ചില്ലക്ഷരങ്ങള്‍
Oct 20, 2009

1
ഓര്‍ത്തുവെച്ചതെല്ലാം കുത്തിനിറച്ചിട്ടാവണം
പതിനാറ് ചക്രങ്ങളുള്ള ട്രക്ക് ഓടിക്കൊണ്ടിരിക്കുന്നത്
ഓര്‍ത്തുവെച്ചതിന്റെ ഭാരം കൊണ്ടാവണം
എന്തോ ഓര്‍ത്തുനടക്കുന്നൊരാളെ പോലെ ട്രക്ക്
ഇത്ര പതുക്കെ പോകുന്നത്

ഓര്‍ത്തുവെച്ചതിനെ മറികടക്കാനാവാത്തതു കൊണ്ടോ
ട്രക്കിനു പിന്നാലെ വേഗമില്ലാതെ കാറോടിക്കുന്നു,ഞാന്‍

2
വാങ്ങണമെന്ന് ഓര്‍ത്തിരുന്നതെല്ലാം
വിലക്കുറവെന്ന് ഹൈപ്പര്‍‌മാര്‍ക്കറ്റിലുണ്ടെന്നറിഞ്ഞിട്ടാവണം
റോഡില്‍ പെട്ടെന്ന് വാഹനങ്ങള്‍ നിറഞ്ഞത്
ട്രാഫിക്ക് ജാമിലൂടെ എണ്ണിത്തീര്‍ക്കാനാവാത്ത നിശ്ശബ്ദത
ഇഴഞ്ഞിഴഞ്ഞ് പോകുന്നത്

ട്രാക്ക് മാറി വലത്തോട്ട് തിരിഞ്ഞ്
മറ്റൊരു റോഡിലൂടെ പോകാതെ
കൈവിരലുകള്‍ കോര്‍ത്തുപിടിച്ച്
വാങ്ങാനുള്ളതൊക്കെ ഓര്‍ത്ത്
പതുക്കെപ്പതുക്കെ കാറോടിക്കുന്നു,ഞാന്‍

3
നട്ടുനനച്ച് വളര്‍ത്തിയ മരങ്ങളുടെ നിഴലെല്ലാം
എന്നെയും കൊണ്ടുപോകുമോയെന്ന്
റോഡിലിറങ്ങി നില്പുണ്ട്
ഉച്ചക്ക് കെട്ടിടം‌പണിക്കാര്‍ ഉറങ്ങുന്ന തണലാണ്
വൈകുന്നേരം കുട്ടികള്‍ കളിക്കാനെത്തുന്ന വീടാണ്
എത്ര ഹോണടിച്ചിട്ടും മാറാതെ നില്പാണ്
കാറ് കയറ്റി കൊല്ലാനാവില്ല
കാറില്‍ കയറ്റി കൊണ്ടുപോകാനാവില്ല

മുമ്പോട്ടു പോകാനാവാതെ
സ്റ്റിയറിം‌ഗില്‍ കൈവെച്ച് കാറിലിരിക്കുകയാണ്,ഞാന്‍

4

മറന്നുപോയൊരാള്‍
റോഡരുകിലെ ടാക്സിസ്റ്റാന്റില്‍ വണ്ടി കാത്ത് നില്‍ക്കുന്നുണ്ട്
കൈകാണിച്ച് മടുത്തിട്ടാവണം
ഒരു വണ്ടിയും നിര്‍ത്താത്തതുകൊണ്ടാവണം
പരിചയക്കാരെ തിരയുന്നുണ്ട്

എങ്ങോട്ടാണെന്ന് ചോദിച്ചതേയുള്ളൂ
മറന്നുപോയൊരാള്‍ ഓര്‍മ്മവന്നിട്ടെന്ന പോലെ
റൊഡിലേക്ക് വീണ് ഉടഞ്ഞു ചിതറി
എത്ര പെറുക്കിയിട്ടും തീരുന്നില്ലല്ലൊ ഈ ചില്ല്‌തുണ്ടുകള്‍

Labels:



 

 
13വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007