എങ്ങിനെയെഴുതിയാലും 8 നിവര്‍ന്നുനില്‍ക്കില്ല
Apr 21, 2010
എട്ടുകെട്ടിനു ചുറ്റും
ഏക്കര്‍ കണക്കിനു തെങ്ങ്
ഏക്കര്‍ കണക്കിനു മാവ്
ഏക്കര്‍ കണക്കിനു പുളി
ഏക്കര്‍ കണക്കിനു നെല്ലി
ഏക്കര്‍ കണക്കിനു കിളികള്‍
ഏക്കര്‍ കണക്കിനു നാല്‍ക്കാലികള്‍
ഏക്കര്‍ കണക്കിനു പാമ്പും കീരിയും

നടുമുറ്റത്തു മഴപെയ്യുമ്പോള്‍ കാണണം
എട്ടുകെട്ടിനു ചുറ്റും
മരങ്ങള്‍ കുടചൂടുന്നത്
കിളിക്കൂട് ഒലിച്ചുപോകുന്നത്
നാല്‍ക്കാലികള്‍ പയ്യാരം പറയുന്നത്
പാമ്പും കീരിയും കെട്ടിപ്പിടിക്കുന്നത്

നടുമുറ്റത്തു സൂര്യനുദിക്കുമ്പോള്‍ കാണണം
എട്ടുകെട്ടിനു ചുറ്റും
മരങ്ങള്‍ക്കു കൊമ്പും
കിളികള്‍ക്കു ചിറകും
നാല്‍ക്കാലികള്‍ക്കു വാലും മുളയ്ക്കുന്നത്
പാമ്പും കീരിയും പഴയതൊക്കെ മറക്കുന്നത്

എട്ടുകെട്ടു പൊളിക്കുമ്പോള്‍
ഏക്കര്‍ കണക്കിനെന്ന കണക്കു തെറ്റി
എട്ടെന്നെഴുതുമ്പോള്‍
വളഞ്ഞുതിരിഞ്ഞു മൂക്കുപിടിക്കലായി
പൊളിച്ചടുക്കിയ മരയുരുപ്പടികള്‍ക്കിടയിലൂടെ
എട്ടടിമൂര്‍ഖന്‍ ഓടിപ്പോയ വഴി
കണക്കിനു പുറത്തായി

ഏതു മാളത്തിലും എത്തിനോക്കലാണിപ്പോള്‍
ഒളിച്ചിരിപ്പുണ്ടോ എട്ടടിമൂര്‍ഖന്‍

Labels: 

 
2വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007