നാട്ടുവരക്കോപ്പി
Sep 14, 2010



1


ഒരു ദിവസം

അതിരില്‍ കവിത മുളച്ചു,
ഇലമുളച്ചി.
കണ്ണടച്ച് മുളനീട്ടും
മുള പൊട്ടിയൊലിച്ചിലയാകും.

“അതിര് കടക്കുന്നോരേ
അരുതരുത്...”
പദങ്ങളില്‍ കൊത്തി
പത്തി താഴ്ത്തും
പഴം തിന്നും പാമ്പ്.

കാതോര്‍ത്തു നിന്നാല്‍
പതിഞ്ഞു കേള്‍ക്കുന്നതോ
വിഷം തീണ്ടി നീലിച്ച
പാലാഴികള്‍ ?

അതിരിലെക്കവിത
ഇലമുളച്ചി
കൊമ്പില്ല ചില്ലയില്ല
പൂവില്ല കായില്ല

ആര് നട്ട കണ്ണീര്,
അതിരിലീ ഇല
ഇലയിലീ മുള ?

*മുള്ളുവേലിയും മുളങ്കൂടും മാഞ്ഞുപോയ അതിരിലെ
മതില്‍ക്കെട്ടിന്






2

ഒരു ദിവസം

ഇറയത്ത്
കാത്തുകാത്തിരുന്നു.

കുഴിയാന
കൊമ്പുകുലുക്കി
ചിന്നം വിളിച്ച്
മദം പൊട്ടിവന്നു.

തുമ്പിക്കൈയില്‍
ചുഴറ്റിയെറിഞ്ഞു
കൊമ്പില്‍ കോര്‍ത്ത്
കാല്‍ക്കീഴില്‍
മണ്ണോടു ചേര്‍ത്ത്
തുണ്ടം തുണ്ടമാക്കി.

കൈയും കാലും
അരയും നെഞ്ചും
കണ്ണും ചെവിയും പെറുക്കി,
കണ്ണില്‍ ചെവി
നെഞ്ചിലരക്കെട്ട്
കാലില്‍ കൈ
തുന്നിത്തുന്നി...

എന്റെ മക്കള്‍
അനുജന്റെ മക്കള്‍
പെങ്ങന്മാരുടെ മക്കള്‍
മദം പൊട്ടിയേയെന്ന്
ആര്‍ത്തു ചിതറി!

* കുട്ടിക്കാലം പെറുക്കി എന്നേയും വീടിനേയും
കീഴ്മേല്‍ മറിച്ച വീട്ടിലെ കുട്ടികള്‍ക്ക്






3

ഒരു ദിവസം

മിന്നാമിനുങ്ങ് ചോദിച്ചു:
രാത്രി കണ്ടിട്ടുണ്ടോ,
ഇരുട്ടത്തിരിക്കും വീട്
മരത്തിന്‍
ആകാശക്കൊമ്പ് കാണുമ്പോലെ...
ഇരുട്ടത്തിരിക്കും മരത്തിന്‍
താഴേക്കൊമ്പ്
തൊട്ടപ്പുറത്തെ വീട്ടിലേക്ക് നടക്കുമ്പോലെ...

ചോദിച്ചു ചോദിച്ച്
മിന്നാമിനുങ്ങ്
കറുത്തവരുടെ പാട്ട് മൂളി
ഓടിയൊളിക്കുവാനുള്ള
ഓട്ടയാണിരുട്ടെന്ന രാഗത്തില്‍

ഓര്‍ത്തെടുക്കാനാകാത്ത രാത്രിയോ,
നിഴലിരുട്ട് വലിച്ചു നീട്ടിയും
ചുരുട്ടിയും
ഈ പകല്‍ ?

*ആലത്തൂരെ കൃഷ്ണകുമാറിന്റെ യോഗാശ്രമത്തില്‍ രാത്രി
പറന്നുവന്ന മിന്നാമിനുങ്ങുകള്‍ക്ക്







4

ഒരു ദിവസം

കുറത്തി
തത്തയെ തോളത്ത് തൂക്കി വന്നു.
മംഗല്യയോഗം മൂന്നെന്ന്
കൈരേഖ വായിച്ച
പഴേ കുറത്തി.

ഓര്‍മ്മയുണ്ടോ തത്തേ?
വയസ്സി തത്ത
അഴികളില്‍ കൊത്തി
കൂട്ടില്‍ തിരഞ്ഞു
കരഞ്ഞു.

ചീട്ടെടുത്തു,
ആറു വയസ്സുകാരന്‍ മകന്
ഗണപതി
പിതൃയോഗം മൂന്ന്

വയസ്സന്‍ തന്ത ഞാന്‍
അഴികളില്‍ കൊത്തി.
കൂട്ടില്‍
കൊച്ചുമക്കളെ തിരഞ്ഞു
കരഞ്ഞു.

*മഞ്ചേരിയില്‍ നിന്ന് കുന്നിറങ്ങി വന്ന
തത്തയ്ക്കും,കുറത്തിക്കും






5

ഒരു ദിവസം

രാത്രി
കാട് വകഞ്ഞ്
ആനയലറി.

ഇരുട്ടില്‍
ഒന്നേ നോക്കിയുള്ളൂ,
കാവല്‍ നിന്ന മലകള്‍
കാറ്റു തിന്ന് ഓടിനടന്ന മരങ്ങള്‍
ഉറക്കം പിടിച്ച മാനുകള്‍
ഒളിച്ചിരുന്ന കുരങ്ങുകള്‍ ...
കാണുന്നില്ലാരെയും,
ഓടിപ്പോയല്ലൊ
പേടിത്തൂറികള്‍ !

കാടില്ല
കാട്ടിലെ കോലായില്ല.

വാതിലടച്ച്
വിറച്ച്
തണുത്ത്
വിയര്‍ത്ത്
ആനയെപ്പേടിച്ച്
ആശാരി ഉളിയുരയ്ക്കുന്നു.

മരം മുറിക്കുവാന്‍
മരം കൊത്തുവാന്‍
രാത്രിയൊന്നു രാത്രിയാവട്ടേയെന്ന്
കോലായിലിരുന്ന ആശാരീ,
പേടിക്കു പേടിയായ് ഞാനുണ്ട്,
മുയല്‍ .

വാതിലടച്ച്
വിറച്ച്
തണുത്ത്
വിയര്‍ത്ത്
ഓര്‍മ്മയിലെ ഇല തിന്നുതീര്‍ക്കുന്നു...

ഒരു നാരകച്ചെടി മാത്രം
കാട്ടില്‍ ബാക്കിയാകുന്നു.

*ഗൂഡല്ലൂര്‍ കാട്ടിലെ പാതിരാക്ക് ആനയലര്‍ച്ച കേട്ട്
പുറത്തേക്കോടാനാവാതെ അകത്തേക്കോടിയ അനിലിന്,എനിക്ക്,
കാട്ടുമുറ്റത്തെ നാരകച്ചെടികള്‍ക്ക്







6

ഒരു ദിവസം

പുലര്‍ച്ചെ
ജൂതത്തെരുവില്‍
ഒരു കരിമീന്‍
കൈവീശി
കാലുകള്‍ നീട്ടിവെച്ച്
നടന്നു പോകുമ്പോള്‍

പുലര്‍ച്ചെ
ജൂതത്തെരുവില്‍
ബര്‍മുഡയും,തൊപ്പിയുമിട്ട്
വഴി തെറ്റി നില്‍ക്കുന്നു,ഞാന്‍

വീട്ടിലേക്കുള്ള വഴിയേതാ?

കരിമീന്‍ കണ്ണുരുട്ടി.
ഭൂമിയോളം പോന്ന-
നാലഞ്ചു ചെതുമ്പലുകല്‍
പൊഴിച്ചു.
കടലിലേക്ക് തുഴഞ്ഞു.

ഞാനൊന്ന് പിടഞ്ഞു

ചീനവലയില്‍
എല്ലാ വഴികളും
കടലിലേക്കായി!

*ഫോര്‍ട്ട് കൊച്ചിയിലെ രാത്രി ഉറക്കം കിട്ടാതെ വീടേ വീടേയെന്നോര്‍ത്ത് ,
ഇറങ്ങിനടന്ന പുലര്‍‌കാലത്തെ വഴികള്‍ക്ക്







7

ഒരു ദിവസം

നഗരത്തില്‍
കാഴ്ചയില്ലാത്തവരുടെ അനാഥാലയത്തില്‍
പട്ടിണിയുടെ കൊട്ട്
മുറുകിയ തുകലിന്റെ ശബ്ദത്തില്‍ ...

തുകലുകൊട്ടുവാന്‍
വിശന്നുമരിച്ചവരുടെ
മരവിച്ച വിരലുകള്‍ വേണ്ടേയെന്ന്
ചെണ്ട പെരുകി.

കാണാത്തവന്
വിശപ്പില്ല
ഭാഷയില്ല
ചെവി വേദനയില്ല.
മൃഗം,
മൂക്ക് തുറന്നിരിക്കും
മണം പിടിക്കും.

ബുള്ളറ്റുകള്‍
പാഞ്ഞുപോകുന്ന
തുളച്ചു കയറുന്ന മണം,
അവളുടെ മണം...

ഉയര്‍ത്തിപ്പിടിച്ച ജനനേന്ദ്രിയം
അവളുടെ അരക്കെട്ടില്‍ ചേര്‍ത്ത്
ഇതാ,തോക്ക്...

തോക്ക്,
അന്ധരുടെ അനാഥാലയത്തില്‍ പൊട്ടും.

കണ്ണ്,
ചോര വാര്‍ന്നു മരിക്കും
കെട്ടിപ്പുണരും

മുറുകിയ തുകലിന്‍ മിടിപ്പില്‍
ഒരു കാമുകന്
കാഴ്ച കിട്ടും!

*“blindness" എന്ന സിനിമ കണ്ടിറങ്ങിയപ്പോള്‍
തൃശ്ശൂരെ സ്വരാജ് റൌണ്ടില്‍ മനുഷ്യരും,വാഹനങ്ങളും അന്ധരായിരുന്നു.
അവര്‍ക്ക്







8


ഒരു ദിവസം

ഉണര്‍ന്നപ്പോള്‍ ,
പൂച്ച കടക്കല്ലേയെന്ന്
കൊട്ടിയടച്ച ജനാലയില്ല.
അടച്ചു താഴിട്ട
വാതിലില്ല.
അപ്പുറത്തെ ഇരിപ്പുമുറിയില്ല
ഇപ്പുറത്തെ അടുക്കളയില്ല
മുറ്റവും പറമ്പുമില്ല.

കിടക്കുമ്പോള്‍ കണ്ടതാണ്,
ചുവരില്‍ ഒരു പല്ലി
ഇരപിടിച്ച് ഓടിനടക്കുന്നത്.

മുറിഞ്ഞുവീണ പല്ലിവാലാണ്
ഉണര്‍ന്നു കിടന്ന്
പിടയുന്നത്.

*ചുവരില്‍ കണ്ടുമുട്ടാറുള്ള പല്ലികള്‍ക്ക്






9

ഒരു ദിവസം

കടലും പുഴയും
കുളവും തോടും
മേഘങ്ങളിലേക്ക് പോകുവാന്‍
നേരം കിട്ടിയില്ലെന്ന്
കരഞ്ഞു വിളിച്ച്
ധൃതിയില്‍
മുകളിലേക്കു പെയ്യുവാന്‍ തുടങ്ങി.

നാടും വീടും
പുല്ലും മരവും
കീഴ്മേല്‍ മറിഞ്ഞു,
മഴ കൊണ്ടു.

കിളികള്‍
മലര്‍ന്നു പറന്നു.

തലകുത്തി നിന്ന്
ആകാശത്ത്
കടലാസ് വഞ്ചിയൊഴുക്കും
കുട്ടികളേ,
പെരുമഴയില്‍ കാലു നനയേണ്ട
പനിക്കേണ്ട!

*കാലം തെറ്റിവന്ന ചില മഴകള്‍ക്ക്







10


ഒരു ദിവസം

ഞാനും കാട്ടിലെത്തും
മരങ്ങളുടെ പേര് പഠിക്കും
ഇലകളുടെ നിറം പഠിക്കും
പക്ഷികളുടെ പാട്ട് പഠിക്കും
മൃഗങ്ങളുടെ അലര്‍ച്ച പഠിക്കും
അസ്ത്രമുനയുടെ മൂര്‍ച്ച പഠിക്കും.

മയിലേ,
കാട് നിനക്കു മറപ്പുര.
പീലി വാരിചുറ്റുന്നു നീ
കണ്ണെഴുതുന്നു നീ

മേഘങ്ങള്‍ വാരി
കാറ്റ് മലകടക്കുമ്പോള്‍
മുടിയഴിച്ചിട്ട്
ഉലഞ്ഞുകരയും മയിലേ
നിന്റെ പീലിക്ക്
കറുപ്പ്,
കര്‍ക്കിടകത്തില്‍ സീത നീ.

എനിക്കു കൂട്ടിന്
കൂടെപ്പിറപ്പില്ല.
കാട്ടിലെന്റെ അസ്ത്രമുന
ഉന്നം പിഴച്ച്
ജലത്തുള്ളിയുടെ
നെഞ്ച് പിളരുമ്പോള്‍
മഴയ്ക്ക്
പത്തു തല!

*എഴുത്തച്ഛന്‍ രാമായണത്തിലെ ആരണ്യകാണ്ഡം നിവര്‍ത്തി വായിച്ച മഴദിവസത്തിന്


 

 
15വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007