ഫേസ് ബുക്ക്
Sep 25, 2009
ഫേസ് ബുക്കിലെനിക്ക്
നാല്പത്തിയേഴ് കൂട്ടുകാരുണ്ട്

കവി സച്ചിദാനന്ദന്‍ കൂട്ടുകാരനാണ്
സിനിമാനടന്‍ മധുപാലും
നോവലിസ്റ്റ് ബെന്യാമിനും കൂട്ടുകാരാണ്
കൂടെപഠിച്ച കറുത്തനാരായണനും
മാഗസിന്‍ എഡിറ്ററായിരുന്ന കമ്മ്യൂണിസ്റ്റ് ബഷീറും
അയല്‍‌പക്കത്തിരുന്ന് അതിരുതിക്കിയ അന്തോണിയും
പിരിയാത്ത കൂട്ടുകാരാണ്
ശശി തരൂരിനോടും
എന്‍.എസ്.മാധവനോടും
കൂട്ടുകാരാവാമോ എന്ന് ചോദിച്ചിട്ടുണ്ട്

ഫേസ് ബുക്കിലെ ഫോട്ടോയില്‍
വയസ്സായല്ലോയെന്ന്
പഴയ കാമുകി സങ്കടപ്പെടുന്നുണ്ട്
മറ്റാരും കാണാതെ കെട്ടിപ്പിടിക്കുന്നുണ്ട്

ഫേസ് ബുക്കില്‍ വെച്ചുകാണുമ്പോള്‍
ഞാനും ഭാര്യയും
കണ്ടിട്ടേയില്ലെന്ന് രണ്ടുവഴിക്ക് നടക്കും
കിടപ്പ് മുറിയില്‍
രണ്ടുപേരും ചിരിയടക്കും

ഫേസ് ബുക്കിലെനിക്ക്
ഭാഗം വെച്ചു കിട്ടിയ വീടും
കൃഷിത്തോട്ടവുമുണ്ട്
തൊട്ടടുത്തുതന്നെ മകന് ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്
മകന്റെ വിവാഹസ്വപ്നങ്ങള്‍
പ്രൊഫൈലില്‍ കുറുക്കിയെഴുതിയതു കണ്ട്
ജാതകവുമായി
പെണ്‍‌കുട്ടികള്‍ വരുന്നുണ്ട്
പോകുന്നുണ്ട്

ലോഗ് ഔട്ട് ചെയ്യുമ്പോള്‍
മോണിട്ടറില്‍ വെളുത്തുപരക്കുന്നുണ്ട്
ഒരു പൊതുശ്മശാനത്തിലെ
പുകയത്രയും

Labels: 

 
18വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007