വെയിലെഴുത്ത്
Jun 22, 2009
1

മുറ്റത്തായിരുന്നു
വെയില്‍

തൊടിയിലേക്കും
വേലിക്കപ്പുറത്തേക്കും
നടന്നു
കുളത്തില്‍ ചാടി
മരത്തില്‍ കയറി

മഴവരും നേരത്ത്
മുഖമൊന്ന് കാണണം
കൊതിക്കെറുവോടെ
ഇരിപ്പുണ്ട്
വീടിനുള്ളിലെ
കാണാമൂലയില്‍.

2

കടല്‍
വെയിലിന്റെ വീട്

വെളുക്കുവോളം
വെള്ളം വറ്റിച്ച്
ഉപ്പ് തിന്ന്
ഉറങ്ങാതിരിക്കും
ആരും കാണാതെ
കിഴക്കന്‍ മലയുടെ
നെഞ്ച് പിളരും.

3

വെയിലിനുമുണ്ട്
സ്വപ്നം
മഴ പോലെ തണുക്കുവാന്‍
മേഘങ്ങളില്‍ നിന്ന്
നൂല് കെട്ടിയിറങ്ങുവാന്‍
തുള്ളിത്തുള്ളി നടക്കുവാന്‍

സ്വപ്നം കണ്ട നേരത്താവണം
വെയില്‍
മങ്ങി മായുന്നത്.

4

വെയിലിലാണ്
തണലിന്റെ നില്പ്

വാടിപ്പോവില്ലേ
കത്തിക്കരിയില്ലേ
കുരുത്തം കെട്ട കുട്ട്യേ?

Labels: 

 
0വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007