നിഘണ്ടുവിലില്ലാത്തത്
Nov 2, 2009
കൂ കൂകൂ കൂവേയ്
പൂ പൂപൂയ്

പലതരത്തിലെഴുതിയിട്ടും
വലിച്ചെറിയും പോലൊരു ശബ്ദമല്ലാതെ
ചെറിയ വാക്കുപോലുമായില്ല.
വാക്കുകള്‍ കൂടെക്കൂട്ടാതെ
പിണങ്ങിപ്പിരിഞ്ഞ്
കൂക്ക്
എങ്ങോട്ടെങ്കിലും ഓടിപ്പോകും.
പരിചയമില്ലാത്തൊരാളുടെ ചെവിയില്‍ ചെന്ന്
ഉച്ചത്തില്‍ പരാതിപറയും.
ഞെട്ടിത്തിരിയുന്ന അപരിചിതന്
കൂട്ടംകൂടി നില്‍ക്കുന്ന വാക്കുകളെ
ചൂണ്ടിക്കാണിച്ചു കൊടുക്കും.

കൂട്ടത്തില്‍ കൂട്ടാത്ത സങ്കടത്തില്‍
കൂക്ക്
ഒന്നും മിണ്ടാതാവും
കാണാതാവും.

വാക്കുകളോട് കയര്‍ത്ത്
അലഞ്ഞുതിരിയും.
കുട്ടികളോടൊപ്പം ഒളിച്ചുകളിക്കും
തൊട്ടിയില്‍ കയറി കിണറ്റിലേക്ക് ചാടും
ബസ്സുകള്‍ക്കൊപ്പം ഓടി നഗരത്തിലെത്തും
ടിക്കറ്റെടുക്കാത്തതിന്
സിനിമാതിയേറ്ററില്‍ നിന്ന് പുറത്താക്കപ്പെടും
ജാഥയില്‍ തള്ളിക്കയറി
അടിയും ചവിട്ടും കൊള്ളും.
പാതിരയായാല്‍ പ്രേതങ്ങളുടെ തോളത്തിരുന്ന്
എല്ലാ വീടുകളേയും പേടിപ്പിക്കും.

വെളുക്കുന്നതിനും മുന്‍പെ
കടവത്ത് തോണിക്കാരനാവും.
തെങ്ങിന്റെ മണ്ടയില്‍ കയറിയിരിക്കും
തേങ്ങയിടും
കള്ള് കട്ടുകുടിക്കും
തല പെരുത്ത്
വാക്കായവാക്കിനെയെല്ലാം കൂക്കിവിളിക്കും.

മരക്കൊമ്പില്‍
കുയില്‍‌കൂക്കിനോടു ചേര്‍ന്ന്
കണ്ണും നാവും തുറിച്ച് തൂങ്ങിയാടിയും
കടല്‍‌ത്തിരയില്‍ മണ്ണുമണപ്പിച്ച്
മീനുകള്‍ കൊത്തിതിന്നതിന്‍ ബാക്കി
വീര്‍ത്തുപൊട്ടിയും
കൊടും‌കാട്ടില്‍ മരപ്പച്ചയിലുമ്മവെച്ച്
പുലി കടിച്ചുപറിച്ച തുണ്ടുകളായും
ആര്‍ക്കും ചേര്‍ത്തുവായിക്കാനാവാത്ത
അക്ഷരമാലയാകും.

Labels:



 

 
15വായന:
  • Blogger നസീര്‍ കടിക്കാട്‌

    പുറത്താക്കപ്പെട്ടവരുടെ വാക്കെന്ന് വിളിക്കാമോ കൂക്കിനെ?

     
  • Blogger Mahi

    കവിത നന്ന്‌ എങ്കിലും ഈ ഒരേ സ്റ്റൈല്‍ മടുപ്പിക്കില്ലെ?? ഓടിപ്പോകും, പരാതിപറയും, ചൂണ്ടിക്കാണിച്ചു കൊടുക്കും, കാണാതാവും എന്നിങ്ങനെയുള്ള ഒരേ വാക്യ ഘടന നസീര്‍ക്കയുടെ പല കവിതകളിലായി ആവര്‍ത്തിക്കുന്നു

     
  • Blogger നസീര്‍ കടിക്കാട്‌

    സത്യം,മടുക്കുന്നുണ്ടെനിക്കും.
    അതുകൊണ്ടാവണം വാക്കില്‍ നിന്നു കൂക്കിലെത്തിയത്...നന്ദി മഹീ.

     
  • Anonymous Anonymous

  • Blogger നസീര്‍ കടിക്കാട്‌

    ശരിയാണല്ലൊ.തലക്കെട്ട് പോലും തെറ്റിപ്പിരിഞ്ഞ് കൂക്കാകുന്നുവല്ലൊ ദൈവമേ!തിരിത്തിയിട്ടുണ്ട്.

     
  • Blogger ഭായി

    വിദ്യാര്‍ഥികള്‍ കോളേജിന്‍ പടിവാതില്‍
    ചവിട്ടുന്നന്നുമുതല്‍ക്ക് പിള്ളേരു തൊണ്ടയില്‍
    ബാധയായ് കയറിടും കൂ കൂ കൂയ് കൂക്ക്...

    ഹ ഹ ഹാ...കൊള്ളാം നസീറേ ഇഷ്ടപെട്ടു..

     
  • Blogger unni ji

    ഈ കൂക്കിനെ എങ്ങിനെ കൂട്ടത്തിൽ
    കൊണ്ടുനടക്കും? ഉപേക്ഷിച്ചാൽ എത്രയും നല്ലത്‌ !

     
  • Blogger വിഷ്ണു പ്രസാദ്

    കൂക്കിന്റെ ജീവിതം നന്നായിട്ടുണ്ട്.

     
  • Blogger വിഷ്ണു പ്രസാദ്

    This comment has been removed by the author.

     
  • Blogger Malayali Peringode

    :)

     
  • Blogger ഗുപ്തന്‍

    വാക്കുചെയ്യുന്നതെന്തും ചെയ്തിട്ടും കൂക്കിനോട് ഒരു വിവേചനമാണ്.

    ആംസ് ആന്‍ഡ് ദ് മാനില്‍ വേലക്കാരനെ ഉറക്കെ വിളിക്കുന്ന ഭര്‍ത്താവിനെ പുതിയ സാമൂഹ്യമര്യാദകളുടെ വക്താവായ ഭാര്യ ശാസിക്കുന്നുണ്ട്. ഉച്ചത്തില്‍ വിളിക്കുന്നത് വിവരംകെട്ടവരേ ചെയ്യൂ വിവരമുള്ളവര്‍ വേലക്കാരനെ വിളിക്കാന്‍ ബെല്‍ ഉപയോഗിക്കും എന്ന്.

    ഒരുതരം പ്രോലറ്റേറിയന്‍ സംസ്കാരത്തിന്റെ ആഘോഷഭാവങ്ങളിലാന്നായിരുന്നു കൂക്ക്. അത് പാട്ടിലും നൃത്തത്തിലും മാംഗല്യത്തിലും തുള്ളിയുറയലിലും മുതല്‍ കള്ളുചെത്തിലും കുടികഴിഞ്ഞുള്ള ആഘോഷത്തിലും വരെ രൂപ ഭേദങ്ങളെടുത്തു. തൊഴിലാളിയുടെ അന്തര്‍ദേശീയ ഭാഷയിലെ ആദ്യത്തെയും അവസാനത്തെയും വ്യഞ്ജനം അതായിരുന്നു.

    ഇപ്പോള്‍ നാട്ടില്‍ മീന്‍ കാരന്‍ വിളിക്കാറില്ല. ബെല്ലടിക്കുകയാണ്. ബെര്‍ണാഡ് ഷോയുടെ പൊങ്ങച്ചക്കാരി വീട്ടമ്മയെ ഓര്‍മിപ്പിക്കും ആ ബെല്ലടി.

    എന്തൊക്കെയോ ഓര്‍മിപ്പിച്ചു ഈ കവിത.

    പറയാനുള്ളത് മുഴുവന്‍ പറഞ്ഞില്ല എന്ന് തോന്നി. കൂക്കിന്റെ സംഗീതം മനസ്സിലോര്‍ത്തിരുന്നെങ്കില്‍ പദഘടനയും രീതിയും മാറ്റിയൊന്നു പണിയാന്‍ വഴിയുണ്ടെന്നും :)

     
  • Blogger Unknown

    BAS KARO YAR

     
  • Blogger ഭൂതത്താന്‍

    കു ....കു ...കൂയ്....മാഷേ കവിതയെ കൂകിയത് അല്ല ....ഞങ്ങള്‍ടെ നാട്ടുവഴികളില്‍ കൂടി പോകുമ്പൊള്‍ കയര്‍ പിരിക്കുന്ന പെണ്ണുങ്ങള്‍ടെ കൂക്കല്‍ ഒന്നു കൂകി നോക്കിയതാ ....ആദ്യമായ്‌ ഇവിടെ എത്തിപെടുന്ന പാവത്താന്‍ മാര്‍ കൂകല്‍ കെട്ട് തിരിഞ്ഞും നോക്കും ....എന്തിനാ എന്നെ കൂകിയത്‌ എന്ന മട്ടില്‍ ..... ഈ കൂക്കിന്റെ ഒരു കാര്യമേ ....കൂകലിനു .ഒരു നീട്ടി കൂവല്‍ എന്റെ വക ...കൂ ....കൂ ...കൂയ്‌ .....

     
  • Blogger സൂര്യ

    നിഖണ്ടു അല്ലെ ശരി? കവിത നന്നായി.. സ്നേഹം.

     
  • Blogger naakila

    ആര്‍ക്കും ചേര്‍ത്തുവായിക്കാനാവാത്ത
    അക്ഷരമാലയാകും.

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007