മോതിരക്കല്ല്
Aug 1, 2009
മോതിരക്കല്ലുകള്‍ വില്‍ക്കുന്നയാള്‍
മൂകനും ബധിരനുമായിരുന്നു
ഉയര്‍ത്തിപ്പിടിച്ച ഇടതുകൈയിലെ
നിവിര്‍ത്തിപ്പിടിച്ച അഞ്ച് വിരലുകള്‍
ഏത് കല്ലെടുത്താലും അഞ്ച് റിയാലെന്ന്
ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു
രണ്ടും മൂന്നും വിരലുകളുയര്‍ത്തി
വിലപേശാനെത്തിയവര്‍ക്ക് നേരെ
അയാളുടെ ഇടതുകൈവിരലുകള്‍
തല കുനിക്കാതെ
മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു.

മോതിരക്കല്ലുകള്‍ വില്‍ക്കുന്നയാളുടെ
തെരുവോരത്തെ ഉന്തുവണ്ടി
മെഡിറ്ററേനിയന്‍ കടലും
ജോര്‍ദാന്‍ നദിയും താണ്ടിയെത്തിയ
പായ്‌ക്കപ്പലായിരുന്നു
ഇസ്രയേലും ലെബനനും സിറിയയും തൊട്ട കാറ്റ്
വണ്ടിച്ചക്രത്തില്‍ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്നു
എറിയുവാനോങ്ങി
ഉന്നം പിടിച്ച കണ്ണുകള്‍
മോതിരക്കല്ലുകളില്‍ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.

തുടക്കവും ഒടുക്കവുമില്ലാത്ത
മോതിരവട്ടത്തിന് തിളങ്ങുവാന്‍
നീലക്കല്ല് തിരഞ്ഞവരുടെ വിരലറ്റത്ത്
തെരുവിലെ ചോരപറ്റിയിരുന്നു
മേഘം പോലെ തെളിഞ്ഞ കല്ലെടുത്തവന്റെ
കൈവെള്ളയില്‍
കൈകുഞ്ഞ് നിലവിളിക്കാന്‍ തുടങ്ങിയിരുന്നു
മഞ്ഞനിറമുള്ള കല്ലില്‍ തലതല്ലി
അമ്മ പര്‍ദക്കുള്ളില്‍ മാറ്‌ മുറിഞ്ഞിരുന്നു
അഞ്ച് റിയാലിന്
മോതിരക്കല്ലുകള്‍
കഥകള്‍ പറയാന്‍ തുടങ്ങിയിരുന്നു

കൂട്ടുകാരന് സമ്മാനിക്കുവാന്‍
ഇലയുടെ പച്ചയില്‍ വാങ്ങിയ
മോതിരക്കല്ല്
എറിയുവാന്‍ ഉന്നം നിറച്ച്
ഒലീവ് മരത്തിന്റെ പ്രാണന്‍ പിടപ്പിച്ച്
ഒരു മലയടിവാരത്തില്‍
വളര്‍ന്നു വലുതാവുന്നുണ്ടിപ്പോള്‍

Labels: 

 
5വായന:
 • Blogger നസീര്‍ കടിക്കാട്‌

  മക്കയിലെ തെരുവോരത്ത് കണ്ട മൂകനും ബധിരനുമായ മോതിരക്കല്ല് കച്ചവടക്കാരാ

   
 • Blogger the man to walk with

  :)

   
 • Blogger നരിക്കുന്നൻ

  എന്നിട്ടുമെന്തേ ഒരു കല്ല് പോലും വാങ്ങാതെ നീ നടന്ന പോയത്?

   
 • Blogger പി എ അനിഷ്, എളനാട്

  Nalla Kavitha Nazeer

   
 • Blogger ഷിനില്‍ നെടുങ്ങാട്

  വളരെ സാധാരണമായി തുടങ്ങി ഒരു ജനതയുടെ വേദനകളിലേക്ക് ആര്‍ജ്ജവത്തോടെ വിരല്‍ ചൂണ്ടുന്ന കവിത..

  “തുടക്കവും ഒടുക്കവുമില്ലാത്ത ......“ -ഇവിടം മുതല്‍ കവിതയുടെ എല്ലാ സൌന്ദര്യത്തോടെയും കൂടിയുള്ള ഒഴുക്കായിരുന്നു...ആ ഒഴുക്കില്‍ പലതും കണ്ടു...വേദനിക്കുന്ന ഒരു ജനതയുടെ മുഖം..!

  നന്നായി കവിത...

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007