മരുമക്ക/തായം
Sep 12, 2009
കാക്ക എന്ന് ആദ്യം വിളിച്ചത്
വല്യമ്മാവനെയായിരുന്നു
ഒരു മരത്തിലേക്ക് നോക്കിയായിരുന്നു
അതിനു ശേഷമാണ് കാക്കയെ കണ്ടത്
കറുപ്പ് ഒരു നിറമാണെന്നറിഞ്ഞത്

കാക്ക പറന്നുപോയിരുന്നു
കറുപ്പില്‍ കിടന്ന് ചിരിച്ചുചിരിച്ച്
ചോക്കിലെ വെളുപ്പ് മാഞ്ഞുപോയിരുന്നു
കഴുകാന്‍ ചെന്നപ്പോള്‍
കുളത്തിന്റെ നിറം മറന്നുപോയിട്ടാവണം
കറുത്ത ബോര്‍‌ഡ് വെളുത്ത് വന്നു

കുളം എന്തോ ഓര്‍ത്തുകിടന്നു

കുളക്കടവിലിരുന്ന് പറഞ്ഞുപറഞ്ഞ്
അലക്കുകല്ല് അങ്ങിനെതന്നെയിരുന്നു
അലക്കാനിട്ടതെല്ലാം
കരയില്‍ തന്നെ കിടപ്പുണ്ട്
ഒട്ടും നേരമില്ലെന്ന് ഓര്‍ത്തുനിന്നവള്‍
അലക്കുകല്ല് നോക്കിനില്‍ക്കുന്നുണ്ട്
വെയില്‍ വരുമെന്നൊ
മഴ വരുമെന്നൊ
പെണ്ണുങ്ങള്‍ കല്ലാവുന്നുണ്ട്

വൈകുന്നേരമായിട്ടാവണം
ഒരാള്‍
ഓടിവന്ന് അലക്കുമ്പോള്‍
കുളിക്കുമ്പോള്‍
കുളം കലങ്ങുന്നു

മരം മുറിച്ചവനാവണം
മതില്‍ കെട്ടിയവനാവണം

അക്കരെയിക്കരെയെന്ന് നീന്തുമ്പോള്‍
കുളക്കടവിലെ ആ മരത്തില്‍
കാക്കയിരുന്ന് കരയുന്നുണ്ട്
തറവാട്ടുകുളത്തില്‍ മുങ്ങിപ്പൊങ്ങി
നാല്പത്തിയഞ്ചാം വയസ്സില്‍
കുട്ടി
നീന്തല്‍ പഠിക്കുന്നുണ്ട്
കാക്ക പറയുന്നുണ്ട്
നിനക്കു ഞാനൊരു മോട്ടോര്‍ സൈക്കിള്‍
വാങ്ങിത്തരാമെന്ന്

അതു കേട്ടിട്ടാവണം
കുട്ടി
കരക്കിരുന്ന് നീന്തുന്നുണ്ട്
കാക്ക ഇപ്പോള്‍
മതിലിനു മുകളിലാണ്

Labels:



 

 
9വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007