അയ്യപ്പേട്ടന്‍
Jun 2, 2010

ചുവന്ന കുന്ന്

കേശവേട്ടനെന്ന പേര് നാവിന് എളുപ്പത്തില്‍ വഴങ്ങും.കണികണ്ടുണരുന്നതു കൊണ്ടാവാം.സ്കൂളില്‍ പഠിക്കുന്നതു കൊണ്ടാവാം.കള്ളുഷാപ്പിലേക്കു പണിക്കുപോകുന്ന കേശവേട്ടന്‍ പ്രത്യയശാസ്ത്രങ്ങളില്ലാതെ കണിയായത്.എട്ടാം ക്ലാസ്സിലെ പരീക്ഷിക്കിടയില്‍ മുകുന്ദന്റെ മയ്യഴി വായിച്ചു തീര്‍ക്കുമ്പോള്‍ കടലുമാകാശവും ആദ്യമായി ഒന്നിച്ചു കണ്ടു.നക്ഷത്രങ്ങളെ മാത്രമല്ല,ചന്ദ്രനേയും സൂര്യനേയും മടുത്തു.രാത്രിയും പകലും മടുത്തു.പത്താംക്ലാസ്സു ജയിച്ചിട്ടും സിഗരറ്റു വലിക്കാന്‍
പഠിച്ചില്ലല്ലോയെന്ന് നാണം കെട്ടു.കേശവേട്ടന്‍ ജനലില്‍ വന്നു മുട്ടാന്‍ തുടങ്ങി.ചിന്തയും ദേശാഭിമാനിയും തന്നു.പ്രീ ഡിഗ്രിക്ക് വൈലോപ്പിള്ളിയുടെ കുടിയൊഴിക്കല്‍ പാഠമായി.പ്രീ ഡിഗ്രിക്ക് കുന്നംകുളത്തെ പ്രിയ ടൈലേഴ്സില്‍ നിന്നു തുന്നിച്ച ബെല്‍‌ബോട്ടം പാന്റിട്ടപ്പോള്‍ ദാ,പിന്നെയും നാണം....നാണിച്ചു നാണിച്ച് ഞാന്‍ കാലുമാറി.കോണ്‍‌ഗ്രസ്സില്‍ നിന്നു കമ്മ്യൂണിസത്തിലേക്ക്!ബെല്‍‌ബോട്ടമല്ലെ,കാലുകള്‍ ആരു കാണുന്നു?


അരിയന്നൂര്‍ കുന്നത്താണു കോളേജ്

കുന്നിന്‍‌മുകളില്‍ നിന്നു പിന്നോട്ടിറങ്ങിയാല്‍ ദാ,കള്ളുഷാപ്പ്.കേശവേട്ടനെ ഓര്‍മ്മ വരും.ചിന്തയുണരും.ദേശാഭിമാനം വെയിലു പോലെ കത്തും.താഴെ ചരലാണ്.ചുവന്ന ചരല്‍ മണ്ണ്.ചുവപ്പല്ലേ ചുവപ്പല്ലേയെന്നു ചോര നീറും.ചരല്‍‌വഴികള്‍ക്കിടയിലെ കശുമാവുകള്‍ പൂത്തു പഴുത്ത് ദാ,പിന്നേയും ചുവപ്പ്....പിന്നെയും കാലുമാറി.കേശവേട്ടനെ ശപിച്ചുശപിച്ച് നക്സലൈറ്റായി.മുണ്ടുടുക്കാന്‍ തുടങ്ങി.കണ്ടോടാ കണ്ടോടായെന്നു മടക്കിക്കുത്തി.കണ്ടാണശ്ശേരി ബസ്‌സ്റ്റാന്റില്‍ നിന്നു തൃശ്ശൂര്‍ക്കു ബസ്സു കയറാന്‍ പഠിച്ചു.പാഥേര്‍ പാഞ്ചാലിയെന്ന സിനിമ കണ്ടു.”തോറ്റങ്ങള്‍”ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു.കുട്ടാടന്‍ പാടം പോലെ,കിഴക്കന്‍ പുഞ്ചയും കണ്ടു വളര്‍ന്നതുകൊണ്ടാവാം,ചിറ പൊട്ടിയെന്ന് നിലവിളിച്ച് ഒരു പാതിരാക്കിനാവില്‍ ഞെട്ടിയുണരുമ്പോള്‍ അയ്യപ്പേട്ടായെന്നു വിളിച്ചു.കേശവേട്ടായെന്ന പോലെ അയ്യപ്പേട്ടനും നാവിന് എളുപ്പം വഴങ്ങി.


കുന്നിനു താഴെ കണ്ടാണശ്ശേരി

കുന്നിറങ്ങിയാല്‍ കണ്ടാണശ്ശേരിയായി.അരിയന്നൂര്‍ക്കുന്നിലവശേഷിക്കുന്നത് കശുമാവുകളുടെ ആര്‍ക്കും വേണ്ടാത്ത കൊമ്പുകള്‍.നന്തനാരുടെ പട്ടാളക്കഥ ഉറക്കമൊഴിച്ചു പഠിച്ചിട്ടും ഒരു ചോദ്യത്തിനും ഉത്തരമെഴുതാനായില്ല.ഒന്നാം കൊല്ലം രണ്ടാം ഭാഷയില്‍,മലയാളത്തില്‍ തോറ്റു.ഡോക്ടറാവാന്‍ സെക്കന്റ് ഗ്രൂപ്പെടുത്തവന്‍ തൂങ്ങിച്ചത്താലോയെന്ന് കശുമാവിന്റെ കൊമ്പുനോക്കി നോക്കി പലവട്ടം കുന്നിറങ്ങി.ഓരോ വട്ടവും കുന്ന് കുടക്കല്ലിന്റെ കടയ്ക്കലെന്നെ ഉപേക്ഷിച്ചു.കല്ലു മാന്തി.ചരലു മാന്തി.ശവങ്ങളലിഞ്ഞു ചേര്‍ന്ന മണ്ണ് കാട്ടി,മുനിമടയുടെ അരുകത്തിരുന്ന് അയ്യപ്പേട്ടനെന്നെ ശകാരിച്ചു.രണ്ടാം കൊല്ലം ഞാന്‍ മലയാളം മാത്രം പഠിക്കാന്‍ തുടങ്ങി.ചത്തുകെട്ട ജീവന്‍ തിരിച്ചെടുക്കും പോലെ അ എന്ന് ആദ്യാക്ഷരം ചരലിലെഴുതി.അയ്യപ്പേട്ടന്‍ ഗുരുവായി.എനിക്ക് കോവിലനുണ്ടായി.

A മൈനസ് B

മുരുകന്‍ നാടകം കളിച്ചു.ഉദയശങ്കര്‍ ചിത്രം വരച്ചു.വാസുദേവന്‍ കവിതയെഴുതി.ബഷീര്‍ മേച്ചേരി കഥയെഴുതി.ഞാനങ്ങിനെ കുന്നിറങ്ങിയും കയറിയും.....പൊറ്റക്കാടിന് ജ്ഞാനപീഠം കിട്ടി.കോവിലന്‍ ചാരുകസേരയില്‍ നിവര്‍ന്നു കിടന്നു.എന്നെങ്കിലുമൊരു പാതിരായ്ക്ക് മുനിമടയില്‍ തപസ്സിരിക്കണമെന്നു വെയിലു പോലൊരുസ്വപ്നം ഞാന്‍ കൂടെക്കൊണ്ടുനടന്നു.പുലര്‍ച്ചെ അയ്യപ്പേട്ടനെ കണികാണാമെന്ന് സ്വയം അടക്കിപ്പിടിച്ചു.അരിയന്നൂര്‍ കുന്നിലിരുന്ന് പടിഞ്ഞാട്ട് താഴോട്ടു നോക്കുമ്പോള്‍ ചുവന്ന മണ്ണു കണ്ടു.കിഴക്കോട്ട് മേലോട്ടു നോക്കുമ്പോള്‍ മറ്റം പള്ളിയിലെ കുരിശു കണ്ടു.സയന്‍സ് മടുത്തു.കൂറയുടേയും,തവളയുടേയും വിഭജിക്കപ്പെട്ട ശരീരം മടുത്തു.തോറ്റു.തോറ്റവരുടെ പാട്ടു പോലെ “തോറ്റങ്ങള്‍”കൂടെക്കൂടി.പിളരുന്ന സ്വപ്നങ്ങളില്‍ നിന്ന് പല കാലങ്ങള്‍ ഞെട്ടിയുണര്‍ന്നു.പല ചിറ പൊട്ടി.പല ജലം കുത്തിയൊഴുകി.പല പാടങ്ങള്‍ മുങ്ങി.പഠിച്ചു തീര്‍ന്നെന്നു കുന്നിറങ്ങുമ്പോള്‍ ത്വക്കിലടക്കിപ്പിടിച്ച മാഗസിനില്‍ ബഷീര്‍ മേച്ചേരിയുടെ തലക്കെട്ട് മുങ്ങിപ്പോവാതെ,ദാ കിടക്കുന്നു:“നിര്‍ഭയനായ ഗ്രാമീണന്റെ സത്യമൊഴികള്‍”കുറെ കൊല്ലങ്ങള്‍ക്കു ശേഷം

കോവിലന്‍ മരിച്ചു.അയ്യപ്പേട്ടന്‍ എനിക്കൊരോര്‍മ്മയല്ല."ആള്‍ക്കൂട്ട"ത്തിനിടയിലെ സ്വത്വാന്വേഷണങ്ങള്‍ക്കിടയില്‍ ഞാനും ചത്തുകെട്ടു പോകുമ്പോള്‍,അപ്പോള്‍ മാത്രം ചാക്കില്‍ കെട്ടി വെച്ച വിത്തു പോലെ കോവിലന്‍ എനിക്ക് ഓര്‍മ്മയാകും. 

 
4വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007