ഠോ
Jul 8, 2009
വെടിക്കെട്ട് കാണുവാന്‍
കണ്ണും മിഴിച്ചുള്ള നില്പിലാണ്
ചെവിയുടെ മുറിച്ചുകടക്കല്‍
കാഴ്ച കവച്ച്
മുന്നില്‍ കയറി
കൈയും കെട്ടി

തിരക്കിട്ട്
ശബ്ദങ്ങള്‍ തട്ടിമറിച്ച്
മദയാനയുടെ കുതിപ്പോടെ
ചെവിയാട്ടി
ഒറ്റനില്പ്

തല,
ചായ്ചും ചെരിച്ചും
കാലിലെ പെരുവിരലില്‍
ഏന്തിവലിഞ്ഞു
തൊട്ടടുത്ത് നിന്നൊരാളുടെ
തോളത്ത് കയറി
മൈതാനത്തോട് ചേര്‍ന്ന
മരക്കൊമ്പത്തിരുന്നു

എങ്ങിനെ നോക്കിയിട്ടും
മുന്നില്‍
ചെവിയോര്‍ത്ത് നില്‍ക്കുന്നുണ്ട്
ശത്രുവിനെപ്പോലെ ചെവി

പലതും പറഞ്ഞു
കാലില്‍ പിടിച്ചപേക്ഷിച്ചു
കരഞ്ഞു
ഒന്നും കേള്‍ക്കാത്ത പോലെ
ചെവി
വട്ടം പിടിച്ച് ഒറ്റനില്പ്

ചെവി പിടിച്ച്
തിരുമ്മി നോവിച്ചു
തെറി വിളിച്ചു
ഭീഷണിയഴിച്ചു
അനങ്ങുന്നില്ല ചെവി
ഇനി വയ്യ
ഒറ്റച്ചവുട്ട്
ചെവിയതാ മൂക്കുംകുത്തി
മൈതാനത്തേക്ക്

ഇപ്പോള്‍
വെടിക്കെട്ട് ഒട്ടും കാണുന്നില്ല


 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007