വഴിയില്‍
Jul 29, 2009
ഞാന്‍ ഇന്ത്യക്കാരനായതു കൊണ്ടാവണം
തൊട്ടടുത്ത്
ദസ്‌വിയില്‍ സ്വയം കോര്‍ത്തുകിടന്നൊരാള്‍
ഈജിപ്തുകാരനാണെന്ന്
പരിചയപ്പെടുത്തിയത്

മുമ്പില്‍
വെളുത്ത് ചുവന്നിരുന്നയാള്‍
ഇടയ്ക്കൊന്ന് തിരിഞ്ഞ്
ഫ്രഞ്ചുകാരനെന്ന് ചിരിച്ചത്

തിരക്കിട്ട് നടന്നുവന്നയാള്‍
ചങ്ങാതിയായി
ഫിലിപ്പൈനില്‍ നിന്നെന്ന്
മുട്ടിയുരുമ്മി പോയത്

ആള്‍ക്കൂട്ടത്തിനിടയില്‍
നീണ്ടുനിവര്‍ന്നൊരാള്‍
ഇറാന്‍‌കാരനെന്ന്
ചെരുപ്പ് മാറിപ്പോയതില്‍
ക്ഷമ പറഞ്ഞത്

മരത്തണലില്‍
കുറുകിയിരുന്നയാള്‍
ചൈനക്കാരനെന്ന്
കുടിവെള്ളം പങ്കുവെച്ചത്

വിജനതയില്‍
ചുരുട്ട് പുകച്ചിരുന്നയാള്‍
ക്യൂബക്കാരനെന്ന്
വഴി പറഞ്ഞുതന്നത്

പോയവഴിയെക്കുറിച്ച്
ഇങ്ങിനെയെല്ലാം പറയാം
വഴിയിലെന്നിട്ടും
ആരുമുണ്ടായിരുന്നില്ല.
തൊട്ടടുത്തോ
മുമ്പിലോ
ആള്‍ക്കൂട്ടത്തിലോ
മരച്ചുവട്ടിലോ
വിജനതയിലോ
ആരുമുണ്ടായിരുന്നില്ല

ഞാനും
ഉണ്ടായിരുന്നില്ല

Labels: 

 
6വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007