40 പേജുള്ള വരയില്ലാത്ത നോട്ടുബുക്ക്
May 16, 2010
(യു.പി.ക്ലാസ്സില്‍ മലയാളം പഠിപ്പിച്ച ബാലകൃഷ്ണന്‍ മാഷ്‌ക്ക്,
മലയാളം മാഷ് ഹെഡ്‌മാഷായപ്പോള്‍ അതിഥിയായി പൂര്‍വ്വവിദ്യാര്‍ത്ഥിയായി
ചുള്ളിക്കാടിന്റെ മാപ്പുസാക്ഷി ചൊല്ലിയപ്പോള്‍ “ഇതു നീയെഴുതിയാതാണോയെന്നു” ചോദിച്ച
എന്റെ മാത്രം മലയാളത്തിന്റെ ബാലകൃഷ്ണന്‍ മാഷ്‌ക്ക്,
സ്ക്കൂളിനെക്കുറിച്ചോര്‍ക്കാന്‍ കൂത്താടിച്ചിച്ചെടിയെപ്പോലെ കൊതിപ്പിക്കുന്ന
കുഴൂര്‍ വിത്സന്റെ “തെറി”ച്ച മലയാളത്തിന്)

തുറന്നതേയുള്ളൂ
ആദ്യത്തെ പേജ്
ഞാനാണാകാശമെന്ന്
മേഘങ്ങളുരുട്ടാന്‍ തുടങ്ങി

രണ്ടാമത്തെ പേജ്
വിമാനമായി

മൂന്നാം പേജിനു തീ പിടിച്ചു
ആദ്യത്തെ റോക്കറ്റുണ്ടായി

നാലും അഞ്ചും പേജില്‍
പകര്‍ത്തിയെഴുതിയ
കൂട്ടലും കിഴിക്കലും

ആറാമത്തെ പേജ് കാണാനില്ല

വീടും നാടും
തിരിച്ചും മറിച്ചും തിരഞ്ഞിട്ടും
പത്രപ്പരസ്യം കൊടുത്തിട്ടും
ആറാം പേജു മാത്രം കാണാനില്ല

40 പേജുള്ള നോട്ടുപുസ്തകം
ആറാം പേജ്
തിരഞ്ഞുനടക്കുമ്പോള്‍
ഏഴാം പേജ്
പല മടക്കുമടങ്ങി
തോട്ടൊഴുക്കു വകഞ്ഞ്
വഞ്ചിയിറക്കും

എട്ടാം പേജില്‍
തുഴ വരയ്ക്കാതെ വയ്യ

ഒമ്പതാം പേജ് നദിയിലേക്കും
പത്താം പേജ് കടലിലേക്കും
അനായാസം ഒഴികിപ്പോകും

വരയില്ലാത്ത നോട്ടുബുക്കിലെ
30 പേജുകളാണിപ്പോള്‍
കരയേത്
കടലേത്
ആകാശമേത് എന്നൊക്കെ
പേരും
ക്ലാസ്സും
ഡിവിഷനും
വീണ്ടും വീണ്ടും വായിക്കുന്നത്





 

 
6വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007