ഹൈവേ
Oct 31, 2009
എന്ത് വായനക്കാര്‍? ഏത് വായനക്കാര്‍? വായനക്കാര്‍ പുല്ലാണ്...(വിഷ്ണുപ്രസാദ്)


വായനക്കാരെ വേണ്ടാത്ത കവിത
കവിത തന്നെ.


ഹൈവേ
അന്യദേശത്ത് നിന്നു വരുന്നതാണെന്നും
അന്യദേശത്തേക്ക് ഓടിപ്പോകുന്നതാണെന്നും
റോഡരുകിലൂടെ
നടന്നുപോകുന്നൊരാളെ
ദീര്‍ഘദൂരബസ്സെന്നോ
ചരക്ക് ലോറിയെന്നോ
അകലെ നിന്ന് നോക്കിക്കാണാന്‍
നമുക്ക് കഴിയും.
അല്ലെന്നാരെങ്കിലും കടും‌പിടുത്തം‌പിടിച്ചാല്‍
തെറ്റിദ്ധരിച്ചതാണെന്ന്
പറഞ്ഞൊഴിയാനും കഴിയും.

ഹൈവേയുടെ അരുകെന്നത്
ഇലക്ട്രിക്ക്‌പോസ്റ്റുകള്‍
സൈന്‍‌ബോര്‍‌ഡുകള്‍
ഒറ്റമരങ്ങള്‍ എന്നിവയുടെ
നീളന്‍‌വര മാത്രമാകുമ്പോള്‍
അന്യന്റെ കരയിലകപ്പെട്ടൊരാളുടെ
പരിഭ്രമങ്ങളെല്ലാം
നടന്നുപോകുന്നൊരാളുടെ മുഖത്തും
കണ്ടേക്കാം.

വാഹനങ്ങളൊന്നും നിര്‍ത്താത്ത
വേഗത്തെ അക്കത്തിലേഴുതിവെച്ച
ഹൈവേയുടെ അരുകിലൂടെ
ഒരു മലഞ്ചരുവിലെ കാറ്റിനോടൊപ്പമെന്നോ
വെയിലിനോടൊപ്പമെന്നോ
അയാള്‍
സ്വന്തം ദേശത്തേക്ക് നടക്കുകയാവണം.
അല്ലെങ്കിലും
നമുക്കയാളെ അങ്ങിനെത്തന്നെ
തെറ്റിദ്ധരിക്കാം.

ദുര്‍ഗ്ഗ
ബാലഗോപാല്‍
വിഷ്ണു
പളനിയപ്പന്‍ എന്നൊക്കെ പേരുള്ളതുകൊണ്ടാവാം
കടന്നുപോവുകയും
നേര്‍ക്കുനേരെ വന്ന് പിന്നിലേക്കു മായുകയും ചെയ്യുന്ന
വാഹനങ്ങളെ
ദൈവങ്ങളെന്നും തെറ്റിദ്ധരിക്കാം.

അപ്പോഴും
അയാള്‍ക്കുമാത്രം തൊട്ടടുത്തുനിന്ന് കാണാവുന്ന
ചിലതൊക്കെയുണ്ട്.
ഇലക്ട്രിക്ക്‌ലൈനില്‍ ചത്തുണങ്ങിയ പക്ഷി
എപ്പോഴാവാം താഴേക്കുവീഴുകയെന്ന
പഴക്കം ചെന്ന ഒരുതരം ഉല്‍ക്കണ്ഠ
ദൂരദേശങ്ങളുടെ വിചിത്രമായ പേരുകള്‍ക്കൊപ്പം
കൂടെക്കൂടുന്ന യക്ഷിക്കഥകള്‍
മരങ്ങളുടെ ഭാഷയിലേക്ക്
ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന്
പാടിത്തീരുന്ന പതിഞ്ഞ മൂളലുകള്‍.

ഓടിപ്പോകുന്ന വാഹനങ്ങളും കാണുന്നുണ്ട്
നടന്നുപോകുന്നൊരാളെ
ഞൊടിയിടക്കിടയില്‍.
പക്ഷിയെന്ന് പാടിവിളിച്ചും
വീടെന്ന് ഓര്‍ത്തുവിളിച്ചും
മരമെന്ന് മാടിവിളിച്ചും
ഒരു ബസ്സ്.
വീട്ടുകാരായെന്ന് നീട്ടിക്കൂവി
ഒരു ചരക്കുലോറി.

ഒരാള്‍
ഹൈവേ മുറിച്ചുകടന്ന്
ഇപ്പുറത്തെത്തുന്നതും കാത്ത്
മറ്റൊരാള്‍
അതേ റോഡരുകിലൂടെത്തന്നെ നടക്കുന്നതുമാത്രം
ആരും കാണുന്നില്ല

Labels: 

 
12വായന:
 • Blogger നസീര്‍ കടിക്കാട്‌

  വായനക്കാരല്ലാത്തവര്‍ക്ക്

   
 • Blogger ദേവസേന

  വായനക്കാരിയല്ല.
  ഈ ഹൈവേയിലെ യാത്രക്കാരി.

   
 • Blogger കുഴൂര്‍ വില്‍‌സണ്‍

  ഒരാള്‍
  ഹൈവേ മുറിച്ചുകടന്ന്
  ഇപ്പുറത്തെത്തുന്നതും കാത്ത്
  മറ്റൊരാള്‍
  അതേ റോഡരുകിലൂടെത്തന്നെ നടക്കുന്നതുമാത്രം
  ആരും കാണുന്നില്ല"

  മുറിച്ച് കടക്കുന്നതിനെക്കുറിച്ച്
  ഇനി മിണ്ടരുത്.

  കൊന്നു കളയും

   
 • Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്

  'ഇലക്ട്രിക്ക്‌ലൈനില്‍ ചത്തുണങ്ങിയ പക്ഷി
  എപ്പോഴാവാം താഴേക്കുവീഴുകയെന്ന
  പഴക്കം ചെന്ന ഒരുതരം ഉല്‍ക്കണ്ഠ,

   
 • Blogger Sathyan

  nalla kavitha

   
 • Blogger മഷിത്തണ്ട്

  ഒരാള്‍
  ഹൈവേ മുറിച്ചുകടന്ന്
  ഇപ്പുറത്തെത്തുന്നതും കാത്ത്
  മറ്റൊരാള്‍
  അതേ റോഡരുകിലൂടെത്തന്നെ നടക്കുന്നതുമാത്രം
  ആരും കാണുന്നില്ല

  eshtaayi :)

   
 • Blogger കുളക്കടക്കാലം

  (:

   
 • Blogger പാവപ്പെട്ടവന്‍

  കള്ളം പറഞ്ഞ കവിതകള്‍ എന്ന് പേരിടാമായിരുന്നു

   
 • Blogger സൂപ്പര്‍ ബ്ലോഗര്‍

  എന്തോന്ന് കവിതയാടോ ഇത്...
  മനസ്സിലായില്ല :)
  -ഒരു വായനക്കാരന്‍

   
 • Anonymous അധുൻ കപിൻ

  അഥുണിഘഗവിദ

  നേതാരവതീ ഒറ്റക്കണ്‍ണീ

  വയനക്കറെ വെന്നം


  നേതാരവതീ ഒറ്റക്കണ്‍ണീ
  എന്നെ മുണ്‌ങിയ പ്രുംപാബെ

   
 • Blogger Mahi

  ഹാ കവിതെ

   
 • Blogger ഭൂതത്താന്‍

  ഞാന്‍ ഹൈവേ കൂടി യാത്ര ചെയ്യുന്നില്ല ...ആകാശത്തൂടെ പറന്നു നടക്കുവാ ...എല്ലാം കണ്ടും കെട്ടും ...ഭൂതതിനെന്തിനാ ഹൈ വേ...... നന്നായി ..ആട്ടെ ആ ചത്ത്‌ ഉണങ്ങിയ പക്ഷി എപ്പോള്‍ താഴെ വീഴും ..ഭൂതത്തിനും ഒരു ഉല്‍ക്കണ്ട്ട ഉണ്ട് ട്ടാ .......

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007