തീവണ്ടിമാര്‍ഗ്ഗം
Jan 11, 2010
ഉള്ളുപൊള്ളി ഒളിച്ചോടുന്നതിന്റെ
കൂവിവിളിച്ചുള്ള നീളം നോക്ക്
വീടും നാടും ദൂരെയാവും,ചെറുതാവും
വാതില്‍ തുറന്നാണോ കിടക്കുന്നത്?
നോക്കിയിട്ടും നോക്കിയിട്ടും കണ്ണെത്തുന്നില്ല.
മരമോ മലയോ മറ്റൊരുവീടോ
മറച്ചുപിടിക്കും.
തുരങ്കത്തിനുള്ളില്‍ കുടുങ്ങി ലോകമവസാനിക്കും.
നിനച്ചിരിക്കാതെ ഏതെങ്കിലും തീവണ്ടിസ്റ്റേഷന്‍
പത്രവും ചായയുമായി വരുമ്പോള്‍
വീണ്ടും വീട്ടിലെത്തിയെന്ന് തോന്നാന്‍ തോന്നും.
ഒരാള്‍ ഇറങ്ങിപ്പോകുമ്പോള്‍
ഒരാള്‍ കയറിക്കൂടും
മറ്റൊരു നാടിന്റെ പേരുപറഞ്ഞ് തൊട്ടടുത്തിരിക്കും
ഒളിച്ചോടുകയാണ്,കള്ളന്‍!
പാലം കുലുക്കിയോടുമ്പോള്‍
കണ്ടേ കണ്ടേയെന്ന് പുഴ
എവിടേ എവിടേയെന്ന് ദൂരെ കര...
പാലം കടന്നിട്ടുണ്ടാവും
ഓടിപ്പിടഞ്ഞുവന്ന കര പുഴയില്‍ വീണുചത്ത്
കരയ്ക്കടിയുമ്പോള്‍
എത്ര വീടുകളാവും മാറത്തടിച്ചു കരയുക?
പാടം വകഞ്ഞ് വരമ്പത്തൂടെ ഓടുന്നത് കണ്ട്
കൊയ്ത്തരിവാളുയരും
തമ്പ്രാനേ...
സഖാവേ...
നെല്ല് ഗോതമ്പ് ചോളം
അറിയില്ലേ അറിയില്ലേ
എത്ര പെട്ടെന്നാണ് എല്ലാം കൊയ്തു തീരുന്നത്
മരുഭൂമിയിലെത്തും,കൂവും
മറുകൂക്കുമായ് മേഘങ്ങളിറങ്ങിവന്ന്
കൈപിടിക്കും കെട്ടിപ്പിടിച്ചുമ്മ വെക്കും
ആരാ ആരാ ഞാനാടാ ഞാനാടാ

തിരിച്ചുവരില്ല തീവണ്ടി.

Labels: 

 
6വായന:
 • Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്

  എത്ര പെട്ടെന്നാണ് എല്ലാം കൊയ്തു തീരുന്നത്
  hmm

   
 • Blogger മനോഹര്‍ മാണിക്കത്ത്

  ഇനിയും കൊയ്ത് തീര്‍ക്കാന്‍
  ബാക്കിയുണ്ട്...?
  നന്നായി ഈ എഴുത്ത്

   
 • Blogger എം.പി.ഹാഷിം

  എത്ര പെട്ടെന്നാണ് എല്ലാം കൊയ്തു തീരുന്നത്
  മരുഭൂമിയിലെത്തും,കൂവും
  മറുകൂക്കുമായ് മേഘങ്ങളിറങ്ങിവന്ന്
  കൈപിടിക്കും കെട്ടിപ്പിടിച്ചുമ്മ വെക്കും
  ആരാ ആരാ ഞാനാടാ ഞാനാടാ

   
 • Blogger പ്രയാണ്‍

  നല്ല തീവണ്ടിക്കവിത.........
  കയറിയിരിക്കുമ്പോള്‍
  വണ്ടിയെക്കാളും വേഗത്തില്‍
  കാഴ്ച്ചകള്‍ മറയുമ്പോള്‍
  ഓര്‍ക്കില്ല തിരിച്ചൊരു വരവില്ലെന്ന്...........

   
 • Blogger റ്റോംസ് കോനുമഠം

  കൊള്ളാം മാഷേ,

  ഈ ബ്ലൊഗിലും നോക്കുമല്ലോ..
  ജോയിന്‍ ചെയ്യുമല്ലോ..!!
  പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

  http://tomskonumadam.blogspot.com/

  http://entemalayalam1.blogspot.com/

   
 • Blogger സോണ ജി

  തീവണ്ടി മാര്‍ഗ്ഗത്തിലൂടെയൊരു ജീവിത യാത്ര !

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007