അമ്മമൈന
May 7, 2010വീട്ടിലേക്കെത്തുവാന്‍
മൈനയ്ക്കും
പലവഴി പറക്കണം

രണ്ടു ചിറകുകളുടെ ഓര്‍മ്മയില്‍
പലവഴികള്‍ വരയ്ക്കുന്ന
ചായപ്പെന്‍സിലാണെന്റെ അമ്മയെന്ന്
ഒരു മൈനക്കുഞ്ഞ്
ഗ്യാസ്‌ മീറ്ററിന്റെ തൊടിയില്‍
നാരകച്ചില്ലകളുടെ വീട്ടിലിരുന്ന്
ഏതുനേരവും കൊക്കു തുറക്കുന്നുണ്ട്

മട്ടുപ്പാവില്‍ നിന്നു മേഘങ്ങളിലേക്കും
മേഘങ്ങളില്‍ നിന്നു മരക്കൊമ്പിലേക്കും
മരക്കൊമ്പില്‍ നിന്നു വീട്ടിലേക്കും
തൂവല്‍ പൊഴിക്കുമ്പോള്‍
യക്ഷിയും മറുതയുമലയുന്ന
കാടു കടക്കുന്നതിന്‍ കിതപ്പോ,
റോഡു മുറിക്കുന്നതിന്‍ പേടിയോ
എന്താണ്
എന്താണ്
പറന്നു പറന്നു വീടെത്തിയിട്ടും
വീടെത്തിയില്ലെന്ന ചിറകനക്കമോ
മൈനേ നിനക്ക്
പറക്കണം പറക്കണമെന്നു കൊഞ്ചും
മൈനക്കുഞ്ഞിനെ മാറത്തടക്കുമ്പോള്‍
മട്ടുപ്പാവുകള്‍
നിലം പൊത്തുന്ന ശബ്ദവുമായി
ഒറ്റച്ചിറകില്‍ കാറ്റു പറന്നെത്തും
മേഘം പിളര്‍ന്ന്
ഇടിമിന്നലും മഴയുമെത്തും
മരം
രണ്ടായും നാലായും പിളരും

അടുപ്പു കത്തിക്കും നേരത്ത്
എന്റെ മക്കളുടെ അമ്മ
നടുങ്ങുന്നതെന്തിനാണാവോ?
പൊള്ളി തിളയ്ക്കുമ്പോഴും
വെന്തു മണക്കുമ്പോഴും
ഗ്യാസ് മീറ്ററിന്റെ ചക്രപ്പല്ലില്‍
മൈനക്കുഞ്ഞിന്റെ ചിറകു മുറിയുമോയെന്നു
ഉള്ളുരുകുന്നതെന്തിനാണാവോ?
രണ്ടു ചിറകില്‍
മട്ടുപ്പാവും മേഘവും മരങ്ങളും കൊത്തി
പറന്നെത്തുന്ന
മൈനക്കുഞ്ഞിന്റെ അമ്മയും
എന്റെ മക്കളുടെ അമ്മയും
മിണ്ടിയും പറഞ്ഞും
കൂട്ടുകാരികളുടെ പേരു ചൊല്ലി വിളിക്കുമ്പോള്‍
അടുക്കള കാടാണെന്നും
കാടാകെ മരങ്ങളാണെന്നും
മരം പൂത്തതു മൈനകളാണെന്നും
മൈനക്കുഞ്ഞും എന്റെ മക്കളും
കാടു കയറുമ്പോളാണ്
എന്റെ നെഞ്ചില്‍
വേടന്റെ അമ്പു തറയ്ക്കുന്നത്

Labels: 

 
14വായന:
 • Blogger നസീര്‍ കടിക്കാട്‌

  ........
  ........ തിരിഞ്ഞു നോക്കി
  അതാ മുറ്റത്തൊരു മൈന

   
 • Blogger ഏ.ആര്‍. നജീം

  ഏതു വിഷയവും മനോഹരമായ കവിതയായി രൂപപ്പെടുത്താനുള്ള നസീറിന്റെ കഴിവിന്റെ നല്ലൊരു ഉദാഹരണമായി ഇതും ...

  ഏതോ പ്രൈമറി ക്ലാസിലെ ഒരു പാഠം ഈ കവിത കണ്ടപ്പോള്‍ വീണ്ടും ഓര്‍മ്മയിലെത്തി.. "കാട്ടുതീയില്‍പെട്ട കുരുവി" എന്നോ മറ്റോ ആയിരുന്നു കവിതയുടെ പേര്...തള്ളപക്ഷി കൂട് വിട്ടു ആഹാരം തേടി പോയിക്കഴിഞ്ഞു ആ കിളിക്കൂട്‌ നില്‍ക്കുന്ന മരം ഉള്‍പ്പെടെ കാട്ടുതീയില്‍ പെടുന്നതും രക്ഷപെടാന്‍ മാര്‍ഗമില്ലാതെ ആ കുഞ്ഞു പക്ഷികളുടെ ദുഖവും ഒക്കെ ആയിരുന്നു കവിത തന്തു. ടീച്ചര്‍ മനോഹരമായി കവിത അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ നിറഞ്ഞ കണ്ണുകളോടെ ഞങ്ങള്‍ ടീച്ചറോട്‌ "ആ പക്ഷികള്‍ രക്ഷപെട്ടോ ടീച്ചറെ" എന്ന് ചോദിച്ചതും ഞങ്ങളുടെ വിഷമം കണ്ടു "ആ മരത്തില്‍ മാത്രം തീ പിടിച്ചില്ല" എന്ന് ഞങ്ങളെ സമാധാനിപ്പിച്ചതും ഒക്കെ സാന്ദര്‍ഭികമായി ഓര്‍ത്തുപോയി

   
 • Blogger savi

  നന്നായിട്ടുണ്ട് .ഇഷ്ടമായി .

   
 • Blogger റ്റോംസ് കോനുമഠം

  കാടു കയറുമ്പോളാണ്
  എന്റെ നെഞ്ചില്‍
  വേടന്റെ അമ്പു തറയ്ക്കുന്നത്

   
 • Blogger Kalavallabhan

  കാച്ചിക്കുറുക്കാമായിരുന്നു.

   
 • Blogger സോണ ജി

  This comment has been removed by the author.

   
 • Blogger സോണ ജി

  പല കവികളും ,Writters Block -നേരിടുന്ന ഈ കാലയളവില്‍ തുരു തുരെ...കവിത മഴ ചൊരിയുന്ന ശ്രീ നസീര്‍ എനിക്ക് വിസ്മയം ആണ്. നന്ദി

   
 • Blogger M.R.Anilan -എം. ആര്‍.അനിലന്‍

  അടുക്കള കാടാണെന്നും
  കാടാകെ മരങ്ങളാണെന്നും
  മരം പൂത്തതു മൈനകളാണെന്നും
  മൈനക്കുഞ്ഞും എന്റെ മക്കളും
  കാടു കയറുമ്പോളാണ്
  എന്റെ നെഞ്ചില്‍
  വേടന്റെ അമ്പു തറയ്ക്കുന്നത്-
  അപാര മൗലികത ,അഭിനന്ദനങ്ങൾ!

   
 • Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

  ഒറ്റ മൈന...

   
 • Blogger മാണിക്യം

  അടുപ്പു കത്തിക്കും നേരത്ത്
  എന്റെ മക്കളുടെ അമ്മ
  നടുങ്ങുന്നതെന്തിനാണാവോ?

  മക്കളെ പറക്കമുറ്റും വരെ വളര്‍ത്തി എടുക്കുന്ന കാലത്തോളം അമ്മയുടെ നെഞ്ചിലെ പിടച്ചില്‍ .....
  മനോഹരമായ ഒരു കവിത.
  അഭിനന്ദനങ്ങൾ!

   
 • Blogger അനൂപ്‌ കോതനല്ലൂര്‍

  കാടു കയറുമ്പോളാണ്
  എന്റെ നെഞ്ചില്‍
  വേടന്റെ അമ്പു തറയ്ക്കുന്നത്.
  മനോഹരമായ ചിന്തകളാണ് ഒരോ വരികളും മനസ്സിൽ വരച്ചിടുന്നത്.

   
 • Blogger Mahi

  ithu vayikumpol eniku thirichu kittunnunt enik njanumayulla bandangal

   
 • Blogger ചാരുദത്തന്‍‌/Charudathan

  കൂരമ്പുകള്‍ക്കിടയില്‍ നിന്നും കൂറ്റന്‍ കൊക്കുകളുടെ വാള്‍ത്തലകളില്‍ നിന്നും കൃത്യമായി കൂടെത്തിച്ചിരുന്നത്, കറുത്തു നീലിച്ച, കണ്ണുതുറക്കാത്ത ഒരു കൂട്ടം പ്രാര്‍ത്ഥനാഗീതികളായിരുന്നു.
  അമ്മമൈന, നസീറിന്‍റെ ചരിത്രനിയോഗമാണ്‌. കാഴ്ചകള്‍ക്കുള്ള ഉള്‍ക്കരുത്ത് നിലനിറുത്തുക.
  സ്നേഹാശംസകള്‍!

   
 • Blogger നന്ദിനിക്കുട്ടീസ്...

  നസീർക്കാ നാലു മൈനയാക്കി ഇരട്ട മൈനയാക്കാമായിരുന്നു...

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007