ഒരു ദിവസത്തെ രണ്ടായി മുറിക്കുമ്പോള്‍
Oct 16, 2010
(63 വയസ്സുകഴിഞ്ഞ വൃദ്ധന്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന അസംബന്ധസ്വപ്നം)

അങ്ങിനെയെങ്കില്‍ പാതിരാത്രിയിലായിരിക്കും
മക്കളും മരുമക്കളും പേരക്കുട്ടികളുമുറങ്ങേണ്ടേ
ഇരുട്ടത്ത് വളര്‍ത്തുപൂച്ചകള്‍ നടക്കാനിറങ്ങുമ്പോള്‍
മൂടിവെച്ച പാത്രങ്ങള്‍ കണ്ണുകൊണ്ടു തട്ടിമറിക്കുമ്പോള്‍
അന്നേരം വെളിപ്പെടും
കെട്ടിപ്പിടിച്ചു കിടക്കുന്ന രണ്ടായി മുറിഞ്ഞ ഒരു ദിവസം.

വിളിച്ചുണര്‍ത്തി നോക്കൂ,രണ്ടു ശബ്ദങ്ങള്‍ പുറത്തുവരും
രണ്ടു ദിവസങ്ങള്‍ ചാടിപ്പിടഞ്ഞ് എഴുന്നേല്‍ക്കും
രണ്ടു വെയിലുകള്‍ ഓടിക്കിതച്ചു വിയര്‍ക്കും
രണ്ടാകാശങ്ങള്‍ കമഴ്ന്നടിച്ചു വീഴും
നാലു കൈകള്‍ ആം‌ഗ്യങ്ങളാകും
നാലു കാലുകളില്‍ നടന്നു തുടങ്ങും ...

ഒരു ദിവസം,
രണ്ടു ദൈവത്തിനും രണ്ടു ചെകുത്താനുമിടയിലെ വിജനപ്രദേശമാണെന്ന്
പല്ലു തേച്ച് കുളിച്ചൊരുങ്ങി പുറത്തേക്കിറങ്ങിക്കോളൂ
തിരിഞ്ഞു നോക്കുമ്പോള്‍ രണ്ടുതല രണ്ടു വീടുകള്‍ കാണും
വഴി നീണ്ടു ചെല്ലുന്നിടം രണ്ടുവഴികള്‍ ചെന്നു മുട്ടുന്ന രണ്ടിടങ്ങളാകും
നഗരത്തിലെത്തുമ്പോള്‍ ഒരേ പേരുള്ള രണ്ടു നഗരത്തിലെത്തും
ഒരു ചൂളംവിളിയില്‍ ഒരേ പാളത്തില്‍ രണ്ടു തീവണ്ടികള്‍ വന്നുനില്‍ക്കും

ഏതു വീട്ടില്‍ നിന്നേതു വഴിയിലൂടേതു നഗരത്തിലേതു തീവണ്ടിയിലെന്ന് കണ്ണുരുട്ടി കയര്‍ത്തോളൂ,
ഞാനും ഞാനും ആരാണാരാണെന്നു തര്‍ക്കം മുറുകി കോടതിയും ന്യായാധിപനും വിധിയും രണ്ടായി മുറിയും
തൊട്ടടുത്ത ദിവസം ഒരോര്‍മ്മ രണ്ടോര്‍മ്മയാകുന്ന സുഖത്തില്‍ വൈകിയേ ഉണരൂ

വിളിച്ചുണര്‍ത്തല്ലേ ആരും തൊട്ടുണര്‍ത്തല്ലേ

Labels: 

 
10വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007