അയലു കെട്ടാനിടമില്ലാത്ത മുറിയില്‍ നിന്നു താഴേക്കും മുകളിലേക്കും
May 14, 2010


മുറിയിലെ ജനാലകള്‍ ഞാന്‍ തുറന്നിടുകയെന്നാല്‍
ജനാലവിരി ഞാന്‍ തന്നെ വലിച്ചു കീറുകയെന്നാല്‍
ഇതെല്ലാം
ഏതു ജനാലയിലും എപ്പോഴും കാണുന്നുണ്ടല്ലോയെന്ന്
മറ്റൊരാള്‍
പുറത്തെ വെയിലിലും മഞ്ഞിലും മഴയിലും
വെറുതെയിങ്ങനെ നോക്കി നില്‍ക്കുമ്പോള്‍
ഞാനോ നീയോ ആവട്ടെ
ജീവിതം ജീവിതമെന്ന് പണി കഴിഞ്ഞോടി വന്ന്
ഉടുത്തതൊക്കെ ഒന്നൊന്നായി അഴിച്ചിടുമ്പോള്‍
അതേ ജനാലയിലൂടെ പുറത്തേക്കേടുത്തു ചാടുമ്പോള്‍
എട്ടോ പത്തോ നിലകളുള്ള കെട്ടിടടത്തിനു താഴെയും
ഒരു മുരിങ്ങയോ ബദാം മരമോ ഉണ്ടായിരിക്കണം

വെയിലും മഴയും മഞ്ഞും തട്ടിത്തെറുപ്പിച്ച്
ചാടിമരിച്ച ജനാലയിലൂടെത്തന്നെ
എനിക്കും മറ്റൊരാളെ നോക്കി നിന്നാലെന്താ?

അങ്ങോട്ടോ ഇങ്ങോട്ടോ മറ്റൊരു കെട്ടിടത്തിന്റെ
ജനാലയിലേക്കു മാറി നില്‍ക്കുമ്പോള്‍
മറ്റൊരു മരത്തിന്റെ മറവിലാണെന്നു ഇല നുള്ളുമ്പോള്‍

പല നിലകള്‍

ഇലക്കറിയായാലും
ആടോ കോഴിയോ മീനോ പോത്തോ
പല മണം കറി വെക്കുന്ന ജനാലകള്‍
ആണെന്നും പെണ്ണെന്നുമില്ലാതെ
ഉടുത്തതെല്ലാം ഒന്നൊന്നായി അഴിച്ചിടുന്നതും
താഴേക്കു ചാടിച്ചാവുന്നതും കാണുമ്പോള്‍

ജനാലയ്ക്കു പുറത്ത് എന്തൊരാള്‍ക്കൂട്ടമെന്ന്
എത്തിനോക്കുന്ന മറ്റൊരാള്‍
കെട്ടിടങ്ങള്‍ക്കിടയിലൂടെ അകത്തേക്കോ പുറത്തേക്കോ
അങ്ങോട്ടു മാറി ഇങ്ങോട്ടു മാറി
അങ്ങോട്ടു നോക്കി ഇങ്ങോട്ടു നോക്കി

എന്തിനാടോ ഇങ്ങിനെ നുണ പറയുന്നതെന്ന്
അഴിച്ചഴിച്ചു തീരാതെ അടിക്കുപ്പായങ്ങള്‍

തുറന്നാലും തുറന്നാലും ചാടിച്ചാവാനാവാത്ത ജനാലകള്‍


 

 
5വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007