ഒരു പാതിരാ കൊലപാതകം
Oct 1, 2010
ആരെങ്കിലുമറിഞ്ഞോ,
നിലാവ്‌ വന്നത്‌
മരങ്ങള്‍ ഞെട്ടിയെണീറ്റത്‌
ഇലകള്‍ പിച്ചും പേയും പറഞ്ഞത്‌
കിളികള്‍ വാപൊത്തി ചിരിച്ചത്‌?

"ഞാനറിഞ്ഞു"
നിലാവ്‌ കൊത്തിതിന്നുകയാണ്‌
കോഴി.

"ആരാടാ കോഴിയെ തുറന്നുവിട്ടത്‌?"
"നിലാവ്‌"
കോഴി നീട്ടിക്കൂവി.

"നീയല്ലെ നിലാവത്ത്‌ അഴിച്ചുവിട്ട കോഴി"
"പാതിരാക്ക്‌ പഴഞ്ചൊല്ല് വേണ്ട ...
കണ്ണ് കൊത്തിപൊട്ടിക്കും ഞാന്‍ "

നേരം വെളുത്തതറിഞ്ഞോ
നിലാവ്‌ പോയതറിഞ്ഞോ
വെയിലിലതാ
കുത്തഴിഞ്ഞ്‌
നിലാവിന്റെ കീറിയ സാരി.

ആരെങ്കിലുമറിഞ്ഞോ,
വെയില്‍ വന്നത്‌
മരങ്ങള്‍ ഞെട്ടിയെണീറ്റത്‌
ഇലകള്‍ പിച്ചും പേയും പറഞ്ഞത്‌
കിളികള്‍ വാപൊത്തി ചിരിച്ചത്‌?

"ഞാനറിഞ്ഞു"
വെയില്‍ കൊത്തിതിന്നുകയാണ്‌
കോഴി.

"കൊത്തെടാ കൊത്തിപൊട്ടിക്ക്.. "

Labels: 

 
5വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007