മലമുകളിലെ പൂച്ച
Aug 6, 2009
യാത്രയ്ക്ക് തൊട്ടുമുമ്പാണ്
എന്തോ പറയുവാനുണ്ടല്ലോ
മറന്നുപോയല്ലോ എന്ന്
നീ ഒന്നും മിണ്ടാതായത്
ജലത്തോടൊപ്പം
പൊതിഞ്ഞെടുക്കുമ്പോള്‍
സഞ്ചാരിയുടെ ഭാണ്ഡം
പാതിമുറിഞ്ഞ വാക്കിന്റെ
ഇല വാട്ടിക്കെട്ടിയ പൊതിച്ചോറെന്ന്
ഇടംകാലിലിറങ്ങുമ്പോള്‍
കൂടെയുണ്ടായിരുന്നു
നീ

പൊതിയഴിക്കുമ്പോള്‍ മണമായ്
നീ
ഉറങ്ങുകയോ
മുറ്റം നോക്കി നില്‍ക്കുകയോ
മരച്ചില്ലയില്‍ മഴത്തുള്ളിക്കൊപ്പം
കണ്ണ് നട്ടുവളര്‍ത്തുകയോ
കരയുകയോ
മറന്ന വാക്കേതെന്ന് തിരയുകയോ
നീ
ഉരുളയുരുട്ടുമ്പോള്‍ കൂടെ
നീ
ഉപ്പ് കൂടിയോയെന്ന ഉല്‍ക്കണ്ഠ
നീ

മല കയറുമ്പോള്‍ കിതച്ചുകിതച്ച്
നീ
താഴ്ന്നുപോകുന്ന വഴിയുടെ
വേര് ചികഞ്ഞ്
നീ
ഒറ്റമരങ്ങളുടെ ചില്ലയിലെ
മാഞ്ഞ ഇലപ്പച്ച പെറുക്കി
നീ
കാല്പാടുകളുടെ
വാറ് പൊട്ടിയ ചെരുപ്പ് തുന്നി
നീ

മലമുകളിലെ ഗുഹയില്‍
ആദ്യാക്ഷരം വായിക്കുമ്പോള്‍
എന്തോ പറയുവാനുണ്ടെന്ന്
മറന്നുപോയല്ലോയെന്ന്
നീ തോരാതെ പെയ്ത വാക്ക്
പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നു
പൊതിച്ചോറിന്റെ മണം പറ്റി
മലമുകളിലെ പൂച്ച
അരുകില്‍ തന്നെയുണ്ട്

Labels:



 

 
3വായന:
  • Blogger നസീര്‍ കടിക്കാട്‌

    യാത്രയില്‍ പ്രാര്‍ത്ഥനയില്‍ കൂടെക്കൂട്ടണേയെന്ന്
    വാക്ക് മുറിഞ്ഞുനിന്ന ജലശബ്ദത്തിന്

     
  • Blogger aneeshans

    വാക്കുകളുടെ കൂട്ടപ്പെരുക്കത്തിലും നഷ്ടമാവാതെ കവിതയുണ്ടിതില്‍.ജീവനോടെ

    ഇഷ്ടമായി

     
  • Blogger ഷൈജു കോട്ടാത്തല

    ജീവനുള്ള കവിത

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007