മറ്റൊരാള്‍
Mar 6, 2010
കുട്ടികളേ
നിങ്ങളുടെ മാഷ് ഞാനായിരുന്നെങ്കില്‍
അക്ഷരങ്ങള്‍ക്ക് ചിറകും കൊക്കും തന്ന്
പറക്കാന്‍ പഠിപ്പിക്കാമായിരുന്നു
മലകള്‍ക്കും പലപല നാടുകള്‍ക്കും മുകളില്‍
സ്വന്തം പേരും ക്ലാസ്സും ഡിവിഷനുമെഴുതാമായിരുന്നു
നിങ്ങളുടെ നോട്ട്‌ബുക്കില്‍ വെട്ടിയും തിരുത്തിയും
എനിക്ക് ഒപ്പിടാമായിരുന്നു

അളവെടുക്കാനെത്തിയവരേ
നിങ്ങളുടെ തയ്യല്‍ക്കാരന്‍ ഞാനായിരുന്നെങ്കില്‍
നെഞ്ചോട് ചേര്‍ത്ത് ചുവന്ന റോസാപ്പൂ തുന്നി
മിടിപ്പുകളെ മണമുള്ളതാക്കാമായിരുന്നു
ആര്‍ക്കും അടര്‍ത്തിയെടുത്ത് തലയില്‍ ചൂടാന്‍
പലനിറത്തില്‍ പൂക്കള്‍ വിരിയുന്ന ചെടികള്‍ തുന്നാമായിരുന്നു
നിങ്ങളുടെ കീശയില്‍ ആരും കാണാതെ
കൈയിട്ട് നോക്കാമായിരുന്നു

ഫോട്ടോയെടുക്കാന്‍ മുഖം വെളുപ്പിച്ചെത്തിയവരേ
നിങ്ങളുടെ ഛായാഗ്രാഹകന്‍ ഞാനായിരുന്നെങ്കില്‍
കണ്ണുകളില്‍ നീലക്കടലൊഴുക്കി
പ്രണയത്തിന്റെ കപ്പലുകള്‍ ആഴങ്ങളിലേക്ക് മറയുന്നത്
ഒറ്റ ക്ലിക്കില്‍ ഒപ്പിയെടുക്കാമായിരുന്നു
കവിളുകളില്‍ ചുംബനച്ചൂട് പൊള്ളിയതിന്‍ പാട്
അതേപടി പകര്‍ത്താമായിരുന്നു
നിങ്ങളറിയാതെ എന്തോ ഓര്‍ത്തുനില്‍ക്കുന്ന കാഴ്ച
എന്റെ ഫോട്ടോ ശേഖരത്തില്‍ ഒളിപ്പിക്കാമായിരുന്നു


 

 
18വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007