വസന്ത
Aug 9, 2009
എഴുപതുകള്‍ക്കൊടുവില്‍
ചാവക്കാട്ടെ ഹൈസ്ക്കൂളില്‍
പഠിക്കുന്ന കാലത്ത്
ജയന്റെ സിനിമകള്‍
റിലീസ് ചെയ്തുതുടങ്ങിയിരുന്നു
സോമനേയും വിന്‍സന്റിനേയും
പോലെയല്ല
എന്തൊരു മസിലായിരുന്നു
തിയേറ്ററിലിരിക്കുന്നവര്‍ക്കും
മസില് പെരുക്കും
മോഹന്‍‌ലാലും മമ്മൂട്ടിയുമൊക്കെ
പഠിക്കാന്‍ പോകുന്ന കാലമാവണം

അക്കാലത്താണ്
കോഴിവസന്ത പടര്‍ന്നത്
തൊട്ടവീട്ടിലെ ഭാസ്കരേട്ടന്‍
അടിയന്തിരാവസ്ഥയെ തെറിവിളിച്ച്
കുടിച്ചുകൂത്താടി
കാലൊടിഞ്ഞ് കിടപ്പായപ്പോള്‍
നല്ലതങ്ക കോഴിവളര്‍ത്തിയാണ്
മക്കളെ പോറ്റിയത്
വസന്ത വന്ന് കോഴികള്‍ ചത്തപ്പോള്‍
പട്ടിണിയായി
ചന്ദ്രന്റെ പിന്നാലെ നടന്ന്
ഭാസ്കരേട്ടന്‍ നക്സലൈറ്റായി

ഒമ്പതാംക്ലാസ്സിലെ വസന്തയെ കാണുമ്പോള്‍
എല്ലാവര്‍ക്കും ചിരിയായി
മാറിക്കോ കോഴിവസന്തയാണെന്ന്
ആണ്‍‌കുട്ടികള്‍ക്ക് കളിയായി
പഠിപ്പ് നിര്‍ത്തി വസന്ത
പാടത്തെ പണിക്ക് പോയി
കുടിച്ചുകുടിച്ച് കരള് കത്തി
ഭാസ്കരേട്ടന്‍ ചത്തപ്പോള്‍
നക്സല്‍ ചന്ദ്രനെ കാണാതായി

ജയന്റെ സിനിമകള്‍ക്ക് ടിക്കറ്റ് കിട്ടാതെ
നിരാശപ്പെട്ട കാലത്ത്
പത്തില്‍ തോറ്റ്
തമിഴ്നാട്ടിലെ വില്ലുപുരത്ത്
പപ്പടപ്പണിക്ക് പോയപ്പോഴാണ്
മഞ്ഞളരച്ചുതേച്ച തമിഴത്തികളെ കണ്ട്
വസന്തയെ വീണ്ടും ഓര്‍മ്മ വന്നത്
അവളെ പ്രേമിച്ചിരുന്നല്ലോയെന്ന്
ഉള്ള് പിടഞ്ഞത്
അക്കാലത്താണ് ജയന്‍
ഹെലിക്കോപ്ടറില്‍ നിന്ന് വീണുമരിച്ചത്

മടങ്ങിവന്ന് കോഴിവളര്‍ത്തലായി
പെണ്ണ് കെട്ടി
മോള്‍ക്ക് വസന്തയെന്ന് പേരിട്ടു
മോന് ജയനെന്നും

Labels:



 

 
5വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007