മഴപ്പൊക്കം
Jul 13, 2009
ഇക്കുറി മഴ കണ്ടില്ല
മേഘങ്ങള്‍
മഴപ്പാറ്റകളെ കൊടുത്തയച്ചിട്ടുണ്ട്
മഴയെ മറക്കല്ലേയെന്ന്
അടിയില്‍ കുറിച്ചിട്ടിട്ടുണ്ട്

ഈന്തപ്പനയുടെ താഴെ
പാറ്റകള്‍ക്ക്
ചിറക് മുളക്കുമ്പോള്‍
പഴുത്ത് ചുവന്ന
ഈന്തപ്പഴച്ചുണ്ടുകള്‍
ചിരിച്ചുചിരിച്ചടരും

മഴയെങ്ങിനെയാണ്
വെയിലിലേക്കിറങ്ങുന്നതെന്ന്
മണ്ണ് തൊടുന്നതെന്ന്
കിണറ് കുഴിക്കുന്നതെന്ന്
പാറ്റകള്‍
മണലില്‍ വരയാന്‍ തുടങ്ങുമ്പോള്‍
കാറ്റുവന്ന്
ചിറക് പറിച്ചോടും

മഴയെന്നാല്‍ ഉറുമ്പുകളാണെന്നും
വരിവരിയായി
ഒട്ടകസഞ്ചാരത്തിലാണെന്നും
ഈന്തപ്പനയോല
മേഘങ്ങളുടെ കണ്ണ്
കുത്തിപൊട്ടിക്കും

ചിറക് പോയ പാറ്റകള്‍
ഉറുമ്പുകളായി
അരിച്ചരിച്ച്
ചുട്ടുപൊള്ളുന്ന ഈന്തപ്പഴത്തിന്റെ
മധുരം ചൂഴ്ന്നു പോകുമ്പോള്‍
കേള്‍‌ക്കുന്നുവോ
കണ്ണുകാണാത്ത മേഘങ്ങള്‍
പാട്ട് പാടുന്നത്,
എവിടെയോ മഴ പെയ്യുന്നത്

Labels:



 

 
6വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007