പഴയ ലക്കം
Sep 3, 2009
വളരെപ്പഴയൊരു ലക്കത്തില്‍
കാണാതായ കുട്ടിയുടെ നിറവും മുഖവും കണ്ടപ്പോള്‍
പണ്ടേ ജനിക്കാമായിരുന്നെന്നും
ഓടിപ്പോവാമായിരുന്നെന്നും തോന്നി

വളരെപ്പഴയൊരു ലക്കത്തില്‍
ആത്മഹത്യ ചെയ്തവളുടെ ചിത്രം കണ്ടപ്പോള്‍
പണ്ടേ ജനിക്കാമായിരുന്നെന്നും
അവളെ പ്രേമിക്കാമായിരുന്നെന്നും തോന്നി

വളരെപ്പഴയൊരു ലക്കത്തില്‍
തടി കൂട്ടുവാനുള്ള ടോണിക്ക് പരസ്യം കണ്ടപ്പോള്‍
പണ്ടേ ജനിക്കാമായിരുന്നുവെന്നും
54 സൈസില്‍ ഷര്‍ട്ട് വാങ്ങാമായിരുന്നെന്നും തോന്നി

വളരെപ്പഴയൊരു ലക്കത്തില്‍
വിലവിവരപ്പട്ടിക കണ്ടപ്പോള്‍
പണ്ടേ ജനിക്കാമായിരുന്നുവെന്നും
വീടുനിറയെ പലവ്യഞ്ജനങ്ങള്‍ വാങ്ങിവെക്കാമായിര്‍ന്നെന്നും തോന്നി

വളരെപ്പഴയൊരു ലക്കത്തില്‍
മരിച്ചുപോയ പാറ്റയുടെ തവിട്ടുനിറമുള്ള അടയാളം നോക്കി
പണ്ടേ പറന്നുനടക്കുന്നത് സങ്കല്പിക്കുമ്പോള്‍
ചുറ്റിലും
കുട്ടികള്‍ ഓടിപ്പോകാന്‍ തുടങ്ങി
പെണ്ണുങ്ങള്‍ ആത്മഹത്യ ചെയ്യാനും
ആണുങ്ങള്‍ ടോണിക്ക് കുടിച്ച് തടിച്ചു വീര്‍ക്കാനും തുടങ്ങി

വളരെപ്പഴയൊരു ലക്കത്തില്‍
കവിത വായിക്കുമ്പോള്‍
തോന്നിയതാണിതൊക്കെയും

Labels: 

 
8വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007