ഡയറിയില്‍ നിന്ന് പറിഞ്ഞുപോയ ഒരാഴ്ച
Feb 25, 2010
2010
ഫെബ്രുവരി 1


നമ്മളിപ്പോള്‍
പണ്ടത്തേതിലുമേറെ പഴകിയിരിക്കുന്നു
അച്ഛനുമമ്മയ്ക്കും വയസ്സായെന്ന്
നമ്മുടെ സ്വരം
ഒരേ വേഗത്തില്‍ കൂട്ടിയിടിക്കുന്നു
മറ്റാരൊക്കെയോ മരിക്കുന്നു.
മരിച്ചവരുടെ ആം‌ബുലന്‍‌സാണ്
നമ്മള്‍
ചുമന്നുകൊണ്ടു പോകുന്നത്
ഒരേ ഭാരം ചുമക്കുന്ന
ഉറ്റശത്രുക്കള്‍
ശവങ്ങളോട് മാത്രം സംസാരിക്കുന്ന
രണ്ടര്‍‌ത്ഥങ്ങള്‍.

മഞ്ഞുകാലം കഴിയൂന്നുവെന്ന്
ഒരു പുതപ്പ്
രണ്ടായ് പുതയ്ക്കുന്നു
ദേശങ്ങള്‍ കൊണ്ടുവന്ന
പക്ഷികളുടെ കൂട്ടം
തണുപ്പെല്ലാം കൊത്തിതീര്‍ന്ന്
ശ്മശാനം നമുക്കു തന്ന്
അപ്രത്യക്ഷമാകുന്നു
പക്ഷിച്ചിറകുകള്‍ കട്ടപിടിച്ച
മരത്തിന്റെ കൊക്കില്‍
വെയിലിരുന്ന് പാടുന്നു
തലയ്ക്കു മുകളില്‍ ആം‌ബുലന്‍‌സ്
സൈറണ്‍ മുഴക്കി
ഓടിപ്പോകുന്നു

നാമിപ്പോള്‍
ഭാരമില്ലാത്ത
പഴകിയ
രണ്ടു കൈവണ്ടികള്‍.

ഫെബ്രുവരി 2

ഒരു ദിവസത്തിലേറെ
ശവങ്ങള്‍ക്ക് കൂട്ടിരിക്കാനാവില്ല.

നമ്മളിപ്പോള്‍
വീണ്ടും പഴയ കൂട്ടുകാര്‍
തോളത്ത് കൈയുള്ളവര്‍
എല്ല് കരിഞ്ഞതിന്‍ കരിക്കട്ട കൊണ്ട്
ചുവരെഴുതുന്നു
എഴുതി നിറഞ്ഞ ചുവരുകള്‍
കത്തുന്ന വീടുകള്‍ പണിയുന്നു
വീടാണ് സ്വപ്നം
ഇറക്കിവിട്ട വീടുകള്‍
ഇറങ്ങിപോകാത്ത ചുവരുകളുടെ
തുറന്നു കിടക്കുന്ന വാതില്‍
എല്ലാ മഞ്ഞും
എല്ലാ മഴയും
എല്ലാ വെയിലും
അകത്തേക്ക് കയറും

ചുവരില്‍
മരിച്ചവരുടെ ചിത്രങ്ങള്‍
കലണ്ടര്‍
ദൈവം
ഘടികാരം.
ചുവര്‍ വിട്ടിറങ്ങുന്നില്ല,ഒന്നും-
പുറത്തേക്ക് പോകുന്നില്ല

ദൂരെ നഗരത്തില്‍
മരിച്ചവരെ ഓര്‍ത്തുവെന്നും
ഇന്ന് ജന്മദിനമാണല്ലൊ എന്നും
ഉറക്കത്തില്‍ ദൈവം വന്നുവെന്നും
വഴിയില്‍ സമയം തെറ്റിയെന്നും
അതിഥികള്‍ വരുന്നുണ്ട്

ഇരുട്ടുമ്പോള്‍
വീടിന് തീപിടിക്കുന്നുണ്ട്

ഫെബ്രുവരി 3

നമ്മുടെ ശവങ്ങള്‍
ഉണര്‍ന്നെഴുന്നേല്‍ക്കുന്നു
തിടുക്കത്തില്‍ പല്ല് തേക്കുന്നു
കുളിക്കുന്നു

എത്ര തേച്ചിട്ടും
മുന്‍‌വരിയില പുകക്കറ
പോകുന്നില്ലെന്ന് ഞാന്‍
കുളിച്ചിട്ടും കുളിച്ചിട്ടും
മായുന്നില്ല
മുതുകിലെ അടിപ്പാടെന്ന് നീ

ഒരുങ്ങിയിറങ്ങുമ്പോള്‍
തെക്കൂന്നും വടക്കൂന്നും
പുളിമരം കല്ലെറിയുന്നു
അതുകണ്ട മൂവാണ്ടന്‍‌മാവ്
കല്ലെറിയുന്നു
വരിക്കപ്ലാവും ചാമ്പയും
കറിവേപ്പും കാഞ്ഞിരവും
കൊന്നയും മുരുക്കും കല്ലെറിയുന്നു.

മരങ്ങള്‍
പ്രേതങ്ങളെ തിരിച്ചറിയുന്നുണ്ട്
കല്ലെറിഞ്ഞ് ഓടിക്കുന്നുണ്ട്

ഓടിയെത്തുന്ന കവലയില്‍
പീടികത്തിണ്ണയില്ല
ചായച്ചായ്പില്ല
ആര്‍‌ട്‌സ് ക്ലബ്ബില്ല
പാര്‍‌ട്ടിയാപ്പീസില്ല

ഓടിയെത്തുന്ന നഗരത്തില്‍
പൂക്കാരിപ്പെണ്ണില്ല
ബസ്സുകളില്ല
തീവണ്ടി മുറിയില്ല
പ്രസംഗങ്ങളില്ല

സ്മാരകം പോലെ
ഒരു കരിമ്പന.

ഫെബ്രുവരി 4

കരിമ്പനയുടെ ഉച്ചിയില്‍
നാലാം തവണയാണ്
ഞാനീ പുസ്തകം വായിക്കുന്നത്
നാലാം തവണയാണ്
നീയിതു കേള്‍ക്കുന്നത്
മരിച്ചവര്‍
പിന്നേയും വായിക്കുന്നു
പിന്നേയും കേള്‍ക്കുന്നു

ഇത് നാലാമത്തെ വരി

പനയുടെ ഉച്ചിയില്‍
പക്ഷികള്‍ കണ്ടുമുട്ടുന്നില്ല
പനയുടെ കൊമ്പില്‍
മരങ്ങള്‍ തഴച്ചുവളരുന്നില്ല
അകലേക്ക് പറന്നുപോയതിനെ
പക്ഷികളെന്ന് വിളിക്കാനാവാതെ
തേങ്ങി തേങ്ങി വളര്‍ന്ന്
പന
ആകാശം മുട്ടും
ശ്വാസം മുട്ടും.

ആരെങ്കിലും വെട്ടിമുറിച്ചെങ്കിലെന്ന്
നമ്മളിങ്ങനെ പരസ്പരം
നോക്കിയിരിക്കുമ്പോള്‍
കാറ്റ് വീശുന്നു

എത്ര പെട്ടെന്നാണ്
നമ്മുടെ നിഴല്‍
കമഴ്ന്നടിച്ചു വീഴുന്നത്

ഫെബ്രുവരി 5

നഗരത്തില്‍ നിന്നു നഗരത്തിലേക്ക്
നാം നടന്നുപോയ ബസ്സുകള്‍ക്ക്
എത്ര കണ്ണുകളായിരുന്നു

ചിലരൊക്കെ ഒരേ നോട്ടം
ചിലര്‍ കണ്ണട വെച്ച്
ചിലര്‍ കണ്ണ് തിരുമ്മി
ചിലര്‍ ഉറക്കം തൂങ്ങി

ഞാനും നീയും
അങ്ങോട്ടുമിങ്ങോട്ടും
കണ്ണടയെ കളിയാക്കി
കണ്ണ് വെട്ടിച്ച്
ഉറക്കം നടിച്ച്...
ഓരോ സ്റ്റോപ്പിലും
നമ്മളിറങ്ങി
നമ്മള്‍ കയറി

ആല്‍‌ത്തറ
നാലാംകല്ല്
കുന്നംകുളം
കൂറ്റനാട്
പല പേര്
പല നാള്

ഞാന്‍ ഇടയ്ക്കുവെച്ച് കയറി
നീ ഇടയ്ക്കിറങ്ങി.
ബസ്‌സ്റ്റോപ്പില്ലാത്ത
മനുഷ്യരില്ലാത്ത
ശ്മശാനം പോലുമില്ലാത്ത
ഉച്ചവെയിലിലേക്ക്

ഫെബ്രുവരി 6

ഉച്ചയായാല്‍
വയറ്റത്തടിക്കും നമ്മുടെ പാട്ട്
“ഞാനാണയിട്ടാല്‍
അത് നടന്തുവിടും...”
എത്ര നേരം കാത്തിരിക്കും
എത്ര പാട്ട് കേള്‍ക്കും
എത്ര കൊടുക്കും
എത്ര വാങ്ങും?

നീയൊരു ആണ്‍‌കുട്ടിയെ
ദത്തെടുക്കും
ഞാനൊരു പെണ്‍‌കുട്ടിയെ
ദത്തെടുക്കും
മക്കളേയെന്ന് നമുക്കിടയില്‍
എട്ടോ പത്തോ കിലോമീറ്റര്‍
ഓടി തീരുന്നതിനിടയില്‍
നീയവനെ ഡോക്ടറാക്കും
ഞാനവളെ ടീച്ചറാക്കും

തൊട്ടടുത്ത സ്റ്റോപ്പില്‍
രണ്ടുപേര്‍
അച്ഛനിറങ്ങാനായെന്ന്
ഒരു കൊമ്പന്‍‌മീശ
ഒരു കട്ടമീശ
തിടുക്കത്തില്‍ അഴിച്ചുവെക്കും

ഒരാള്‍ മാത്രം
തെക്കോട്ടുള്ള ബസ്സിന്
കാത്തുനില്‍ക്കും.

ഫെബ്രുവരി 7

ആ ബസ്സ്
ത്ര്‌ശ്ശൂരെത്തും മുന്‍പെ
പുഴയ്ക്കല്‍ പാടത്തേക്ക് മറിയും
ഖലാസികളോടൊപ്പം
കോഴിക്കോട് നിന്ന്
അബ്ദുല്‍ഖാദര്‍ പാടാനെത്തും
“പാടം പച്ചച്ച പാവാടയിട്ടപ്പോള്‍
പാവം നീയെത്ര...”

ശ്രീനാരായണ ബസ്സ് കാണാതാവും
പത്തറുപത് പേരും
തൊട്ടടുത്തിരുന്ന ഇലകളും
മരങ്ങളും പക്ഷികളും
വെയിലും കാറ്റും
മേല്‍‌വിലാസവും ഇല്ലാതാവും

നമ്മള്‍ മാത്രം രക്ഷപ്പെടും

പക്ഷികള്‍ കൊത്തിപ്പറന്ന്
മരക്കൊമ്പത്തിരുന്ന്
അടുത്ത ബസ്സിന് കൈ കാണിക്കും
പെട്ടെന്ന് ബ്രേക്കിട്ടു നിര്‍ത്തിയ
ബസ്സിനു പേര്
മാതാവെന്നും
പിതാവെന്നും
നമ്മള്‍
രണ്ടു യാത്രക്കാര്‍
തര്‍ക്കിച്ചു കൊണ്ടിരിക്കുമ്പോള്‍
ബസ്സിന് നീളം കൂടും
രണ്ട് ബോഗികളാകും

ഷൊര്‍ണൂരെത്തുമ്പോള്‍
രണ്ടിടത്തേക്ക് കൂവും.

Labels: 

 
22വായന:
 • Blogger നസീര്‍ കടിക്കാട്‌

  ഡയറിയില്‍ നിന്ന് പറിഞ്ഞുപോയ ഒരാഴ്ച

   
 • Blogger ഒഴാക്കന്‍.

  iniyum aazchakal parakkatte

   
 • Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്

  ഒരുങ്ങിയിറങ്ങുമ്പോള്‍
  തെക്കൂന്നും വടക്കൂന്നും
  പുളിമരം കല്ലെറിയുന്നു
  അതുകണ്ട മൂവാണ്ടന്‍‌മാവ്
  കല്ലെറിയുന്നു
  വരിക്കപ്ലാവും ചാമ്പയും
  കറിവേപ്പും കാഞ്ഞിരവും
  കൊന്നയും മുരുക്കും കല്ലെറിയുന്നു.

  സ്മാരകം പോലെ എല്ലാം ..വായിക്കപ്പെടേണ്ട, വീണ്ടും വീണ്ടും വായിപ്പിക്കുന്ന കവിത.

  ഓര്‍മ്മിപ്പിക്കുന്നു ഇതും..

  എത്ര പെട്ടെന്നാണ്
  നമ്മുടെ നിഴല്‍
  കമഴ്ന്നടിച്ചു വീഴുന്നത്

   
 • Blogger Anilan -അനിലന്‍

  very good,Strange,poetic and something more...

   
 • Blogger Anilan -അനിലന്‍

  very good,Strange,poetic and something more...

   
 • Blogger kureeppuzhasreekumar

  nannayi naseer.

   
 • Blogger കുഴൂര്‍ വില്‍‌സണ്‍

  ഫെബ്രുവരി 8(ലത് നിന്റെ സമയം)

  ഫെബ്രുവരി 25
  കാക്കനാടന്‍ കുരീപ്പുഴ ബെന്യാമിന്‍ പി സുരേന്ദ്രന്‍ ദേവസേന
  രാം മോഹന്‍ പിന്നെ
  കുഴൂര്‍ വിത്സണ്‍ എന്നിങ്ങനെ ഒരാള്‍ ഒരാള്‍ ഒരാള്‍ വിളിച്ച് കൂവുന്നത് അയാള്‍ ഒന്നുകില്...

  അല്ലെങ്കില്‍ പിന്നെ

  കാടേ എനിക്ക് ഇന്ന് കൂടി ഒന്ന് മരിക്കണം പ്ലീസ്. ഉമ്മ. നിനക്കും ലോകത്തിനും. അതിന് ഒരു കാരണമുണ്ട്. ഇന്ന് എന്റെ എന്റെ എന്റെ എന്റെ മാത്രം പിറന്നാളാണ്

   
 • Blogger പ്രയാണ്‍

  കൂകിപ്പായുന്ന വണ്ടിയിലിരുന്ന്
  നീ എന്നെയോര്‍ക്കും
  ഞാന്‍ നിന്നെയും
  പിന്നെയെപ്പോഴോ
  ആ ഓര്‍മ്മകള്‍ നമ്മളാകും
  അപ്പോഴേക്കും വണ്ടി ഒരുപാട്
  ദൂരങ്ങള്‍ താണ്ടിയിട്ടുണ്ടാവും.........

   
 • Blogger Deepa Bijo Alexander

  നമ്മുടെ ശവങ്ങള്‍
  ഉണര്‍ന്നെഴുന്നേല്‍ക്കുന്നു
  തിടുക്കത്തില്‍ പല്ല് തേക്കുന്നു
  കുളിക്കുന്നു......

  കവിത ഇഷ്ടമായി...

   
 • Blogger സോണ ജി

  ഈ പ്രവാസി കവിയെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു...

  അങ്ങയുടെ വാക്കുകള്‍ക്കു മുമ്പില്‍ അടിയന്‍ നമ്രശിരസ്കനായി നില്‍ക്കുന്നു...
  ഒത്തിരി ഇഷ്ടായി ഈ കവിത..നന്ദി !

   
 • Blogger വിനു

  ചുവരില്‍
  മരിച്ചവരുടെ ചിത്രങ്ങള്‍
  കലണ്ടര്‍
  ദൈവം
  ഘടികാരം.
  ചുവര്‍ വിട്ടിറങ്ങുന്നില്ല,ഒന്നും-
  പുറത്തേക്ക് പോകുന്നില്ല

  അടഞ്ഞവാതിലിനുള്ളില്‍ എന്തിനോ വേണ്ടിയുള്ള ഒരു ജീവിതം.....!!!

  നന്നായിരിക്കുന്നു നസീര്‍ക്കാ...!!

  ആശംസകള്‍..!

   
 • Blogger നാടകക്കാരന്‍

  നല്ല കവിത കിടിലൻ

   
 • Blogger mary lilly

  നന്നായി

   
 • Blogger വിജയലക്ഷ്മി

  കവിത നന്നായിട്ടുണ്ട് ..മുഴുവനും വായിച്ചുതീരുമ്പോഴേക്കും തുടക്കം മറന്നുപോകുന്നു ..ഒത്തിരി നീണ്ടു പോയതുപോലെ എനിക്കുതോന്നി..ക്ഷമിക്കുക ...സോനയാണ്‌ ലിങ്ക്‌ തന്നത് .ആശംസകള്‍ !

   
 • Blogger മഷിത്തണ്ട് (രാജേഷ്‌ ചിത്തിര)

  നല്ല കവിത ....

  വീണ്ടും വായിപ്പിക്കുന്ന കവിത

   
 • Blogger മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍

  ഈ ചിന്തകള്‍ (ഞാന്‍ അങ്ങിനെയേ വിളിക്കൂ)അപ്പോ ഇത് കവിതയല്ലേ എന്നു ചോദിച്ചേക്കാം!പക്ഷെ ഈ എഴുതിവെച്ചിരിക്കുന്നതെന്താണ്!വായിച്ച് കമേന്റിയവര്‍ എല്ലാവരും എഴുതുന്നു;നന്നായിരിക്കുന്നെന്ന്!സത്യത്തില്‍ ഞാന്‍ മനസിലാക്കുന്നത് അവര്‍ക്കാര്‍ക്കും ഇതൊന്നും മനസിലായിട്ടില്ല!പിന്നെ ഇത്തരം മനസിലാവാത്ത ചിന്തകള്‍ വായിച്ച് അര്‍ത്ഥം ഗണിക്കാന്‍ ഈ പ്രവാസലോകത്ത് അര്‍ക്കും സമയവുമില്ല അപ്പൊ പിന്നെ നല്ലത്,നന്നായി എന്നു പറയുന്നതാണ്!അല്ലാ ഈ ഭ്രാന്തമായ ചിന്തകള്‍ തന്നെയല്ലേ കവിത.ചിലപ്പോള്‍ ആയേക്കാം.അല്ല തീര്‍ച്ചയായും അതെ.

   
 • Blogger വിഷ്ണു പ്രസാദ്

  കുറച്ചുകാലത്തിനു ശേഷം നീ വീണ്ടും നന്നായി എഴുതി...പരീക്ഷണങ്ങള്‍ നടക്കട്ടെ.

   
 • Blogger ഒറ്റവരി രാമന്‍

  കര്‍ത്താവേ...
  കവിത വായിച്ചു മത്തായി ഇതാ വരുന്നേ.....ന്നേ.........ന്നേ......ന്നേ.......ന്നേ......ന്നേ.....
  വായിച്ചിട്ട് കോരി തരിച്ചു പണ്ടാരമടങ്ങി.
  എന്നാ കവിതയാ. ഹോ.... this is too much..

  സോനാ മാഷെ, മേലാല്‍ മേലാല് ഇത്തരം കവിതകള്‍ക്ക് ചൂണ്ടു പലകയിടാന്‍ മറക്കരുത്.

  കമന്റ്‌ സീരിയസ് ആയി എഴുതണമെന്നു ഉണ്ട്...
  Excitementil എന്റെ ഉള്ളിലെ കൂതറ മേല്‍കൈ നേടികഴിഞ്ഞു.

   
 • Blogger kaithamullu : കൈതമുള്ള്

  മരിച്ചവരുടെ ആം‌ബുലന്‍‌സാണ്
  നമ്മള്‍
  ചുമന്നുകൊണ്ടു പോകുന്നത്
  ഒരേ ഭാരം ചുമക്കുന്ന
  ഉറ്റശത്രുക്കള്‍
  ശവങ്ങളോട് മാത്രം സംസാരിക്കുന്ന
  രണ്ടര്‍‌ത്ഥങ്ങള്‍.
  --

  ‘ഭീകര’മായ കവിത!
  (എനിക്കങ്ങനെയാ പറയാന്‍ തോന്നുന്നത്)
  എന്നെ ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ത്തുമോ ഈ ‘ചിന്ത’കള്‍?

   
 • Blogger ചന്ദ്രകാന്തം

  പക്ഷിച്ചിറകുകള്‍ കട്ടപിടിച്ച മരക്കൊമ്പില്‍, വെയിലിന്റെ പാട്ട്‌ കേള്‍ക്കാം.
  കരിക്കട്ടയെഴുതിയ ചുമര്‍ വാതില്‍ മഴയ്ക്കും മഞ്ഞിനും വെയിലിനുമായി തുറന്നുതന്നെയിടാം.
  തര്‍ക്കിച്ചു തര്‍ക്കിച്ച്‌, ബസ്സിന്‌ നീളം കൂടണ്ടാ; ബോഗികള്‍ രണ്ടിടത്തേയ്ക്ക്‌ കൂവണ്ടാ. അല്ലെങ്കില്‍ത്തന്നെ, ഒരു കാറ്റില്‍ കമഴ്ന്നടിച്ചുവീഴുന്ന നിഴലുകളെന്തിനാണ്‌ തര്‍ക്കിക്കുന്നത്‌..

   
 • Blogger സോണ ജി

  ഒറ്റവരി രാമാ...
  മറക്കില്ലെട...ഇതും ഞാന്‍ അല്ലേ അനക്ക് തന്നത്...? ങും

   
 • Blogger Mahi

  naseerka u r again........

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007