കിടപ്പുമുറി*
Apr 9, 2010



















നീ വരച്ചിട്ട
മഞ്ഞച്ച മരക്കസേരയിൽ
എന്നോ എഴുന്നേറ്റുപോയ
വിരുന്നുകാരന്റേതാണ്
ഈ വെള്ളത്തുവാല 
പൂമ്പാറ്റച്ചിറക്

മുഖം തുടച്ച തൂവാലയും
വെയിലിൽ പൊള്ളിപ്പറന്ന 
പൂമ്പാറ്റച്ചിറകും
ഞാൻ 
മറന്നുവെച്ചതാണ്

ഇരിപ്പിടത്തെ വ്യാഖ്യാനിക്കുമ്പോൾ
അവൾ
നഗ്നയായി കസേരയിലിരിക്കും
കസേരയ്ക്ക് അഭിമുഖം 
കട്ടിലിൽ
കിടന്നതിന്റെയൊ 
കിടക്കാനുള്ളതിന്റെയൊ 
പഴകിയ ഓർമ്മ 
കത്തിക്കരിഞ്ഞ്
കട്ടിലിനു ചുവപ്പ്
ചുവരിനു നീല
നിലത്തിനു പച്ച

മുറിയിലെ മൂന്നുകസേരകളിലൊന്നിൽ
ഞാൻ 
അവളുടെ മുലകൾക്കു 
നിറം കൊടുക്കുമ്പോൾ
ഒരു കസേര മാത്രം
ഒരിക്കലും ആരും 
ഇരുന്നിട്ടില്ലാത്ത എല്ലാക്കാലത്തേയും 
സ്വപ്നം കാണുന്നുണ്ട്

നീ വരച്ചിട്ട കിടപ്പുമുറിയിൽ
കട്ടിലും മേശയും 
മഞ്ഞയായിരുന്നല്ലൊ
രണ്ടു കസേരകളായിരുന്നല്ലൊ
അവളോ
നഗ്നതയോ ഉണ്ടായിരുന്നില്ലല്ലൊ

തട്ടിമറിഞ്ഞ എണ്ണച്ചായമാണ്
ഉപേക്ഷിക്കപ്പെട്ട ഇരിപ്പിടം

കസേരയിൽ
ഇപ്പോഴും കത്തുന്ന മെഴുകുതിരി
നിവർത്തി വായിക്കുവാനാകാത്ത
രണ്ടു പുസ്തകങ്ങൾ

കിടപ്പുമുറിയിലേക്കു
നഗ്നയായി അവൾ വന്നിട്ടുണ്ട്
നിറം തട്ടിമറിഞ്ഞിട്ടുണ്ട്
മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചിട്ടുണ്ട്
വായിച്ചിരുന്നിട്ടുണ്ട്

കട്ടിൽ ചുവന്നിട്ടുണ്ട്

ഇല്ലായിരുന്നെങ്കിൽ
മഞ്ഞച്ച മരക്കസേരയിൽ
എങ്ങു നിന്നാണീ ഓർമ്മ
ജാലകങ്ങൾക്ക്
എങ്ങിനെയാണീ പച്ച

ഉണ്ട്
ഞാനവളുടെ മുലകൾക്കു
പല നിറങ്ങൾ കൊടുത്തിട്ടുണ്ട്
അമ്മയേക്കാളുമേറെ

മഞ്ഞച്ചവീട്ടിലെ
ഈ കിടപ്പുമുറിയിൽ


*The bedroom-വിൻ‌സന്റ് വാൻ‌ഗോഗിന്റെ പെയിന്റിം‌ഗ്

Labels:



 

 
16വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007