അയിലേസാ
Dec 3, 2009
വല നിറയെ മീനോ?

വലിച്ചിട്ടും
വല പൊട്ടിച്ചിട്ടും
കരയ്ക്കടുക്കുന്നില്ല.
കരയില്‍
ഏതൊക്കെ മീനുകളെക്കുറിച്ച്
എത്ര ജാതി സ്വപ്നങ്ങള്‍.

കരകയറി വരുവോളം
കുറുകിക്കുറുക്കി
ഒറ്റയ്ക്ക്
വലവീശുന്നവന്റെ അയിലേസാ

വല ഭൂമിയോളം വട്ടം ചുറ്റി,
എന്റെ കൈയിലുണ്ടതിന്‍
അറ്റം.
ദൈവം തന്നെയാണ് ഞാന്‍.

മീനുകള്‍ ചെകിളയിളക്കുന്നത്
ചെകുത്താനേ
ചെകുത്താനേയെന്ന്
എന്നെത്തന്നെ.

മത്തി
ഒരു ജാതിയാണ്.
അയലയും അയക്കോറയും
രണ്ടു ജാതികളാണ്.
കരയോടടുക്കുമ്പോള്‍
കണ്ണുരുട്ടുന്നുണ്ട്
എല്ലാ ജാതി മീനുകളും.

കരയില്‍ പിടഞ്ഞ്
ചെതുമ്പല്‍ ചേര്‍ത്തുവെച്ച്
മത്സ്യം പോലുമല്ലാത്ത ചെമ്മീനും
ഞണ്ടും കൂന്തളും
എന്റെ ദൈവമേയെന്ന്
കൂട്ടപ്രാര്‍ത്ഥനയാണ്.
അയിലേസാ എന്നൊരു
കടലിരമ്പം.

മീന്‍‌പിടുത്തക്കാരനും
ദൈവത്തിനും
ഒരേ മുഖഛായ.

ദൈവമായിട്ടെന്താ,
എന്റെ ജാതിയോട്
എനിക്കും തോന്നുന്നുണ്ട്
ഒറ്റയ്ക്കൊരു
അയിലേസാ.

Labels:



 

 
5വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007