നിഴലെന്ന് ഒരു വരി
Oct 24, 2009
ഉടലെന്ന് വായിച്ചെറിഞ്ഞതാവണം
ഉപേക്ഷിക്കപ്പെട്ട ഭാഷ പോലെ
വഴിയില്‍ വീണുകിടപ്പുണ്ട്
ഒരു വരി

എത്ര ആവര്‍ത്തിച്ചതാണീ വരി
എന്നിട്ടും കാലില്‍ വന്നുമുട്ടുമ്പോള്‍
പെരുവിരലില്‍
ചോര പൊടിയും

വരിമുറിച്ച്
മരച്ചില്ല മറ്റൊരു വരി എഴുതിയിടും
രണ്ടുടലിനെ
ഒന്നായെങ്ങിനെ വായിച്ചു തീര്‍ക്കുമെന്ന്
കാലില്‍
ചെരുപ്പിന്റെ വാറ്‌ പൊട്ടും

വഴിയില്‍ വലിച്ചെറിഞ്ഞതല്ലെ,
വഴിയേ പോകുന്നവരൊക്കെ ചവുട്ടി നടക്കും
വണ്ടി കയറി ചതഞ്ഞരയും
കിളികള്‍ കൊത്തിയെടുത്ത് പറക്കും

ആളൊഴിഞ്ഞ നേരത്തെങ്കിലും
എഴുന്നേറ്റ് വരുമെന്നും
ഉടലിന്റെയുടലേയെന്ന്
കെട്ടിപ്പിടിക്കുമെന്നും ഉള്ള് കുടയും

നടന്നുനടന്ന്
കാടോ മലയോ കാണും
കാടോ മലയോ എഴുതുന്ന ഒരു വരിയിലെ
ഏതു ഭാഷ വായിച്ചാണ്
എന്റെ ഒറ്റവരിയേ,
നീ ഇല്ലാതാവുന്നത്?
ഊരും പേരുമില്ലാത്ത പുല്ലിന്റെ
മാറത്തു കിടന്നിങ്ങനെ
മതികെട്ടുറങ്ങുന്നത്?

Labels: 

 
6വായന:
 • Blogger നസീര്‍ കടിക്കാട്‌

  പകലൊടുക്കത്തിലെല്ലാം

   
 • Blogger ശിഹാബ് മൊഗ്രാല്‍

  "രണ്ടുടലിനെ
  ഒന്നായെങ്ങിനെ വായിച്ചു തീര്‍ക്കുമെന്ന്
  കാലില്‍
  ചെരുപ്പിന്റെ വാറ്‌ പൊട്ടും"

  ഈ വാറു പൊട്ടിയ ചെരുപ്പാകണം, ഒറ്റവരിക്കിടയില്‍ ആയുധമാക്കപ്പെടുന്നതും.. :)

   
 • Blogger പ്രയാണ്‍

  ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരികളെന്നെ
  തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു ..
  എന്നിട്ടും പഴയ പോലെത്തന്നെയുണ്ട് വരികള്‍......

   
 • Blogger CR PARAMESWARAN

  ഒറ്റ കവിത എന്ന നിലയിൽ നന്നായിട്ടുണ്ട്.പക്ഷെ,എൻ സ്വരം വേറിട്ടു കേട്ടുവോ ഏന്ന് എങ്ങനെ ചൊദിക്കും എന്നതാണു പ്രശ്നം

   
 • Blogger മഷിത്തണ്ട്

  എന്നെങ്കിലും തിരിച്ചറിഞ്ഞേക്കും :)

   
 • Blogger MP SASIDHARAN

  പ്രളയമൊടുവിൽ വരുമ്പോൾ ഒരു വരി കവിത മേൽ പൊന്തിക്കിടക്കും......-സച്ചിദാനന്ദൻ

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007