പാര്‍ക്ക്
Jun 18, 2009

(ഇന്ന് പിറന്നാളാഘോ‍ഷിക്കുന്ന പകല്‍കിനാവന്റെ മോള്‍ക്ക്)



നഗരത്തിലെ പാര്‍ക്കില്‍ വെച്ചാണ്
നട്ടുപിടിപ്പിച്ച മരങ്ങള്‍ക്കും
ചെടികള്‍ക്കും
മരക്കുതിരകള്‍ക്കും
ഊഞ്ഞാലിനുമിടയില്‍
വിരിച്ചിട്ട പുല്ലില്‍ തൊട്ട്
അമ്മ മോളോട് പറഞ്ഞത്:
മോളേ പച്ചനിറമാണിത്
പുല്ലിന്റെ പച്ച
പട്ടുടുപ്പിലെ പച്ച.

തൊട്ടടുത്തിരുന്ന വയസ്സന്‍
കുഞ്ഞുടുപ്പിലേക്കും
പച്ചപ്പുല്ലിലേക്കും മാറിമാറി നോക്കി
മനം മടുത്തിട്ടാവണം
എഴുന്നേറ്റ് നടന്നത്

മോള് കരച്ചിലായി
പുല്ലിലടിച്ചും ചവുട്ടിയും
വാശിപിടിച്ചു
ഇതല്ല പച്ചയെന്ന്
നിര്‍ത്താത്ത കരച്ചില്‍.
അപ്പുറമിപ്പുറമിരുന്നവര്‍
പച്ച തിരഞ്ഞിട്ടെന്നോണം
എത്തി നോക്കാന്‍ തുടങ്ങി
വയസ്സന്‍ പാര്‍ക്കില്‍ നിന്നിറങ്ങി
ഒഴുകിപ്പോയിരുന്നു

മോളേ,അതാ പച്ച
അമ്മ ചെടികളിലേക്കും
മരച്ചില്ലയിലേക്കും
മേഘങ്ങളിലേക്ക് പറന്ന
തത്തച്ചിറകിലേക്കും
വിരല്‍ നീട്ടിത്തൊട്ടു
ഇതൊന്നും പച്ചയല്ലെന്നവള്‍,
പച്ചയെവിടേയെന്നവള്‍
പട്ടുടുപ്പിലെ പച്ചയും
വലിച്ചുകീറി

അമ്മയ്ക്കും സംശയമായി
ഇതായിരിക്കില്ലേ പച്ച?

മാറിയിരുന്ന്
സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന
മോളുടെ അച്ഛന്‍
പുല്ലില്‍ കിടന്ന്
പുക വട്ടത്തിലാക്കി
ചെടികള്‍ക്കിടയിലൂടെ
മരങ്ങള്‍ക്കിടയിലൂടെ
തത്തച്ചിറകിനൊപ്പം
പറത്തിവിട്ടു കൊണ്ടിരുന്നു

Labels:



 

 
3വായന:
  • Blogger ഹാരിസ്

    അതല്ലാത്ത,ഇതല്ലാത്ത പച്ചപ്പുകള്‍ക്കിടയില്‍നിന്നും ആ വയസന്‍ കാട്ടുചോല എങ്ങോട്ടാണു ഒഴുകിപ്പോയത്...?

     
  • Anonymous Anonymous

  • Blogger കാട്ടിപ്പരുത്തി

    മാറിയിരുന്ന്
    സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന
    മോളുടെ അച്ഛന്‍
    പുല്ലില്‍ കിടന്ന്
    പുക വട്ടത്തിലാക്കി
    ചെടികള്‍ക്കിടയിലൂടെ
    മരങ്ങള്‍ക്കിടയിലൂടെ
    തത്തച്ചിറകിനൊപ്പം
    പറത്തിവിട്ടു കൊണ്ടിരുന്നു

    ഇവനിത്രക്കൊക്കെ ആയോ

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007