കാലെന്നുപറഞ്ഞാല്‍ മനസ്സിലാകുമോ?
Nov 10, 2009
കവിത മനസ്സിലാകുന്നില്ലെന്നു പറഞ്ഞ കൂട്ടുകാരാ
മനസ്സിലാകുന്നുവോ,
നടന്നുപോകുന്ന ജീവിതം.
കവിതയില്‍ നിന്നീ ജീവിതം വെട്ടിമാറ്റണോ
ജീവിതത്തില്‍ നിന്നീ കാലുകള്‍ വെട്ടിമാറ്റണോ?
കൂട്ടുകാരാ,
കാല് പിടിക്കുന്നു ഞാന്‍
നീ തന്നെ പറയ്.

കാണുമ്പോള്‍ ഒന്നേ ചോദിക്കൂ നീ
എങ്ങിനെ നടക്കുന്നുവെന്ന്.
നന്നായ് നടക്കുന്നുവെന്ന് പറയുവാന്‍
എത്ര നടക്കണം
കിതയ്ക്കണം.

കാലുകള്‍ക്കിടയില്‍ പെട്ടുപോയ
തലയെക്കുറിച്ചു പറഞ്ഞാല്‍
നീ എന്തു വിചാരിക്കുമെന്നാണീ
കാലിന്റെ വിചാരം.
നടത്തം വേഗത്തിലാക്കും.
മറ്റൊരു വഴിക്ക് നടക്കും.
ഒന്നിച്ചുപഠിച്ചതല്ലേ കളിച്ചതല്ലേ
പിന്നാലെയുണ്ടല്ലൊ നീ.

കാലുകള്‍ക്കൊപ്പം നടന്നെത്താനാവാതെ
തല
എവിടെയോ ഉരുണ്ടുനടക്കുന്നുണ്ട്.
തിരഞ്ഞുപോകുമ്പോഴും
നീ കൂടെത്തന്നെ,
എങ്ങോട്ടാണെന്ന്
മനസ്സിലായില്ലല്ലോയെന്ന്.

കാലുഴിഞ്ഞുഴിഞ്ഞ്
നെഞ്ചുഴിഞ്ഞുഴിഞ്ഞ്
കഴുത്തിലെത്തുമ്പോള്‍
കഴുത്തിന് കുത്തിപ്പിടിക്കുന്ന കൂട്ടുകാരാ
ചില ശ്വാസങ്ങള്‍
ചിലതൊക്കെ ധ്വനിപ്പിക്കുന്നതുമാത്രം
എത്ര പെട്ടെന്നാണ്
നിനക്കു മനസ്സിലാവുന്നത്.

Labels:



 

 
8വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007