ബാല്‍‌ക്കണി
Sep 30, 2009
ഞങ്ങളുടെ ബാല്‍‌ക്കണി പടിഞ്ഞാട്ട്
തൊട്ടടുത്ത കെട്ടിടത്തില്‍ മുഖം പൊത്തി
ഒളിഞ്ഞ നില്പ്
ആരെല്ലാം വന്നാലും പോയാലും
ഞാനാരുമല്ലല്ലൊ എന്ന്
കാണട്ടേയെന്ന് എത്തിനോക്കുമ്പോള്‍
താഴേക്ക് ചാടട്ടേയെന്ന്

വെയിലിനെ തൊട്ട് കൈപൊള്ളിച്ച്
ആകാശത്തെ കല്ലെറിഞ്ഞ്
കാര്‍‌ക്കിച്ച് തുപ്പി
സിഗരറ്റ് കത്തിച്ച് പുകയൂതി
അകത്തേക്ക് നോക്കി മുറുമുറുത്ത്

പിണങ്ങി നിന്നുമടുക്കുമ്പോള്‍
തല താഴ്ത്തി താഴ്ത്തി താഴേക്കിറങ്ങും
മണ്ണ് തൊടും
കുട്ടികളോടൊപ്പം കളിക്കാന്‍ കൂടും
ആരും കൂട്ടില്ല

പാതിയുണങ്ങിയ മുരിങ്ങയില്‍ കയറി
കൊമ്പോടിഞ്ഞ് വീഴും
വളരുന്നതെങ്ങിനെയെന്നറിയാത്ത തെങ്ങിന്‍‌തൈയോട്
വലുതായി വലുതായി നാലാം നിലയിലേക്ക്
കൂടെ വരാമോയെന്ന് ചോദിക്കും
നടുമുറ്റമെന്ന് പച്ചച്ച തുളസിക്ക് തിരി വെക്കും

ഇരുട്ടത്ത് പതുങ്ങി വന്ന്
അടച്ചുവെച്ച ചോറും തിന്ന്
ഉറങ്ങാന്‍‌ കിടന്നാലും
മിണ്ടാതനങ്ങാതെ അരികത്തെത്തും
കെട്ടിപ്പിടിച്ച് കരയും

ഓര്‍മ്മ വന്നതൊക്കെ
ഇരുട്ടത്ത് കിടക്കുകയാണ്


 

 
10വായന:
 • Blogger T.A.Sasi

  ''ആരെല്ലാം വന്നാലും പോയാലും
  ഞാനാരുമല്ലല്ലൊ എന്ന് ഒറ്റക്കുള്ള കരച്ചിലാണ്''

   
 • Blogger നസീര്‍ കടിക്കാട്‌

  നാലാം നിലയിലെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാല്‍ തൊട്ടടുത്ത കെട്ടിടത്തിന്റെ ചുവരും,താഴത്തെ ഇത്തിരി മണ്ണില്‍ പാതിയുണങ്ങിയ മുരിങ്ങയും,തെങ്ങിന്‍ തൈയും,തുളസിയും....

   
 • Blogger നിഷാർ ആലാട്ട്

  :)

   
 • Blogger നൊമാദ് | ans

  അസ്സല് കവിത

   
 • Blogger പകല്‍കിനാവന്‍ | daYdreaMer

  എത്ര പിണങ്ങി നിന്നാലും പിന്നെയും പുറകിലൂടെ വന്ന് തൊടും...

   
 • Blogger വീട് വിട്ടുപോയ ഫൈസല്‍

  എത്തി നോക്കിയ വെയില്‍ പടിയിറങ്ങിപ്പോകുന്നു. പ്രകാശമുള്ള പച്ചയില്‍ നില്‍ക്കുന്നു മുരിങ്ങമരം.
  പണ്ട് ചെറുകാട് പറഞ്ഞ മുരിങ്ങമരം.
  നന്ദി നസീര്‍.

   
 • Blogger ചന്ദ്രകാന്തം

  "വളരുന്നതെങ്ങിനെയെന്നറിയാത്ത തെങ്ങിന്‍‌തൈയോട്
  വലുതായി വലുതായി നാലാം നിലയിലേക്ക്
  കൂടെ വരാമോയെന്ന്"...
  ഒരു ലോകം മുഴുവനുമുണ്ടിതില്‍.

   
 • Blogger ശ്രദ്ധേയന്‍

  :)

   
 • Blogger ദേവസേന

  എന്തിനാണിങ്ങനെ പ്രതിഷേധിച്ച്, സ്വയം പ്രതിരോധിക്കുന്നത്? കരയുന്നത്?

  ഏറ്റവും ഇഷ്ടമായ വരികള്‍ ശശി മോഷ്ടിച്ചു.

  സ്നേഹപൂര്‍വ്വം.

   
 • Anonymous Koyamparambath Satchidanandan

Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007