ഒക്ടോബര്‍
Oct 22, 2009
ആരോ
മാരണം ചെയ്തിട്ടുണ്ട്
തീര്‍ച്ച
ജീവിച്ചിരിക്കുന്നുവെന്ന
ആഹ്ലാദം കൊണ്ടാവാം
ഉണരുമ്പോള്‍
ചിലതിങ്ങനെ തീര്‍ച്ചയാണ്

ഇന്നലെ രാത്രിയും
നിലാവ് നോക്കി കിടന്നതാണ്
നീലനിലാവൊരു തോണി
അരയന്ന ചിറകുള്ള തോണി എന്ന്
പാട്ട് മൂളി ഉറങ്ങിയതാണ്
പതിവില്ലാതെ
പുലര്‍ച്ചെ ഞെട്ടിയുണര്‍ന്നിരുന്നു
വെള്ളം കുടിച്ചിരുന്നു

നേരം വെളുത്തതല്ല
കിഴക്കന്‍‌കുന്നിന്റെ ഭാരം
ഉഴിഞ്ഞുഴിഞ്ഞ്
നേരം വെളുപ്പിക്കുകയായിരുന്നു
മുറ്റത്തപ്പോഴും വെളിച്ചം
കാണാത്ത മട്ടില്‍
തല കുനിച്ച് നടക്കുകയായിരുന്നു

ഇന്നലെയും പച്ചച്ചുനിന്ന
ആര്യവേപ്പിന്റെ തെക്കോട്ടുള്ള കൊമ്പ്
കരിഞ്ഞുണങ്ങിയിരിക്കുന്നു
ചായക്ക് കടുപ്പം കുറഞ്ഞിരിക്കുന്നു
ഓക്കാനം വന്ന്
തെങ്ങിന്‍‌ചോട്ടിലേക്കോടിയപ്പോള്‍
തലനാരിഴ തൊട്ടു-
തൊട്ടില്ലെന്ന് തേങ്ങ
ഉരുണ്ടുരുണ്ട് പോകുന്നു
എന്തു കണ്ടിട്ടാണാവോ
കാക്കയിരുന്ന് കരയുന്നു
പട്ടി നിര്‍ത്താതെ കുരക്കുന്നു

പകല്‍ മുഴുവന്‍
മങ്ങിയും മാഞ്ഞും വെയില്‍

ഖദര്‍ കുപ്പായം
ഇസ്തിരിയിട്ടു വെച്ചിരുന്നതാണ്
ഗാന്ധിജയന്തിയാണ്
പുറത്തിറങ്ങണമെന്ന് കരുതിയതാണ്

ഇരുട്ടിയതോടെ
നൂല് പോലെ മഴ വന്നു
നേരത്തെ വന്നിട്ടും വൈകിയതെന്തേയെന്ന്
മകനോട് കയര്‍ത്തു
ഭ്രാന്തായോ എന്നവള്‍
അത്താഴമില്ലാതെ കിടന്നു

ഉറക്കമാണെല്ലാവരും,
ഖദര്‍ കുപ്പായമിട്ടു
ഇരുട്ടിലേക്കിറങ്ങി
വീട്ടുപടിക്കല്‍ ഗാന്ധി
കണ്ണട
ഊന്നുവടി

ഗാന്ധി ചോദിച്ചു:
നിലാവ്,
ആ പാട്ടൊന്ന് പാടാമോ?
ഓര്‍ത്തിട്ടുമോര്‍ത്തിട്ടും
ഒരു വരി പോലും ഓര്‍മ്മ വന്നില്ല
ഗാന്ധി
അര്‍ദ്ധനഗ്നതയോടെ തെറ്റിപ്പിരിഞ്ഞു

എനിക്ക്
നാണം വന്നു

Labels:



 

 
1വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007