മര(രി)ച്ചില്ല
Aug 21, 2010
ദൈവമൊരുനാള്‍
വിരല്‍
കടം ചോദിച്ചു.
പാവം,
വരച്ചും മായ്ചും
പത്തു വിരലും
മടുത്തിട്ടാവും.

പെരുവിരല്‍ തരില്ല,
ഈമ്പിയീമ്പി കുടിക്കുവാന്‍
അമ്മിഞ്ഞയെന്നമ്മ
സത്യം ചെയ്യിച്ചതാണ്
മാറ് ചുരത്തിയതാണ്
ചൂടാറിയിട്ടില്ല.

ചൂണ്ടുവിരല്‍ തരില്ലൊട്ടും
പലവഴി ചൂണ്ടി
ദിക്കുകള്‍ കൊത്തും കൊക്ക്
കിളി മകള്‍
ദേശാടനത്തിന്‍ നെറുകയിലെ
ഉമ്മയുമ്മ...
തരില്ല.

നടുവിരലില്‍ ചാരുകസേര
അച്ഛനുറക്കമാണ്
ഒച്ച വേണ്ട
കഥ കേള്‍ക്കണമെന്നു-
തൊട്ടുണര്‍ത്തേണ്ട
ഒറ്റച്ചവിട്ടെന്നു
പഴി കേള്‍ക്കേണ്ട.
തൊട്ടുപോകരുത്,
നടുവിരല്‍.

മോതിരവിരലില്‍
അവളുടെ പേരു കൊത്തിയ
സ്വര്‍ണ്ണം തിളയ്ക്കുന്നു.
വിളിച്ചാല്‍ വിളിപ്പുറത്ത്
കരച്ചിലിന്‍ പാതി.
മറ്റാരും,
ദൈവമായാലും
തൊടൊല്ലെ
തൊട്ടു വാടിക്കൊല്ലെ.

ചെറുവിരലില്‍ തൂങ്ങി
പേരക്കുഞ്ഞ്
പിച്ചാ പിച്ചാ...
നൂറായിരം ചോദ്യം
ദൈവമേ,
നിനക്കും ഉത്തരം മുട്ടും.
വേണ്ട,
പേരക്കുഞ്ഞിനെ തൊടേണ്ട
പോ പൂതമേ

കൊതിക്കെറുവില്‍
ദൈവമൊരുനാള്‍
കൈ രണ്ടും
കട്ടെടുത്തു.

Labels:



 

 
10വായന:
  • Blogger നസീര്‍ കടിക്കാട്‌

    കൊതിക്കെറുവില്‍
    ദൈവമൊരുനാള്‍
    കൈ രണ്ടും
    കട്ടെടുത്തു.

     
  • Blogger ഏറനാടന്‍

    കൈവെട്ട് സംഭവം? അതിലും ഇര മരിച്ചില്ല. ഈ മര(രി)ച്ചില്ല നന്നായി. കവിത ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്.

     
  • Blogger ജസ്റ്റിന്‍

    ദൈവം തന്നു ദൈവം എടുത്തു. അങ്ങനെ പറയാമല്ല്ലോ അല്ലെ.

    നല്ല വരികളിലൂടെ ഒരു കഥ തന്നെ പറഞ്ഞിരിക്കുന്നു. ഈ നല്ല വാ‍യനക്കു നന്ദി.

     
  • Blogger ഉപാസന || Upasana

    നന്നായി ഭായ്
    :-)

     
  • Blogger മുകിൽ

    കടുംകയ്യായിപ്പോയല്ലോ ദൈവമേ..
    ഓണാശംസകൾ.

     
  • Blogger അനൂപ്‌ .ടി.എം.

    പൂതമൊരുന്നാള്‍
    കൈ രണ്ടും
    കട്ടെടുത്തു..!
    ഓണംശസകള്‍..

     
  • Blogger M.R.Anilan -എം. ആര്‍.അനിലന്‍

    കൊതിക്കെറുവില്‍
    ദൈവമൊരുനാള്‍
    കൈ രണ്ടും
    കട്ടെടുത്തു.
    -മനുഷ്യരാരേലുമായിരുന്നെങ്കിൽ കൈ വെട്ടിയെടുത്തേനെ. ദൈവം എത്ര നല്ലവൻ!

     
  • Blogger Deepa Bijo Alexander

    ദൈവമേ...!

     
  • Blogger naakila

    ദൈവം കട്ടെടുക്കുന്നു
    മനുഷ്യന്‍ വെട്ടിയും

     
  • Blogger Unknown

    ഒരു കവിതയില്‍ അല്ല
    ഒരു വരിയിലും അല്ല
    ഒരു വാക്കിലും അല്ല
    ഓരോ അക്ഷരത്തിലും ഓരോ കവിത ....

    ശ്രദ്ധിച്ചു വായിച്ചില്ല എങ്കില്‍ .............ദൈവത്തെ വിളിച്ചു പോവും അറിയാതെ ...

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007