ടൂത്ത് പിക്സ്
Jan 26, 2010
തലക്കഷണം എനിക്കും
വാല്‍‌ക്കഷണം നിനക്കും വിളമ്പി
വിശന്നിരിക്കുമ്പോള്‍
നാല് കാലുകള്‍ക്കിടയില്‍
ഒരു പൂച്ചക്കരച്ചില്‍
വന്യമായ് പതുങ്ങുന്നുണ്ട്
ഒറ്റത്തട്ടിന്
എനിക്കോ നിനക്കോ
ആട്ടിയോടിക്കാവുന്നത്.
എന്നിട്ടും
തീന്‍‌മേശ മനുഷ്യചരിത്രമാണെന്നും
ഒറ്റികൊടുക്കപ്പെട്ടേക്കുമെന്നും
തടവിലാവുകയാണ്
രണ്ടുപേര്‍:
പരസ്പരം മാറിപ്പോയോ
തലയും വാലുമെന്ന്.

രണ്ടു പാത്രത്തില്‍
രണ്ട് കഷണങ്ങള്‍
തിന്നൊടുങ്ങുന്നതിനു മുന്‍പുള്ള
പ്രാര്‍ത്ഥനയിലാണ്
ചെകിളയിളക്കിയും വാലാട്ടിയും
ഒരു മീന്‍
അവസാനമായി നീന്തിക്കടക്കുന്ന
ജലം
പെട്ടെന്ന്
കടല്‍‌ത്തിരയാകും
തിരയ്ക്കിരുപുറം രണ്ട് കരകള്‍
രണ്ട് രാജ്യങ്ങള്‍
വള്ളങ്ങള്‍
വലകള്‍

കരഞ്ഞു നടക്കുന്ന പൂച്ച
ഒരു പാവം
വളര്‍ത്തുമൃഗമാണെന്ന്
ഞൊടിയിടയില്‍
അത്താഴം അവസാനിക്കുമ്പോള്‍
രണ്ടുപേര്‍
പല്ലിട കുത്താന്‍ തുടങ്ങുന്നു.

Labels: 

 
2വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007