തെറി
Dec 10, 2009
വളരെപ്പെട്ടെന്ന് ഞാനും നീയും
തിയേറ്ററില്‍ നിന്നോ
തീവണ്ടിയില്‍ നിന്നോ
മറ്റൊരാളുടെ സം‌ഭാഷണത്തില്‍ നിന്നോ
തെറിച്ചു പോകുന്നു
മൂന്നാം ലോകത്തെത്തുന്നു
അതിനേക്കാള്‍ പെട്ടെന്ന്
അന്യവത്കരിക്കപ്പെടുന്നു
കവിതയെഴുതാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്
ഒറ്റയ്ക്കാവുന്നു.

ഒറ്റയ്ക്ക്:

നിരനിരയായിരുന്നവര്‍ ഇറങ്ങിപ്പോയ
തിയേറ്റര്‍
നായകനടനെ മുന്‍പിലെ കസേരയിലിരുത്തി
തലയറുത്ത്
വേദിയുടെ മദ്ധ്യത്തില്‍ അഭിനയിപ്പിക്കാന്‍ വിടും.
ഉടലില്ലാത്തവന് സം‌ഭാഷണം തെറ്റും
തിയേറ്റര്‍ ഒന്നാകെ കൂക്കിവിളിക്കുമ്പോള്‍,
അന്നേരമാണ്
നാടകം കണ്ടിറങ്ങിയ ചിലരെ കാണാതാവുക
ചിതറിയ ശവങ്ങള്‍ കണ്ടെത്തുക
തീവണ്ടി പൊട്ടിത്തെറിക്കുക.

നഗരങ്ങള്‍‌ക്കെല്ലാം തിയേറ്ററുകളുണ്ട്
സ്ഥിരം നാടകക്കൂട്ടങ്ങള്‍
സ്വന്തം നാട്യശാസ്ത്രങ്ങള്‍
തനതുതാളം
വേഷഭൂഷാദികള്‍.
മറ്റൊരാളുടെ സം‌ഭാഷണത്തിനിടക്കുള്ള
ചുമ
ദീര്‍ഘനിശ്വാസം.

പൊട്ടിത്തെറിച്ച തീവണ്ടിയും
ഞാനും നീയും
അവശിഷ്ടമല്ലാതെ മറ്റൊന്നുമല്ല.

ചുമ
ദീര്‍ഘനിശ്വാസം
ഇതിലേതെങ്കിലുമാണ് ആ കവിതയുടെ പേരെങ്കില്‍
നമ്മള്‍
ഇതിലുമെത്രയോ പെട്ടെന്ന്
പിണങ്ങിപ്പിരിയും
നെറ്റി ചുളിക്കും

രണ്ട് തെറികളാവും.

Labels:



 

 
2വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007