ഗ്ലോബ്
Mar 18, 2010
അച്ഛന്‍ പണിയിച്ച വീട്ടില്‍
അച്ഛന്‍ വാങ്ങിയ മേശപ്പുറത്തിപ്പോഴും
അച്ഛന്റെ ഭൂമി.
അച്ഛന്റെ തലയാണോ അച്ഛാ ഭൂമി?
ഉപഗ്രഹം പോലൊരു ചോദ്യം
ഇപ്പോഴും
ഭൂമിയെ വലം വെക്കുന്നുണ്ട്

അച്ഛന്റെ മടിയിലിരുന്ന്
സൂര്യനെ തൊട്ടടുത്ത് കണ്ടു
ആദ്യമായ് ചന്ദ്രനിലിറങ്ങി
ഭൂഖണ്ഡങ്ങള്‍ക്കിടയിലെ കടലുകളില്‍
പായ്ക്കപ്പലിറക്കി
ഹിമാലയം കയറി
അച്ഛന്‍ കാണാതെ
ഹിരോഷിമയില്‍ ബോംബിട്ടു

മേശപ്പുറത്തെ
അച്ഛന്റെ ഭൂമിയില്‍ നിന്നു നോക്കിയാല്‍
അച്ഛന്‍ പണിയിച്ച വീടും
മേശയും കാണില്ല
വളഞ്ഞുതിരിഞ്ഞ വരകള്‍ക്കിടയില്‍
ചികഞ്ഞുചികഞ്ഞ്
കുഴിച്ചുകുഴിച്ച് അച്ഛന്‍ പോയി

അച്ഛന്റെ ഭൂമി പഴകിയിരിക്കുന്നു
അതിര്‍ത്തികള്‍ മാഞ്ഞിരിക്കുന്നു
കടലിന്റെ നിറം മങ്ങിയിരിക്കുന്നു
ഓരോ വട്ടംകറക്കലിലും
തെറിച്ചുവീഴുന്ന രാജ്യങ്ങള്‍
അടുക്കിവെച്ചും കുഴിച്ചുമൂടിയും
ഭൂമിയുണ്ടാക്കി കളിക്കുകയാണെന്റെ
മക്കള്‍

Labels: 

 
9വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007