയില്‍
പടിഞ്ഞാറെ നടയിലെത്തിയാല്‍
രണ്ടാനകള്‍ കൂടെക്കൂടും
ആനക്കോട്ടയിലേക്കുള്ള വഴി മുഴുവന്‍ പിണ്ഡംവയ്ക്കും.
തട്ടുകടയില്‍ നിന്ന് നാലപ്പവും കടലക്കറിയും
ഓടിക്കയറി വയറ്റില്‍ വന്നു മുട്ടുമ്പോള്‍
മമ്മിയൂരെത്തിയല്ലോയെന്ന്
നെഞ്ചില്‍ തൊട്ട് നിറുകയില്‍ വെക്കും
ഗുരുവായൂരപ്പാ...
ഇരുന്നും ചാഞ്ഞും തൂങ്ങിയാടിയും ഉറക്കവുമെത്തും.

ഉറക്കത്തിനിടയിലേക്കാണ് ഉണ്ണിക്കണ്ണന്റെ വരവ്
ഓടക്കുഴലൂത്തും വെണ്ണ വാരിത്തിന്നലും
കള്ളന്‍ കള്ളനെന്നുറക്കത്തില്‍
തൊട്ടിരിക്കുന്നവന്റെ തോളത്ത് വീണുണരുമ്പോള്‍
കോട്ടപ്പടിയെത്തും
പച്ചപ്പുളിയും ചക്കയും ഉപ്പിലിട്ട നെല്ലിക്കയും
നിരന്നിരുന്ന് ചിരിക്കുന്ന കോലായകള്‍
മെഴുകുതിരി മണക്കുന്ന മാര്‍ഗ്ഗംകളിയൊച്ച
ഉണ്ണിക്കണ്ണനെവിടെ?
കന്യാമറിയം ശിരസ്സില്‍ തൊടും
കാല്‍‌വരിയിലേക്ക് തിരിയും
തിരുമുറിവുകള്‍ ചോരയൊലിപ്പിച്ച് തൊട്ടടുത്തിരിക്കും
ഉയിര്‍‌ത്തെഴുന്നേല്പും കാത്ത് ദുഖവെള്ളിയാഴ്ചയെത്തും
തമ്പുരാന്‍ പടിയും മാളിയേക്കല്‍ പടിയും കടന്ന്
വൈലത്തൂരെത്തുമ്പോള്‍
കുരുത്തോല പെരുന്നാള്‍ ബാന്റ്‌മേളവുമായ്
മുണ്ടും ചട്ടയുമുടുത്ത് ചുറ്റും കൂടും
രൂപക്കൂടിന് മുകളില്‍ ഉച്ചവെയില്‍ വെളിച്ചപ്പെടുമ്പോള്‍
പുല്‍ക്കൂട്ടില്‍ നിന്ന് ഉണ്ണികള്‍
നക്ഷത്രങ്ങളുമായി പാട്ടും പാടിവരും.

പാടിപ്പാടി
ആല്‍ത്തറയും പെരുമ്പടപ്പും മാറഞ്ചേരിയും കടക്കും
കുണ്ടുകടവ്...കുണ്ടുകടവെന്ന് മീന്‍‌കൂക്കുയരുമ്പോള്‍
പുഴ വന്ന് തൊടും,തണുപ്പിക്കും
പുഴമണലിലൂടെ ഇടശ്ശേരി കുറ്റിപ്പുറത്തേക്ക്
ആകാശത്തു നിന്ന് ഗോവിന്ദന്‍ പുഴയിലേക്ക്
പുഴ നീന്തി നാവാമുകുന്ദന്‍ കൊട്ടിപ്പാടി കടവത്തേക്ക്
പാലം കടന്നാല്‍ പൊന്നാനി.

ചന്തപ്പടിയില്‍
ഒറ്റ മണിയടിച്ച് നില്‍ക്കുമ്പോള്‍
ചന്ദനത്തിരി മണത്തിറങ്ങും
തലമൂടി ചേല ചേലൊത്തിറങ്ങും
കൊപ്രമണക്കാറ്റില്‍ കടല്‍ ഓളം വെട്ടും
വള്ളം തുഴഞ്ഞെത്തും കൈകള്‍ കൈനീട്ടും
മൈലാഞ്ചി മണക്കും
ചാകര കൂക്കി വിളിക്കും.
മദ്രസ്സ വിട്ട് മഴ കടലിലേക്കോടുന്നുണ്ട്
ദിക്ക്‌റും സലാത്തും കടലിനെ കവയ്ക്കുന്നുണ്ട്
ഗസലെന്ന് കടലിരമ്പുന്നുണ്ട്
കുഞ്ഞാലിമരക്കാര്‍ കാത്തുനില്‍ക്കുന്നുണ്ട്...

ബസ്സിറങ്ങുമ്പോള്‍
മുന്നിലും പിന്നിലും ബസ്സ്
ഹോണ്‍
ടയറുകള്‍ ....
പൊന്നാനിത്തെരുവില്‍ മേശപ്പുറത്തൊരു മാഷിരിക്കുന്നു*
മാഷേ,മാറി നില്‍ക്കാമോ?


*പി.പി.രാമചന്ദ്രന്റെ "നല്ല മാഷല്ല ഞാന്‍“ എന്ന കവിത

Labels: 

 
5വായന:
 • Blogger നസീര്‍ കടിക്കാട്‌

  ഉള്ളിലെ യാത്രകള്‍ക്ക്
  മണങ്ങള്‍ക്ക്...

   
 • Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

  ആ... പോട്ടേ... റൈറ്റ്....

   
 • Blogger hAnLLaLaTh

  ...കവിതയുടെ മണിയൊച്ച കേട്ട് യാത്ര തുടങ്ങിക്കഴിഞ്ഞു...
  ഓര്‍മ്മകളുടെ ചെമ്മണ്‍ പാതയിലൂടെ...

   
 • Blogger anupama

  dear nasir,
  iam so thrilled you took me by the bus which i used to travel.never in my wildest dreams,i thought someone will write apoem about thisroute!kottappadi angadi is beautifully described.thampuranpadi is my bus stop.
  thanks ,thanks a lot!
  sasneham,
  anu

   
 • Blogger അനൂപ് ചന്ദ്രന്‍

  നിങ്ങള്‍ അതും എഴുതി
  ഞങ്ങളുടെ കോട്ടപ്പടിയെക്കുറിച്ചും
  സത്യമായിട്ടും
  നിങ്ങളെ വകവരുത്തും
  എന്തെങ്കിലും ബാക്കിവെച്ചില്ലെങ്കില്‍
  തീര്‍ച്ചയായും അതു സംഭവിക്കും

  ഭാവുകങ്ങള്‍

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007