ഈരടി എന്ന ശീര്‍ഷകം ഞാന്‍ മരിച്ചാല്‍ എന്റെ മക്കളെ ആരു നോക്കുമെന്നു തിരുത്തുന്നു
Apr 25, 2010
ഒരു ദിവസം ഞാന്‍
നിന്റെ നഗരത്തിലേക്കു നുഴഞ്ഞുകയറും

തിരക്കിട്ടോടുന്ന വണ്ടികള്‍
വഴിതെറ്റി അന്യാധീനപ്പെടും

ഇടത്തോട്ടുള്ള തീവണ്ടിപ്പാത വലത്തോട്ടു കൂകിപ്പാഞ്ഞ്
കായലോരത്തു കമഴ്ന്നുകിടക്കും

തണല്‍‌മരങ്ങളുടെ ചില്ലയില്‍
ചെമ്പരത്തി വിരിഞ്ഞു ചോരയിറ്റും

ചെണ്ടുമല്ലി പൂത്തത് ചോരയില്‍ വീണു
പച്ചച്ച മരങ്ങളുണ്ടാവും

ഛായാചിത്രങ്ങളുടെ നിറം വറ്റി
കണ്ണുകളും ചുണ്ടുകളും കൊഴിയും

ഇലഞ്ഞിപ്പൂക്കള്‍ കോര്‍ത്ത്
ഒരു പൂക്കാരി മാത്രം മാല വില്‍ക്കാനിരിക്കും

കെട്ടിടങ്ങളുടെ ജനല്‍‌പാളികള്‍
പക്ഷികളായ് കാട്ടിലേക്കു പറക്കും

കാല്‍‌നടക്കാര്‍ ഒന്നൊന്നായഴിച്ച്
നഗ്നതയുടെ ഓര്‍മ്മ പോലും വലിച്ചെറിയും

വിളക്കുകാലുകളില്‍ നിന്നു
മെഴുകുതിരികള്‍ ഉരുകിയൊലിക്കും

പ്രതിമകള്‍ കൈകാല്‍ കുടഞ്ഞ്
പ്രാചീനഭാഷയില്‍ പാടാന്‍ തുടങ്ങും

തുറമുഖം
മത്സ്യങ്ങള്‍ വളഞ്ഞുപിടിക്കും

കപ്പലുകള്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍
നാവികര്‍ക്കു ചിറകും ചെതുമ്പലും മുളയ്ക്കും

ഒരു ദിവസം ഞാന്‍
നിന്റെ നഗരത്തിലേക്കു നുഴഞ്ഞുകയറും

ഞാനും നീയും നഗരവും
ഒറ്റ ശബ്ദത്തില്‍
പൊട്ടിത്തെറിക്കുന്നതിന്റെ ശിര്‍ഷകമാകുമോ
സ്വപ്നങ്ങളെയോര്‍ത്തുള്ള
നിശ്ശബ്ദമായ ഈ ഈരടികള്‍ക്കും
നാം കണ്ടുമുട്ടുന്ന ഓരോ നഗരത്തിനും

Labels: 

 
12വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007