നൂറ്റാണ്ടുകള്‍ക്ക് ശേഷം വൈകുന്നേരം 6.30
Oct 17, 2009

ഫൈസലൊ ഫല്‍ഗുനനൊ ഫിലിപ്പോസൊ അല്ല
ഫോസില്‍

വളരെ പതുക്കെ ചെവിയില്‍ പറഞ്ഞാലും
ഉച്ചത്തില്‍ വിളിച്ച് കൂവിയാലും
കവിതയാണെന്ന് ആണയിട്ടാലും
വയറ്റില്‍ എല്ല് കുത്തും
എല്ലേ,ഞാനല്ലേടാ...
എന്നിട്ടും എത്ര വകഞ്ഞ് മാറ്റിയാലും
മണ്ണിനേക്കാള്‍ ചെറിയ മണ്‍‌തരിയാവാനാണ് മോഹം
പുല്ലിന്റെയും മരത്തിന്റെയും വേരിലേക്കാണ് നോട്ടം
തലയും വാലുമില്ലാത്ത മണ്ണിരയെ
അയല്‍ക്കാരനെന്നോ കൂട്ടുകാരനെന്നോ
ബിം‌ബങ്ങളാക്കി നോക്കിയിരിക്കും
ചോര്‍ന്നൊലിക്കുന്ന വീടെന്നും,പണ്ടെന്നും
ഉറവപൊട്ടി വരുന്നതെല്ലാം പുഴയെന്ന് ഉപമയില്‍ ലയിച്ചിരിക്കും
ചത്താലെങ്കിലും കണ്ണേ,
നിനക്കൊന്ന് നേരെ നോക്കിയാലെന്താ?
കൂട്ടുകാരനേയും അയല്‍ക്കാരനേയും രണ്ടു പൊട്ടിച്ചാലെന്താ?

അജ്ഞാതാ,
നിന്നോട് മാത്രം സ്വകാര്യത്തില്‍ പറയാം
നിന്റെ ദ്രവിച്ച കുപ്പായത്തിലെ ഫാഷന്‍‌മെന്‍ ടൈലേഴ്സില്‍ നിന്നൊ
പിന്‍‌തലയിലെ മുറിവാഴത്തില്‍ നിന്നൊ അല്ല
എന്റെ ഷര്‍‌ട്ടളവിലുണ്ടായിരുന്നു
തല തലോടിയപ്പോഴുണ്ടായിരുന്നു
നിന്നെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും.
നീ ജനിച്ച നട്ടപ്പാതിരയും
മരിച്ച വൈകുന്നേരം 6.30 ഉം മാത്രമല്ല
തിന്നുതീര്‍ത്ത പച്ചക്കറികള്‍
ആട്,കോഴി,പോത്ത്....ഹൊ
രഹസ്യങ്ങള്‍ക്ക് അവസാനമില്ലേ?

എന്റേതല്ലേ
എനിക്കെന്നോട് സ്നേഹം മാത്രമല്ലേ
കണ്ടോ
നീ ഞെട്ടി
ചത്താലും തീരില്ല ജിജ്ഞാസ
ശവം!

നെഞ്ചിന്‍‌കൂട് വെട്ടിപ്പൊളിക്കാനാടാ
മാന്തിയെടുത്തിട്ടെന്തായി
ചേര്‍‌ത്തു വെച്ചിട്ടെന്തായി
നിരൂപണമില്ലാതായി പോയ ഒറ്റവരികളുടെ
നെഞ്ചിലുണ്ടാവും
വൈകുന്നേരം 6.30 ന് മരിച്ചവന്റെ
ഒടുക്കത്തെ ഭാഷാഭം‌ഗികള്‍
എത്ര കാലം അസ്തികളിങ്ങനെ
വളര്‍ത്തുപക്ഷികളെക്കുറിച്ചുള്ള കവിത വായിച്ചിരിക്കും?

രഹസ്യങ്ങളുടെ തലയോട്ടിയില്‍ പെട്ടെന്നാണ്
പല്ലും മുടിയും മുളക്കുക
പല്ല് തേച്ച്,കുളിച്ച്,മുടിചീകി,കുപ്പായമിട്ട്...
അസ്ഥിയില്‍ പിടിച്ച ഈ പ്രണയം
എനിക്കു വയ്യ
ആരോടെങ്കിലുമൊന്ന് പറയണമല്ലൊ
മരിച്ചെന്ന് ഉറപ്പിക്കണമല്ലൊ


 

 
7വായന:
 • Blogger നസീര്‍ കടിക്കാട്‌

  ഇന്ന് വൈകുന്നേരം 6.30

   
 • Blogger kureeppuzhasreekumar

  പ്രിയ നസീര്‍
  നല്ല ഭാവന .അതിനുള്ളില്‍ വര്‍ത്തമാനകാലവും.
  നന്ദി

   
 • Blogger savi

  കവിത വായിച്ചു..ഇഷ്ടപ്പെട്ടു. കവിത വറ്റിയ കാലത്ത് അത് എഴുതാന്‍ തുനിയുന്നത് തന്നെ സാഹസം ..ആശംസകള്‍ .!

   
 • Blogger MP SASIDHARAN

  പ്രിയപ്പെട്ട നസീർ ,
  വൃത്തങ്ങളും ചതുരങ്ങളൂം പൊട്ടിച്ച്, നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം വൈകുന്നേരം 6.30 വീണ്ടും വരും

   
 • Blogger പകല്‍കിനാവന്‍ | daYdreaMer

  എനിക്കു വയ്യ
  ആരോടെങ്കിലുമൊന്ന് പറയണമല്ലൊ...!

   
 • Blogger എസ്‌.കലേഷ്‌

  jeevithale pala thalathil chutti pidikkunna kavitha

   
 • Blogger Mahi

  കെട്ടിപിടിച്ചൊരുമ്മ തരട്ടെ

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007